'രോഗം മാറ്റിയ തീര്‍ത്ഥം'; 18 വര്‍ഷമായി ഹിന്ദുക്ഷേത്രത്തിന് തുണയായി മുസ്ലീം വയോധികന്‍

Last Updated:

മുസ്ലീം സ്ത്രീകള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോടൊപ്പം പ്രാര്‍ത്ഥനകളില്‍ മുഴുകുന്നത് പതിവ് കാഴ്ചയാണ്

News18
News18
ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകള്‍ തമ്മില്‍ മത്സരം തുടരുന്ന ഇക്കാലത്ത് മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാകുകയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റെച്ച് ജില്ലയിലെ ഒരു മുസ്ലീം വയോധികന്‍. മുഹമ്മദ്അലി എന്ന 58കാരന്റെ ജീവിതമാണ് വാര്‍ത്തകളിലിടം നേടുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഹിന്ദുക്ഷേത്രത്തിന്റെ കാവല്‍ക്കാരനും ക്ഷേത്രട്രസ്റ്റിന്റെ അധ്യക്ഷനുമാണ് ഇദ്ദേഹം. കഴിഞ്ഞ 18 വര്‍ഷമായി ക്ഷേത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ് മുഹമ്മദ് അലി.
വൃദ്ധ് മാതേശ്വരി മാത ഗുര്‍ദേവി ക്ഷേത്രം മുഹമ്മദ് അലിയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമായി ക്ഷേത്രം മാറിയിരിക്കുകയാണിപ്പോള്‍. ദിവസവും നിസ്‌കരിക്കുന്ന മുഹമ്മദ് അലി ക്ഷേത്രത്തിലെ ദേവിയായ ഗുര്‍ദേവിയേയും ഹനുമാന്‍ സ്വാമിയേയും ഒരുപോലെ ആരാധിക്കുന്നു.
മുഹമ്മദ് അലിയുടെ ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് അദ്ദേഹത്തെ ഈ ക്ഷേത്രത്തിലേക്ക് അടുപ്പിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹത്തിന് ലൂക്കോഡെര്‍മ (ശരീരത്തില്‍ വെള്ളപ്പാടുകള്‍ ഉണ്ടാകുന്ന അവസ്ഥ) രോഗം ബാധിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ തന്റെ കണ്ണുകള്‍ വരെ വെളുത്ത നിറത്തിലായി എന്നാണ് മുഹമ്മദ് അലി പറയുന്നത്. ചികിത്സകളൊന്നും ഫലം കണ്ടില്ല. തുടര്‍ന്ന് മുഹമ്മദ് അലിയുടെ അമ്മ അദ്ദേഹത്തേയും കൂട്ടി ഈ ക്ഷേത്രത്തിലേക്ക് എത്തി. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച തീര്‍ത്ഥജലം ശരീരത്തില്‍ പുരട്ടിയതോടെയാണ് തന്റെ രോഗം മാറിയതെന്ന് മുഹമ്മദ് അലി വിശ്വസിക്കുന്നു.
advertisement
ഇതോടെയാണ് അലി ക്ഷേത്രദേവതയെ ആരാധിക്കാന്‍ തുടങ്ങിയത്. കൂടാതെ 2007ല്‍ അദ്ദേഹം ദേവിയെ സ്വപ്‌നം കാണുകയും ചെയ്തു. സ്വപ്‌നത്തില്‍ ക്ഷേത്രം പരിപാലിക്കണമെന്ന് ദേവി തന്നോട് കല്‍പ്പിച്ചുവെന്നാണ് അലി പറയുന്നത്. അതോടെയാണ് മുഹമ്മദ് അലി തന്റെ ജീവിതം ക്ഷേത്രത്തിനായി മാറ്റിവെച്ചത്.
ട്രസ്റ്റിന്റെ സാരഥ്യം ഏറ്റെടുത്ത മുഹമ്മദ് അലി ക്ഷേത്രത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. വിളവെടുപ്പ് കാലത്ത് ധാന്യങ്ങള്‍ ദാനം ചെയ്തും ധനസമാഹരണം നടത്തിയും അദ്ദേഹം ക്ഷേത്രത്തിനായി പണം സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 2.7 ലക്ഷം രൂപയാണ് ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളും സര്‍ക്കാരും ക്ഷേത്രത്തിനായി സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
''ഹിന്ദു-മുസ്ലീം വിശ്വാസങ്ങളെ ഞാന്‍ ഒരുപോലെ ബഹുമാനിക്കുന്നു. ക്ഷേത്രത്തെ പരിപാലിക്കുന്നതിലൂടെ എന്റെ ഭക്തിയും സാമുദായിക ഐക്യത്തിനായുള്ള പ്രതിബദ്ധതയും നിറവേറ്റപ്പെടുന്നു,'' അലി പറഞ്ഞു.
ഈയടുത്താണ് ക്ഷേത്രത്തില്‍ 5.5 അടി ഉയരമുള്ള ഹനുമാന്‍ സ്വാമിയുടെ വിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹപ്രതിഷ്ട ചടങ്ങ് അഞ്ച് ദിവസത്തോളം നീണ്ടുനിന്നിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. എംഎല്‍എയായ സുരേശ്വര്‍ സിംഗായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി ക്ഷേത്രം മാറിയെന്ന് ജില്ലാ ടൂറിസം ഓഫീസര്‍ മനീഷ് ശ്രീവാസ്തവ പറഞ്ഞു. മുസ്ലീം സ്ത്രീകള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോടൊപ്പം പ്രാര്‍ത്ഥനകളില്‍ മുഴുകുന്നത് പതിവ് കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'രോഗം മാറ്റിയ തീര്‍ത്ഥം'; 18 വര്‍ഷമായി ഹിന്ദുക്ഷേത്രത്തിന് തുണയായി മുസ്ലീം വയോധികന്‍
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement