അമ്മയ്ക്ക് സർപ്രൈസ് നൽകാനായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്‌സിഡസിന്റെ ജിഎല്‍ഇ കാറാണ് താരം ഉപയോഗിച്ചത്
ന്യൂഡല്‍ഹി: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷബ് പന്ത് അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പന്ത് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് പന്തിന്റെ വീട്.
അമ്മയ്ക്ക് സർപ്രൈസ് നൽകാനായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്‌സിഡസിന്റെ ജിഎല്‍ഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാല്‍ ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വെച്ച് താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ചു. പുലര്‍ച്ചെ ഏകദേശം 5.30 ഓടെയാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പെട്ടെന്ന് തീഗോളമായി മാറുകയായിരുന്നു. കാറിന്റെ ചില്ലുപൊട്ടിച്ചാണ് പന്തിനെ രക്ഷപ്പെടുത്തിയത്. കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുതരമായി പരിക്കേറ്റ പന്ത് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് പന്ത്. ഭാഗ്യം കൊണ്ട് മാത്രമാണ് താരം രക്ഷപ്പെട്ടതെന്ന് ഹരിദ്വാര്‍ എസ് പി വ്യക്തമാക്കി. ദേശീയ പാത 58ല്‍ നര്‍സനിന്റെയും മംഗ്ലൗറിന്റെയും ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഋഷബ് പന്ത് സാധാരണയായി ഗുരുഗ്രാമിലെ വസതിയിലാണ് താമസിക്കുന്നത്. എന്നാൽ അമ്മ റൂർക്കിയിലായതിനാൽ, പുതുവർഷത്തിൽ അവർക്ക് സർപ്രൈസ് നൽകാൻ ആഗ്രഹിച്ചു. ആ യാത്രക്കിടെയാണ് അപകടമുണ്ടായത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പന്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. പന്ത് അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ