PM Kisan | പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: 11-ാം ഗഡു വിതരണം നാളെ
- Published by:Sarath Mohanan
- news18-malayalam
Last Updated:
21,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് 11-ാം ഗഡുവായി വിതരണം ചെയ്യുക. 10 കോടിയിലധികം കർഷകർക്ക് മെയ് 31ന് ആനുകൂല്യം ലഭിക്കും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയുടെ 11-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നാളെ വിതരണം ചെയ്യും. 21,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് 11-ാം ഗഡുവായി വിതരണം ചെയ്യുക. 10 കോടിയിലധികം കർഷകർക്ക് (Farmers) മെയ് 31ന് ആനുകൂല്യം ലഭിക്കും. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ചാകും പ്രധാനമന്ത്രി വിതരണം നിർവ്വഹിക്കുക. ദേശീയ പരിപാടിയായ ‘ഗരീബ് കല്യാൺ സമ്മേളന’ത്തിന്റെ ഭാഗമായി ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങൾ നടപ്പിലാക്കിയിരിക്കുന്ന 16 പദ്ധതികളുടെയും പരിപാടികളുടെയും ഗുണഭോക്താക്കളുമായി മോദി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കുമെന്ന് കൃഷി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ദേശീയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 21,000 കോടി രൂപയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 11-ാം ഗഡു വിതരണവും പ്രധാനമന്ത്രി നിർവ്വഹിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഡൽഹിയിലെ പൂസ കോംപ്ലക്സിൽ നിന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പരിപാടിയിൽ പങ്കുചേരും. പിഎം കിസാൻ പദ്ധതിയ്ക്ക് കീഴിൽ അർഹതയുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായാണ് 6000 രൂപ വിതരണം ചെയ്യുന്നത്.
advertisement
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് കൈമാറും. ജനുവരി ഒന്നിന് 10-ാം ഗഡുവായി 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപ പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.
രാജ്യ വ്യാപകമായി നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും രാജ്യവ്യാപകമായി ചർച്ചകൾ നടക്കും. വിവിധ കേന്ദ്ര പദ്ധതികൾ ഗുണഭോക്താക്കളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി സംവദിക്കും. പിഎം-കിസാൻ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പോഷൻ അഭിയാൻ, പ്രധാനമന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീണ, നഗരം), ജൽ ജീവൻ മിഷൻ, അമൃത് എന്നീ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.
advertisement
പ്രധാനമന്ത്രി സ്വനിധി യോജന, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റേഴ്സ്, പ്രധാനമന്ത്രി മുദ്ര യോജന എന്നിവയും ഇതിൽ ഉൾപ്പെടുന്നു. രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരിപാടിയിൽ സംസ്ഥാന, ജില്ല, കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) എന്നീ തലത്തിലുള്ള പരിപാടികൾ രാവിലെ 9.45 ന് ആരംഭിച്ച് 11 മണിയോടെ ദേശീയതല പരിപാടിയുമായി ബന്ധിപ്പിക്കും.
advertisement
ദേശീയ പരിപാടി ദൂരദർശന്റെ ദേശീയ, പ്രാദേശിക ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ആളുകൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന MyGov വഴിയും പരിപാടിയും വെബ്കാസ്റ്റ് ചെയ്യും. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയകൾ വഴിയും പരിപാടി കാണാനാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2022 2:47 PM IST









