ന്യൂഡൽഹി: 2019 ഫെബ്രുവരി 14, കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോവാൻ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറി, ഉഗ്രസ്ഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികരും തത്ക്ഷണം മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു.
വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് 2017 നവംബറിൽ പുൽവാമയിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ALSO READ:
നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്; ഇനി ഇത് വെറും സിനിമാ ഡയലോഗ് മാത്രമല്ല2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. ഇതിന് പകരം വീട്ടുമെന്ന് അസ്ഹർ പ്രഖ്യാപിച്ചിരുന്നു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
എന്നാൽ ഇന്റിലിജൻസിന് വീഴ്ചയുണ്ടായതായി വിമർശനം ഉയർന്നു. ലോക്സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുമ്പ് നടന്ന ആക്രമണം രാഷ്ട്രീയമായും ഏറെ ചർച്ച ചെയ്യപ്പെട്ടു. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു.
അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ വിമർശനം നേരിട്ട സംഭവമായിരുന്നു പുൽവാമ ഭീകരാക്രമണം. ഇന്ത്യയുടെ സമ്മർദ്ദങ്ങൾക്കിടയിൽ ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിനെ 2019 മേയ് 1ന് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
ആക്രമണം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ ജമ്മു കശ്മീർ എന്ന സംസ്ഥാനം ഇന്നില്ല. പ്രത്യക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി. കശ്മീരിലെ നിയന്ത്രണങ്ങളും അതിർത്തിയിലെ വെടിയൊച്ചകളും തുടരുന്നതിനിടെയാണ് ധീര ജവാൻമാരെ രാജ്യം സ്മരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.