ന്യൂഡൽഹി: 22 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടങ്ങി. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ. പത്തുമണിക്ക് തന്നെ എഐസിസി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആസ്ഥാനങ്ങളിലും വോട്ടെടുപ്പ് തുടങ്ങി.
എഐസിസി ആസ്ഥാനത്ത് പി ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശാണ് രണ്ടാം വോട്ട് ചെയ്തത്. സോണിയാ ഗാന്ധിയടക്കമുള്ളവർ പതിനൊന്നു മണിയോടെ എത്തും.
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയവർ വോട്ടു ചെയ്യാനെത്തി. ശശി തരൂർ തിരുവനന്തപുരത്ത് വോട്ടു ചെയ്തു. സ്ഥാനാർത്ഥികളിൽ ആരു ജയിച്ചാലും ദക്ഷിണേന്ത്യയിൽ നിന്നാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റുണ്ടാകുക.
Also Read- കാൽനൂറ്റാണ്ടിനുശേഷം ഗാന്ധി ഇതര നേതാവ് നേതൃസ്ഥാനത്തേക്ക്
9308 പ്രതിനിധികളാണ് കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വോട്ടു ചെയ്യൽ. രാജ്യത്താകെയായി 65 പോളിങ് ബൂത്തുകളാണുള്ളത്. ഡൽഹിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിലാണ് പോളിങ് ബൂത്തുകൾ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ ഒരു പ്രത്യേക ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് രാഹുൽഗാന്ധി ഈ ബൂത്തിലാണ് വോട്ടു ചെയ്യുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെ കർണാടകത്തിലാണ് വോട്ടു ചെയ്യുക.
Congress presidential elections | Congress MPs P Chidambaram, Jairam Ramesh and other party leaders cast their votes at the AICC office in Delhi. pic.twitter.com/IUMhCjKdst
— ANI (@ANI) October 17, 2022
ഇന്ന് 4 മണിക്ക് വോട്ടു ചെയ്യാനുള്ള സമയം അവസാനിക്കും. ശേഷം ബാലറ്റുകൾ നിക്ഷേപിച്ച പെട്ടികൾ സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. പിന്നീട് പെട്ടികൾ വിമാനമാർഗം ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിക്കും. ഇവിടെ ഈ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. പെട്ടികൾ തുറന്ന് ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമാണ് വോട്ടെണ്ണൽ തുടങ്ങുക. ആകെ വോട്ടിന്റെ പകുതിയിലധികം നേടുന്നവരെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതോടെ നടപടികൾ അവസാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Congress President, Shashi tharoor