ഒഡീഷ ട്രെയിൻ അപകടത്തിന് 51 മണിക്കൂറുകൾക്കകം ഇരുവശത്തേക്കും ട്രെയിനോടിച്ച് റെയിൽവേ; വന്ദേഭാരത് എക്സ്പ്രസും കടന്നുപോയി
- Published by:Anuraj GR
- news18-malayalam
Last Updated:
കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് സ്ഥലത്ത് ക്യാംപ് ചെയ്താണ് ട്രാക്ക് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകിയത്
കൊൽക്കത്ത: ഒഡീഷ ട്രെയിൻ അപകടം നടന്ന സ്ഥലത്തെ ഇരുവശത്തേക്കുമുള്ള ട്രാക്കുകൾ സഞ്ചാരയോഗ്യമായതായി റെയിൽവേ അറിയിച്ചു. ഇരുവശത്തേക്കും ട്രെയിനുകൾ ഓടിച്ചതായും, സാധാരണ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായും റെയിൽവേ പത്രകുറിപ്പിൽ അറിയിച്ചു. അപകടം നടന്ന് 51 മണിക്കൂറുകൾക്കകമാണ് പുതിയ ട്രാക്കുകൾ സ്ഥാപിച്ച് ഗതാഗതത്തിന് സജ്ജമാക്കിയത്.
കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് സ്ഥലത്ത് ക്യാംപ് ചെയ്താണ് ട്രാക്ക് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകിയത്. നൂറുകണക്കിന് ജീവനക്കാരുടെ കഠിനാധ്വാനത്തിലൂടെയാണ് ഇത്രവേഗം ഗതാഗതം പുനഃസ്ഥാപിക്കാനായതെന്നും റെയിൽവേ വ്യക്തമാക്കുന്നു.
അപകടം നടന്ന ബഹാനഗ ബസാർ റെയിൽവേ സ്റ്റേറിലെ മെയിൻ അപ് – ഡൌൺ ട്രാക്കുകളാണ് പുനർനിർമിച്ചത്. ഡൌൺ ട്രാക്കാണ് ആദ്യം ഗതാഗതത്തിന് സജ്ജമായത്. ഈ ട്രാക്കിലൂടെ ഞായറാഴ്ച രാത്രി 10.40ന് ആദ്യ ട്രെയിൻ കടന്നുപോയി. അപ് ലൈനിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടത് ഇന്ന് പുലർച്ചെ 12.05ഓടെയാണ്. ഇന്ന് പകൽ ഇതുവഴി സാധാരണ സർവീസ് നടത്തുന്ന ട്രെയിനുകളെല്ലാം ഇരുവശത്തേക്കും കടത്തിവിട്ടു. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പടെ നിയന്ത്രിത വേഗതയിൽ ഇതുവഴി കടന്നുപോയി. പുരിയിൽനിന്ന് ഹൌറയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് ട്രാക്ക് പുനഃസ്ഥാപിച്ചശേഷം ഇതുവഴി കടന്നുപോയത്.
advertisement
ജൂൺ രണ്ട് വെള്ളിയാഴ്ച രാത്രി 6.55ഓടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ഒഡീഷയിലെ ബലാസോർ ജില്ലയിലെ ബഹാനഗ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. ഷാലിമാറിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറമാണ്ടൽ എക്സ്പ്രസ് പാളംതെറ്റി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ചില ബോഗികൾ എതിർദിശയിലേക്കുള്ള ട്രാക്കിലേക്ക് മറിയുകയും, സെക്കൻഡുകൾക്കകം അതുവഴി കടന്നുവന്ന ബംഗളുരു-ഹൌറ എക്സ്പ്രസ് കോറമാണ്ടൽ എക്സ്പ്രസിന്‍റെ ബോഗിയിൽ ഇടിക്കുകയുമായിരുന്നു. മൂന്നു ട്രെയിനുകൾ ഉൾപ്പെട്ട അപകടത്തിൽ 275 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
June 05, 2023 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷ ട്രെയിൻ അപകടത്തിന് 51 മണിക്കൂറുകൾക്കകം ഇരുവശത്തേക്കും ട്രെയിനോടിച്ച് റെയിൽവേ; വന്ദേഭാരത് എക്സ്പ്രസും കടന്നുപോയി