പൂനെയില്‍ വെള്ളിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രതിഷേധ പ്രകടനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഇത്തരം പ്രവര്‍ത്തികള്‍ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു, അതേസമയം മുദ്രാവാക്യം വിളിച്ചവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
സാമൂഹിക വിരുദ്ധരായ ആളുകളാണ് ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്. പോലീസ് ഇവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ഛത്രപതി ശിവജിയുടെ നാട്ടില്‍ പാക് അനുകൂല മുദ്രാവ്യാക്യങ്ങള്‍ ഉയര്‍ത്തുന്നത് വെച്ചുപോറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തോ രാജ്യത്തോ പാക് അനുകൂല മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ ആരായാലും അവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
ഞങ്ങള്‍ സമാധാനത്തിനൊപ്പമാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ ആവശ്യപ്പെട്ടു.അതേ സമയം രാഷ്ട്രീയ ലാഭത്തിനായി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ആരെങ്കിലും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികള്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റിലായതില്‍ പ്രതിഷേധിച്ചാണ് പൂനെയില്‍ പ്രകടനം നടത്തിയത്. ലഭിച്ച വീഡിയകള്‍ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും പൂനെ സോൺ II ഡിസിപി സാഗർ പാട്ടീൽ പറഞ്ഞു. അനുമതിയില്ലാതെ വെള്ളിയാഴ്ച പ്രക്ഷോഭം സംഘടിപ്പിച്ചതിന് ബണ്ട്ഗാർഡൻ പോലീസ് 41 പേരെ അറസ്റ്റ് ചെയ്യുകയും 65 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maharashtra, Pakistan, PFI, Popular front of India