• HOME
 • »
 • NEWS
 • »
 • india
 • »
 • Punjab Polls | കാർഷിക നിയമങ്ങൾ പിൻവലിച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് എങ്ങനെ? വോട്ട് ആര് കൊയ്യും?

Punjab Polls | കാർഷിക നിയമങ്ങൾ പിൻവലിച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് എങ്ങനെ? വോട്ട് ആര് കൊയ്യും?

കേന്ദ്രം നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതോടെ, കര്‍ഷക പ്രഷോഭത്തെ അനുകൂലിച്ചിരുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ആ തീരുമാനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് പോരടിക്കാൻ തുടങ്ങി

modi

modi

 • Last Updated :
 • Share this:
  സ്വാതി ഭാൻ

  പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് (Punjab Polls) ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ (Farm Laws) റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) പ്രഖ്യാപനം പഞ്ചാബിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഇന്നലെ രാവിലെ വരെ, അതായത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് വരെ പഞ്ചാബ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഒരേയൊരു വിഷയം കര്‍ഷക പ്രക്ഷോഭം തുടരുന്നതും തെരഞ്ഞെടുപ്പിനെ എങ്ങനെ അത് ബാധിക്കുമെന്നതും മാത്രമായിരുന്നു. എന്നാല്‍ കേന്ദ്രം നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതോടെ, കര്‍ഷക പ്രഷോഭത്തെ അനുകൂലിച്ചിരുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ആ തീരുമാനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് പോരടിക്കാൻ തുടങ്ങി. ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുന്ന ഒന്നാണ്.

  പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (Captain Amarinder Singh) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചേര്‍ന്ന് 'കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍' ശ്രമിച്ചിരുന്നതായി ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിയമം പിന്‍വലിച്ചാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് വരെ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്നാല്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് പ്രചാരണം ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

  പ്രക്ഷോഭവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷയെക്കുറിച്ചും സിംഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിംഗ്, ബിജെപിയുമായുള്ള സഖ്യം മാത്രമല്ല, ശിരോമണി അകാലിദൾ (ദിന്‍ഡ്സ) പോലെയുള്ള മറ്റ് പാര്‍ട്ടികളില്‍ കയറാനും ശ്രമിക്കുന്നുണ്ട്. കര്‍ഷക നിയമങ്ങള്‍ അസാധുവാകുന്നതോടെ, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഉത്തേജനം ലഭിക്കുകയും കോണ്‍ഗ്രസ് ഇതര ശക്തികളെ തനിയ്ക്ക് ഒപ്പം നിർത്താൻ അദ്ദേഹത്തിന് എളുപ്പമാവുകയും ചെയ്യും.

  കര്‍ഷകരുടെ 'യഥാര്‍ത്ഥ' അനുഭാവികളാണെന്ന് അവകാശപ്പെടുന്നവരുമായി ശിരോമണി അകാലിദളും (എസ്എഡി) സംസ്ഥാനത്തെ തങ്ങളുടെ രാഷ്ട്രീയത്തെ ബന്ധിപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ ഹര്‍സിമ്രത് ബാദലിന്റെ രാജി അത്തരത്തിലൊരു നടപടിയായി എസ്എഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ഷകരെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്കുവേണ്ടി തങ്ങളുടെ സ്ഥാനം വരെ ഉപേക്ഷിക്കുകയും ചെയ്ത പാര്‍ട്ടി ഇതാണെന്ന് പറഞ്ഞ്, നേരത്തെ തന്നെ അവര്‍ പ്രചാരണവും തുടങ്ങിയിരുന്നു. എന്നാല്‍ നിയമം അസാധുവാക്കിയതോടെ പാര്‍ട്ടിയുടെ അടുത്ത ഘട്ടം പ്രതിസന്ധിയിലാകും.

  കര്‍ഷകരുടെ താല്‍പര്യത്തെ ബാധിക്കുന്ന ഒരു നടപടിയും തങ്ങള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ് ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയും വിഷയത്തില്‍ (കേന്ദ്രം കാര്‍ഷിക നിയമം റദ്ദാക്കിയത്) അവകാശവാദമുന്നയിച്ചു. ചരണ്‍ജിത് സിംഗ് ചന്നി, പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം, ജനുവരി 26 ന് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്രം തടവിലാക്കിയ ഓരോരുത്തര്‍ക്കും 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ''കര്‍ഷ സൗഹൃദ'' പ്രഖ്യാപനങ്ങള്‍ നടത്തി. ഈയിടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും, വയലുകള്‍ കത്തിച്ചതിന് ഉത്തരവാദികളായ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ കാതല്‍ തന്നെ കര്‍ഷക സമരമായിരുന്നു. എന്നാൽ കേന്ദ്രം, നിയമം റദ്ദാക്കിയത്തോടെ ഇപ്പോള്‍ പാര്‍ട്ടി തങ്ങളുടെ തന്ത്രം പുനഃക്രമീകരിക്കാനും ഭരണവിരുദ്ധതയുടെ ഭീഷണികള്‍ മറികടക്കാനും ശ്രമിക്കേണ്ട സ്ഥിതിയാണ്.

  Also Read- കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ

  സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിക്ക് ഒരു മുഖ്യമന്ത്രി മുഖം തേടേണ്ടതിനൊപ്പം തിരഞ്ഞെടുപ്പ് തന്ത്രവും പുനരാലോചിക്കേണ്ടതായിവരും. വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെ വിഷയങ്ങളാകും ഉയര്‍ത്തിക്കാട്ടുക, കാര്‍ഷിക നിയമം റദ്ദാക്കിയതിന്റെ ക്രെഡിറ്റ് ആരൊക്കെ ഏറ്റെടുക്കും, പുതിയ സഖ്യങ്ങള്‍ എന്തൊക്കെയായിരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതായത് കാര്‍ഷിക നിയമം റദ്ദാക്കിയ പ്രഖ്യാപനത്തോടെ പഞ്ചാബ് രാഷ്ട്രീയം കുറച്ചുകൂടി വിശാലമായെന്നും കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും നിരീക്ഷർ ചൂണ്ടിക്കാട്ടുന്നു.
  Published by:Anuraj GR
  First published: