ന്യൂഡൽഹി: ഗർഭിണിയായ യുവതിയെക്കൊണ്ട് ചോര തുടപ്പിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഝാർഖണ്ഡിലെ ജംഷഡ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗര്‍ഭിണിയായ റിസ്വാന ഖാൻ എന്ന യുവതി രക്തസ്രാവത്തെ തുടർന്നാണ് ജംഷഡ്പുരിലെ എംജിഎം ആശുപത്രിയിലെത്തിയത്. എന്നാൽ കോവിഡ് വ്യാപിക്കുമെന്ന ഭീതിയിൽ താഴെ വീണ ചോര യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ചു എന്നാണ് ആരോപണം.
ചികിത്സ നൽകാനുണ്ടായ കാലതാമസത്തെ തുടർന്ന് യുവതിക്ക് കുഞ്ഞിനെയും നഷ്ടമായി. ആശുപത്രിയില്‍ നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി റിസ്വാന മുഖ്യമന്ത്രി ഹേമന്ദ് സോറന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മതത്തിന്റെ പേരിൽ തനിക്ക് ആശുപത്രിയിൽ നിന്ന് കടുത്ത പീഡനം ഏൽക്കേണ്ടി വന്നുവെന്നും ചോര തുടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇവർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നത്.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇടപെട്ട വനിതാ കമ്മീഷൻ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 'രക്തസ്രാവത്തെ തുടർന്ന് ജംഷഡ്പുരിലെ ആശുപത്രിയിലെത്തിയ ഗർഭിണിയായ യുവതിയെക്കൊണ്ട് രക്തം തുടപ്പിച്ചു എന്ന ആരോപണം ഉയരുന്നുണ്ട്. ഇത് മൂലം അവർക്ക് കുഞ്ഞിനെയും നഷ്ടമായി.. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ ഝാർഖണ്ഡ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വനിതാ കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
കോവിഡ് 19ന്റെ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങൾ തീർത്തും ദൗർഭാഗ്യകരമാണ്. ഇതുപോലെയുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തികാതിരിക്കാൻ കേന്ദ്ര സർക്കാർ വേണ്ട നടപടി കൈക്കൊള്ളണമെന്നും വനിത കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.