ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ; കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാഗ്ദാനം
- Published by:Vishnupriya S
- news18-malayalam
Last Updated:
എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനത്തിനു ശേഷമാണ് പുതിയ പ്രഖ്യാപനം
ഗൃഹ ലക്ഷ്മി യോജന (Gruha Lakshmi yojan) എന്ന പദ്ധതിക്കു കീഴിൽ സ്ത്രീശാക്തീകരണത്തിനായി പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനത്തിനു ശേഷമാണ് പുതിയ പ്രഖ്യാപനം. ഓരോ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന പദ്ധതിയാണ് ഗൃഹ ലക്ഷ്മി യോജന. പാചകവാകകവില വർദ്ധനവ് ഉൾപ്പെടെ, ദൈനംദിന ചെലവുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നും 1.5 കോടിയിലധികം സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നും പാർട്ടി അറിയിച്ചു.
സംസ്ഥാനത്തെ ഓരോ സ്ത്രീയും ശാക്തീകരിക്കപ്പെടണമെന്നും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകണമെന്നും അവരുടെ മക്കളെ സംരക്ഷിക്കാൻ പ്രാപ്തരാകണമെന്നും പാർട്ടി ആഗ്രഹിക്കുന്നതായും സംസ്ഥാന കോൺഗ്രസ് ഘടകം അറിയിച്ചു. കർണാടകയിലെ ഓരോ സ്ത്രീക്കും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഗ്രഹിക്കുന്നതായും പാർട്ടി അറിയിച്ചു. വനിതാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രിയങ്കാ ഗാന്ധി നൽകിയ വാഗ്ദാനമാണ് തങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതെന്നും പാർട്ടി അറിയിച്ചു.
advertisement
കിട്ടൂർ റാണി ചെന്നമ്മ, ഒനകെ ഒബവ്വ, റാണി അബ്ബക്ക, ഉമാഭായി കുന്ദാപൂർ തുടങ്ങിയ പ്രശസ്തരായ വനിതാ സ്വാതന്ത്ര്യ സമര സേനാനികളെ ഈ അവസരത്തിൽ ഓർക്കുന്നു എന്നും സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ എല്ലാ സ്ത്രീകൾക്കും അവർ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാർട്ടി പറഞ്ഞു. ഒരു സ്ത്രീ ശാക്തീകരിക്കപ്പെട്ടാൽ, ഒരു കുടുംബം മുഴുവനും ശാക്തീകരിക്കപ്പെടുമെന്നും അതുവഴി നമ്മുടെ രാജ്യവും ശാക്തീകരിക്കപ്പെടും എന്നും കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നതായും പാർട്ടി നേതൃത്വം പറഞ്ഞു.
”ഞങ്ങൾ അധികാരത്തിൽ വന്നാൽ ഓരോ ഗൃഹനാഥയ്ക്കും പ്രതിമാസം 2000 രൂപ നൽകുമെന്ന് കോൺഗ്രസ് ഉറപ്പുനൽകുന്നു. അവരുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് അയക്കും. കുടുംബത്തെ നയിക്കുന്നയാളാണ് സ്ത്രീ. ഓരോ സ്ത്രീക്കും ലഭിക്കുന്ന ഈ വരുമാനം വിലക്കയറ്റത്തിനിടയിലും പാചകവാതക വില വർദ്ധനവിനിടയിലും പിടിച്ചു നിൽക്കാനും കുടുംബം മുന്നോട്ടു കൊണ്ടുപോകാനും അവരെ സഹായിക്കും”, പാർട്ടി കൂട്ടിച്ചേർത്തു.
advertisement
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കിനിൽക്കെ, ബിജെപിയും കോൺഗ്രസും മറ്റ് പ്രാദേശിക പാർട്ടികളും അരയും തലയും മുറുക്കി തയ്യാറെടുപ്പിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത വർഷം ഒൻപത് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിലൊന്ന് കർണാടകയാണ്. 2018ൽ കർണാടകയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്നെങ്കിലും 224 സീറ്റുകളുള്ള നിയമസഭയിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല. പിന്നീട് എച്ച്‌ഡി കുമാരസാമി മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കാമെന്ന ധാരണയോടെ കോൺഗ്രസും ജനതാദളും (എസ്) സഖ്യമുണ്ടാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
January 16, 2023 10:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ; കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാഗ്ദാനം