പൗരത്വ നിയമ ഭേദഗതി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നായിരുന്നു രാജ്യസഭയിൽ ചൊവ്വാഴ്ച പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആവശ്യം. ശൂന്യ വേളയിൽ ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ്സ്, തൃണമൂൽ എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ സഭ പലതവണ നിർത്തിവെക്കുകയും ചെയ്തു. രാജ്യസഭയിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള പതിവ് ബുള്ളറ്റിൻ പുറത്തിറങ്ങിയപ്പോൾ സഭ തടസ്സപ്പെടുത്തിയ 20 എംപിമാരുടെ പേര് അതിൽ പരാമർശിച്ചു. അതുപ്രകാരം സഭ തടസ്സപ്പെടുത്തിയ തൃണമൂൽ എംപിമാർ ഡോള സെനും, കെഡി സിങ്ങും ആയിരുന്നു.
പക്ഷേ ബുള്ളറ്റിനിലെ പരാമർശം തൃണമൂലിനു ഏതായാലും അത്ര രസിച്ചില്ല. പേര് പരാമർശിക്കപ്പെട്ട രണ്ട് എംപിമാരും സംഭവം നടക്കുമ്പോൾ സഭയിൽ ഉണ്ടായിരുന്നില്ല എന്നത് തന്നെ കാരണം. തൃണമൂൽ അംഗം നദിമുൾ ഹഖ് ബുധനാഴ്ച സഭയ്ക്ക് പറ്റിയ 'പിഴവ് ' ശൂന്യ വേളയിൽ ഉന്നയിച്ചു. സഭയിൽ ഹാജരല്ലാത്ത ആൾ എങ്ങനെ സഭയിൽ വഴിവിട്ടു പെരുമാറുമെന്നായിരുന്നു നദിമുൾ ഹഖിന്റെ ചോദ്യം. സഭയിലെ സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് മുൻപ് അംഗം സെക്രട്ടറി ജനറൽ മുൻപാകെ ഒപ്പുവെക്കണം എന്ന സഭ ചട്ടവും ഹഖ് ചൂണ്ടിക്കാട്ടി.
വിഷയം പരിശോധിക്കുമെന്നും പിഴവ് തിരുത്തുമെന്നും രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡു തൃണമൂൽ അംഗങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. രാജ്യസഭാ ജീവനക്കാർക്ക് ഉണ്ടായ പിഴവാണ് സഭ തടസപ്പെടുത്തിയവരുടെ പട്ടികയിൽ ഹാജരല്ലാത്ത എംപിമാരുടെയും പേര് ഉൾപ്പെടാൻ കാരണം. പിഴവ് വരുത്തിയ ജീവനക്കാരനെതിരെ നടപടിയെടുക്കാൻ വെങ്കയ്യ നായിഡു നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.