ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു
Last Updated:
പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ(63) അന്തരിച്ചു. പനാജിയിൽ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് കാൻസർ ബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. 2014 മുതൽ 2017 വരെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ആയിരുന്നു. പരീക്കരുടെ നിര്യാണത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തു ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്കാരം നാളെ വൈകിട്ട് നടക്കും.
മനോഹർ പരീക്കറുടെ നില അതീവ ഗുരുതരമാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ തീവ്രമായി പ്രയത്നിക്കുന്നുണ്ടെന്നും ട്വീറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
Extremely sorry to hear of the passing of Shri Manohar Parrikar, Chief Minister of Goa, after an illness borne with fortitude and dignity. An epitome of integrity and dedication in public life, his service to the people of Goa and of India will not be forgotten #PresidentKovind
— President of India (@rashtrapatibhvn) 17 March 2019
advertisement
പാൻക്രിയാറ്റിക് കാൻസറിനെ തുടർന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ഡൽഹി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. നിലവിൽ പനാജിയിൽ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മുൻ പ്രതിരോധ മന്ത്രി കൂടിയായ മനോഹർ പരീക്കറുടെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൂടുതൽ വഷളായത്. പുതിയ സാഹചര്യത്തിൽ ഗോവ എം.എൽ.എമാരുടെയും കോർ കമ്മിറ്റി അംഗങ്ങളുടെയും യോഗം ബിജെപി വിളിച്ചുചേർത്തിരുന്നു.
ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിൽ 1955 ഡിസംബർ 13നായിരുന്നു മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ എന്ന മനോഹർ പരീക്കർ ജനിച്ചത്. പഠിക്കാൻ മിടുക്കനായിരുന്ന മനോഹർ പരീക്കർ വിദ്യാഭ്യാസകാലം മുതൽക്കേ ആർ.എസ്.എസിലും മറ്റും സജീവമായിരുന്നു. പിന്നീട് മുംബൈ ഐഐടിയിൽനിന്ന് ബിരുദം നേടി. മെറ്റല്ലർജിക്കൽ എഞ്ചിനിയറിങിലാണ് അദ്ദേഹം ബിരുദം നേടിയത്.
advertisement
ഐഐടി ബിരുദത്തിനുശേഷം അദ്ദേഹം ഇഷ്ടപ്പെട്ടതുപോലെ ആർ.എസ്.എസിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങിയെത്തി. ബിജെപിയിൽ സജീവമായ പരീക്കർ 1994ൽ ഗോവയിൽ എംഎൽഎ ആയി. രാജ്യത്ത് എം.എൽ.എ ആകുന്ന ആദ്യ ഐഐടി പൂർവ്വ വിദ്യാർത്ഥി കൂടിയായി അദ്ദേഹം മാറി.
മനോഹര്‍ പരീക്കര്‍ മൂന്ന് തവണയാണ് ഗോവ മുഖ്യമന്ത്രിയായത് (2000-05, 2012-14, 2017-2019) . 1999ൽ മനോഹർ പരീക്കർ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. പിന്നീട് 2000 മുതൽ 2005 വരെയുള്ള കാലയളവിലാണ് ആദ്യമായി പരീക്കർ മുഖ്യമന്ത്രിയാകുന്നത്. ഒരു ടേം പ്രതിപക്ഷ നേതാവായി വീണ്ടും ഇരുന്നതിന് ശേഷം 2012ൽ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. പിന്നീട് നരേന്ദ്രമോദി സർക്കാരിൽ പ്രതിരോധ മന്ത്രിയായിരിക്കെയാണ് 2017ൽ അദ്ദേഹം വീണ്ടും ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ ദേശീയ നേതൃത്വം പ്രത്യേക ദൌത്യം നൽകി പരീക്കറെ ഗോവയിലേക്ക് അയയ്ക്കുകയായിരുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഒരു രാത്രി വെളുത്തപ്പോൾ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി. ഗോവയുടെ മുഖ്യമന്ത്രിയെന്ന നിലയിൽ മൂന്നാം ഊഴമായിരുന്നു ഇത്.
advertisement
2014-ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹർ പരീക്കർ മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. ഗുരുതരമായ അസുഖം ബാധിച്ചപ്പോഴും പാർട്ടി വേദികളിലും പൊതുവേദികളിലും സജീവ സാന്നിദ്ധ്യമായിരുന്നു മനോഹർ പരീക്കർ. എതിരാളികൾ പോലും ഏറെ ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം ഗോവയ്ക്കും ബിജെപിക്കും കനത്ത നഷ്ടമാണ്.
ഭാര്യ മേധ നേരത്തെ മരിച്ചു. രണ്ടു പുത്രന്മാരുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2019 8:04 PM IST