മക്കൾക്ക് വേണ്ടി മാതാപിതാക്കൾ എന്തും ചെയ്യാൻ തയ്യാറാകും. എന്നാൽ നിയമങ്ങൾ ലംഘിച്ചും മക്കളോടുള്ള സ്നേഹം പ്രകടിപ്പിച്ചാൽ എന്ത് സംഭവിക്കും? ഇത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നത്. വിദേശത്തേക്ക് പോകുന്ന മകനെ ബോര്‍ഡിംഗ് ഗേറ്റ് വരെ കൊണ്ടു വിടാനായി വ്യാജ ഐഡി കാർഡ് നിർമ്മിച്ച പിതാവാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്.
സുരക്ഷാ ഉദ്യോഗസ്ഥന് മുന്നിൽ ആൾമാറാട്ടം നടത്തി മകനെ യാത്രയാക്കാൻ ശ്രമിച്ച സൗത്ത് മുംബൈ സ്വദേശിയാണ് ടെർമിനൽ 2 ഡിപ്പാര്‍ച്ചര്‍ വിഭാഗത്തില്‍ നിന്ന് പിടിയിലായത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സംഭവം. വ്യവസായിയും വിപി റോഡ് സ്വദേശിയുമായ ചിന്തൻ ഗാന്ധിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയത്.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥരും സബ് ഇൻസ്‌പെക്ടർ സുമിത് സിംഗും ചേർന്ന് ചിന്തന്‍ ഗാന്ധിയെ തടയുകയായിരുന്നു. എന്നാൽ താനൊരു സിഐഎസ്എഫ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വ്യാജ ഐഡി കാർഡ് ഇയാൾ ഹാജരാക്കി. സിഐഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാംകുമാറിന്റെ പേരിലാണ് ഇയാൾ വ്യാജ ഐഡി കാർഡ് തയ്യാറാക്കിയിരുന്നത്.
ഇത് വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് മറ്റൊരു തിരിച്ചറിയൽ കാർഡ് ഉദ്യോഗസ്ഥൻ ചോദിച്ചു. എന്നാൽ തന്റെ കയ്യിൽ മറ്റ് തിരിച്ചറിയല്‍ രേഖയില്ലെന്നാണ് ഗാന്ധി വ്യക്തമാക്കിയത്. തുടർന്ന് വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന്,” സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥനായ സുമിത് സിംഗ് പറഞ്ഞു.
Also read- നോട്ടുനിരോധനം സുപ്രീം കോടതി ശരിവെച്ചു; ‘കേന്ദ്ര നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല’
അതേസമയം സിഐഎസ്എഫിലെ ഇൻസ്‌പെക്ടർ അവിനാഷ് രഞ്ജന്റെ അടുത്തെത്തിച്ച ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കൂടാതെ ഈ സംഭവത്തെക്കുറിച്ച് മകനോട് പറയരുതെന്ന് ഗാന്ധി അധികൃതരോട് അഭ്യർത്ഥിക്കുകയും ചെയ്തു. അയാളുടെ അപേക്ഷ മാനിച്ച് മകനറിയാതെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ സഹർ പോലീസിന് കൈമാറി. തുടർന്ന് വ്യാജരേഖ ചമച്ചതിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.