'വഖഫില്‍ കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലിൽ മുങ്ങിപ്പോവും'; ലോക്സഭയിൽ സുരേഷ് ഗോപി
- Published by:Rajesh V
- news18-malayalam
Last Updated:
'നാളെ രാജ്യസഭയിലെ തീരുമാനത്തിന് ശേഷം ആ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകും. നിങ്ങള്‍ അതിനായി കാത്തിരിക്കൂ'
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് സുരേഷ് ഗോപി കേരള നിയമസഭയുടെ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ചത്. വഖഫ് നിയമഭേദഗതി യാഥാർത്ഥ്യമാകുന്നതോടെ കേരളനിയമസഭയില്‍ പാസ്സാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സിപിഎം എം പി കെ രാധാകൃഷ്ണന്റെ പ്രസംഗത്തിനിടെ സുരേഷ് ഗോപിയുടെ പേരും പറഞ്ഞിരുന്നു. രാധാകൃഷ്ണന്‍റെ പ്രസംഗത്തിനു ശേഷം, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ സുരേഷ് ഗോപിയോട് ചോദിച്ചു. തുടര്‍ന്നാണ് വഖഫ് ഭേദഗതി ബില്ലിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി സംസാരിച്ചത്.
കെ രാധാകൃഷ്ണന്‍ മലയാളത്തിലാണ് വഖഫ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിച്ചത്. തന്റെ പ്രസംഗത്തില്‍ 1987ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പറയുന്നതിനിടെയാണ് രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സഭയിലിരുന്ന് ഇത് കേൾക്കുന്നുണ്ടെന്ന് സൂചിപ്പിച്ചത്.
advertisement
'കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍, അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987-ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയത്', രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം പറയുന്നതിനിടെ 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ'ന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. തുടര്‍ന്നാണ് സുരേഷ് ഗോപി സംസാരിച്ചത്.
advertisement
ആവശ്യമില്ലാതെയാണ് തന്റെ പേര് ഇപ്പോള്‍ വലിച്ചിഴച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളനിയമസഭയില്‍ ഇവര്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. നാളെ രാജ്യസഭയിലെ തീരുമാനത്തിന് ശേഷം ആ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകും. നിങ്ങള്‍ അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 02, 2025 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വഖഫില്‍ കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലിൽ മുങ്ങിപ്പോവും'; ലോക്സഭയിൽ സുരേഷ് ഗോപി


