കോടതിയില്‍ ഹാജരാകാതിരിക്കാൻ 'വ്യാജ' കോവിഡ് സർട്ടിഫിക്കറ്റ്; ബിജെപി എംഎൽഎയ്ക്കെതിരെ കേസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
തട്ടിപ്പ്, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ലക്നൗ: കോടതിയിൽ നേരിട്ട് ഹാജരാകാതിരിക്കാൻ 'വ്യാജ' കോവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. യുപി സന്ത് കബീർ നഗര്‍ ജില്ല അതിർത്തി മണ്ഡലമായ മെന്‍ഹ്ധാവയിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് സിംഗ് ബഖേലിനെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട എംഎൽഎ കഴിഞ്ഞ നാല് വർഷമായി കോടതിയിൽ ഹാജരായിരുന്നില്ല. എന്നാൽ കോടതിയിൽ ഹാജരാകണമെന്ന് വ്യക്തമാക്കി ഈയടുത്ത് കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതി നടപടികളിൽ നിന്നും ഒഴിവാകാനാണ് കോവിഡ് ബാധിതനാണെന്ന് കാട്ടി ഇയാൾ 'വ്യാജ' കോവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നാണ് സംശയിക്കുന്നത്. ഒരു സ്വകാര്യ ലാബോറട്ടറിയിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ദീപ് കാന്ത് മണിയുടെ പ്രത്യേക കോടതിയിൽ രാകേഷ് സമർപ്പിച്ചത്. ഖാലീലാബാദ് എസ്എച്ച്ഒ മനോജ് കുമാർ അറിയിച്ചു.
advertisement
പ്രൈവറ്റ് ലാബിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ എംഎൽഎ ഹോം ഐസലേഷനിൽ കഴിയുകയാണെന്ന് ജില്ല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹരിഗോവിന്ദ് സിംഗ് കോടതിയെ അറിയിച്ചിരുന്നു, എന്നാൽ ഹോം ഐസലേഷൻ ടീം മെമ്പറായ ഡോ.വിവേക് കുമാർ ശ്രീവാസ്തവ് നൽകിയ മൊഴി അനുസരിച്ച്, ഹോം ഐസലേഷൻ കാലയളവിൽ എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല. അയാളുടെ മൊബൈൽ വഴി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല എന്നും അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ചീഫ് മെഡിക്കൽ ഓഫീസർക്കെതിരെയും സമാനകുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംഎൽഎ ഐസലേഷനിൽ ഇല്ലാതിരുന്നിട്ട് പോലും നടപടിയെടുക്കാത്തതിനാണ് മെഡിക്കൽ ഓഫീസർക്കെതിരെ കേസ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2020 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോടതിയില്‍ ഹാജരാകാതിരിക്കാൻ 'വ്യാജ' കോവിഡ് സർട്ടിഫിക്കറ്റ്; ബിജെപി എംഎൽഎയ്ക്കെതിരെ കേസ്