പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022 (PM Kisan Samman Sammelan 2022) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരും 1500 അഗ്രി സ്റ്റാര്‍ട്ടപ്പുകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഒരു കോടിയിലധികം കര്‍ഷകരും വിര്‍ച്വല്‍ ആയി പരിപാടിയിൽ പങ്കെടുക്കും. ഗവേഷകര്‍, പോളിസി മേക്കേഴ്‌സ്, മറ്റ് പങ്കാളികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
പരിപാടിയില്‍ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവിന്റെ (PM Kisan Samman Nidhi 12th installment) വിതരണവും പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 16,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ 8.5 കോടിയിലധികം യോഗ്യരായ കര്‍ഷകര്‍ക്ക് കൈമാറി. പ്രതിവര്‍ഷം 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപയാണ് കര്‍ഷകര്‍ക്ക് കൈമാറുക. താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, സദസ്സിലുള്ള അർഹരായ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭിച്ചിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള 600 'പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി പ്രകാരം രാജ്യത്തെ 3.3 ലക്ഷത്തിലധികം ചില്ലറ വളം വില്പനശാലകൾ ഘട്ടംഘട്ടമായി പിഎംകെഎസ്‌കെ ആക്കി മാറ്റും. ഈ കേന്ദ്രങ്ങളില്‍ വളം, വിത്ത്, ഉപകരണങ്ങള്‍ എന്നിവ ലഭിക്കും. കൂടാതെ, മണ്ണ്, വിത്തുകള്‍, വളങ്ങള്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം, കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കല്‍, വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കല്‍, ബ്ലോക്ക്/ജില്ലാതല ഔട്ട്ലെറ്റുകളില്‍ റീട്ടെയിലര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ എന്നീ സേവനങ്ങളും നല്‍കും.
ചടങ്ങില്‍ 'പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന' - ഒരു രാഷ്ട്രം, ഒരു വളം എന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം 'ഭാരത് യൂറിയ ബാഗുകള്‍' പുറത്തിറക്കി. ഇത് രാജ്യത്തെ വളം നിര്‍മ്മാണ കമ്പനികളെ 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യാന്‍ സഹായിക്കും. സബ്‌സിഡിയുള്ള യൂറിയ, ഡി-അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി), എന്‍പികെ എന്നിവ ഒരൊറ്റ ബ്രാന്‍ഡില്‍ രാജ്യത്തുടനീളം വിപണനം ചെയ്യുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ 2 ലക്ഷം കോടിയിലധികം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും എക്സിബിഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍, എഫ്പിഒകള്‍, കാര്‍ഷിക വിദഗ്ധര്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരുമായി സംവദിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.
രാസവളങ്ങളെ കുറിച്ചുള്ള 'ഇന്ത്യന്‍ എഡ്ജ്' എന്ന ഇ-മാഗസിനും പ്രധാനമന്ത്രി പുറത്തിറക്കും. ഒക്ടോബര്‍ 17 ന് രാവിലെ 11:30 ന് ആരംഭിച്ച ദ്വിദിന പരിപാടി ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്. കേന്ദ്ര രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മന്ത്രി ഭഗവന്ത് ഖുബ, കേന്ദ്ര കൃഷി സഹമന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കരന്ധ്ലജെ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra modi, Narendra Modi Govt, PM Kisan Samman Nidhi Yojana