Shashi Tharoor | പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം വെല്ലുവിളി നിറഞ്ഞത്; ക്യാപ്റ്റനാവാൻ തന്നെയാണ് തീരുമാനമെന്ന് തരൂർ
- Published by:Amal Surendran
- news18-malayalam
Last Updated:
ഗാന്ധി കുടുംബം കോൺഗ്രസിൻെറ അവിഭാജ്യഘടകമാണെന്ന് തരൂർ.
കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർഥികളിൽ ഒരാളായ ശശി തരൂർ നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ അഭ്യർഥിച്ച് സംസ്ഥാനങ്ങളിൽ പര്യടനത്തിലാണ്. ബീഹാറിലെത്തിയ തരൂരിന് അത്ര മികച്ച സ്വീകരണമല്ല അവിടെ ലഭിച്ചത്. പ്രധാന നേതാക്കളാരും തന്നെ തരൂരിനെ സ്വീകരിക്കാനെത്തിയില്ല. എന്നാൽ മറ്റൊരു സ്ഥാനാർഥിയായ മല്ലികാർജുൻ ഗാർഗെയെ സ്വീകരിക്കാൻ സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം ഉണ്ടായിരുന്നു.
ബീഹാറിൽ വെച്ച് ശശി തരൂരിനോട് പ്രത്യേകമായി സംസാരിക്കാൻ ന്യൂസ് 18 സംഘത്തിന് അവസരം ലഭിച്ചു. “കോൺഗ്രസ് പാർട്ടിയുടെ ദർശനങ്ങളോ മൂല്യങ്ങളോ ഒന്നും കാലഹരണപ്പെട്ടിട്ടില്ല. എന്നാൽ പാർട്ടിയുടെ പ്രവർത്തനരീതിയിലാണ് വലിയ തോതിൽ മാറ്റം വരേണ്ടതായിട്ടുള്ളത്. ഏത് പ്രസ്ഥാനവും ചില ഘട്ടങ്ങളിൽ പഴഞ്ചനായി മാറും. അതിനെ നവീകരിക്കേണ്ട സമയം വരും. കോൺഗ്രസ് പാർട്ടിയെ കാലത്തിനനുസരിച്ച് നവീകരിക്കാൻ വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്,” തരൂർ പറഞ്ഞു.
പാർട്ടി അംഗങ്ങൾ പക്ഷപാതിത്വപരമായി പെരുമാറുന്നുണ്ടോ എന്ന ചോദ്യത്തിന് മധ്യപ്രദേശ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും മുതിർന്ന നേതാക്കൾ ഖാർഗെക്ക് പിന്നിലാണ് അണിനിരന്നതെന്ന് തരൂർ പറഞ്ഞു. ചില നേതാക്കൾ തന്നെ കാണുന്നതിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും തൻെറ യോഗങ്ങളിൽ പങ്കെടുക്കരുതെന്ന് പറയുകയും ചെയ്തതായി തരൂർ വ്യക്തമാക്കി.
advertisement
“രണ്ട് സ്ഥാനാർഥികൾക്കും ലഭിക്കുന്ന സ്വീകരണത്തിൽ നിന്ന് തന്നെ പക്ഷപാതിത്വം ഉണ്ടെന്ന് ബോധ്യപ്പെടും. വെല്ലുവിളികളുണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അസാധാരണമായ വിധത്തിൽ ബൗൺസുള്ള ഒരു പിച്ചിലാണ് ഞാൻ ബാറ്റ് ചെയ്യുന്നത്. എന്നാൽ സാഹചര്യങ്ങൾ എത്ര മോശമാണെങ്കിലും നന്നായി ബാറ്റ് ചെയ്യാൻ തന്നെ ഞാൻ പരിശ്രമിക്കും,” തരൂർ പറഞ്ഞു.
ഖാർഗെയ്ക്കും തനിക്കും ഒരേ ആദർശമാണ് ഉള്ളതെങ്കിലും പ്രവർത്തനരീതി വ്യത്യസ്തമാണെന്ന് തരൂർ പറഞ്ഞു. “പാർട്ടി ഇത് വരെ പ്രവർത്തിച്ച് കൊണ്ടിരുന്ന അതേ രീതി പിന്തുടരാനാണ് ഖാർഗെ ശ്രമിക്കുന്നത്. എനിക്ക് ഖാർഗെയോട് ബഹുമാനമുണ്ട്. പഴയ രീതിയിൽ തന്നെയാണ് 2004ലും 2009ലും നമ്മൾ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ ആ രീതിയും കാലഹരണപ്പെട്ട് കഴിഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ 8-9 മികച്ച നേതാക്കൾ പാർട്ടി വിട്ട് പോവുന്നത് നമ്മൾ കണ്ടു. പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടവർക്ക് ആത്മവിശ്വാസം പകരാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്,” തരൂർ പറഞ്ഞു.
advertisement
ഗാന്ധി കുടുംബം കോൺഗ്രസിൻെറ അവിഭാജ്യഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഗാന്ധി കുടുംബത്തോട് ജനങ്ങൾക്ക് വല്ലാത്ത സ്നേഹവും ബഹുമാനവും എക്കാലത്തുമുണ്ട്. ആ ഡിഎൻഎ തന്നെയാണ് കഴിഞ്ഞ 100 വർഷത്തിനിടയിൽ കോൺഗ്രസിൽ പ്രവർത്തിക്കുന്നത്. പാർട്ടി പ്രസിഡൻറിനെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കുന്നത് മണ്ടത്തരം ആവുമെന്ന കാര്യത്തിൽ സംശയമില്ല,” തരൂർ വ്യക്തമാക്കി.
advertisement
രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, നിധീഷ് കുമാർ എന്നിവരിൽ ആരാവണം 2024ലെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാവണമെന്ന ചോദ്യത്തിന് താൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് തരൂർ മറുപടി പറഞ്ഞത്. “പ്രധാനപ്പെട്ട സ്ഥാനത്തേക്ക് ഒരാളെ പ്രഖ്യാപിക്കുന്നതിന് മുൻപ് മറ്റുള്ളവരുമായി ആലോചിക്കുക എന്നതാണ് മുന്നണികളുടെ അടിസ്ഥാനം. 10 വർഷം മുമ്പ് 2004ൽ സോണിയ ഗാന്ധി എന്താണ് ചെയ്തതെന്ന് നമുക്കറിയാം. പ്രധാനമന്ത്രി സ്ഥാനാർഥിയായി ആ സമയത്ത് ആരെയും മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് യുപിഎയിൽ നടന്ന ചർച്ചയുടെ ഭാഗമായി മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. എല്ലാവരും ആ തീരുമാനത്തെ പിന്തുണക്കുകയും ചെയ്തിരുന്നു,” അദ്ദേഹം ഓർമ്മിപ്പിച്ചു.
advertisement
ഭാരത് ജോഡോ യാത്ര കോൺഗ്രസിന് പുതിയ ഊർജ്ജം സമ്മാനിക്കുമെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ രണ്ട് പാർലമെൻറ് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ലഭിച്ചത് ആകെ 19 ശതമാനത്തിനടുത്ത് വോട്ട് ഷെയറാണ്. അതിൽ വലിയ മാറ്റമുണ്ടാക്കാൻ യാത്രയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2022 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Shashi Tharoor | പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം വെല്ലുവിളി നിറഞ്ഞത്; ക്യാപ്റ്റനാവാൻ തന്നെയാണ് തീരുമാനമെന്ന് തരൂർ