എസ് സോമനാഥ് മുതല്‍ എം ശങ്കരന്‍ വരെ; ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നിലെ പ്രധാന വ്യക്തികള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ആ വ്യക്തിത്വങ്ങൾ ആരൊക്കെയെന്ന് നോക്കാം
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ഇന്ന് ഉച്ചയ്ക്ക് 2.35ന് വിക്ഷേപിക്കും. ശാസ്ത്രലോകം ചന്ദ്രയാന്റെ കുതിപ്പിനായി ശ്വാസമടക്കി കാത്തിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ചന്ദ്രയാന്‍-3 കുതിക്കുന്നത്. നിലവില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ വിജയകരമായി പേടകമിറക്കിയിട്ടുള്ളത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പേടകം ചന്ദ്രോപരിതലത്തിലിറക്കിയത്.
അതേസമയം ചന്ദ്രയാന്‍-3യുടെ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും നിരവധി ശാസ്ത്രജ്ഞരും ചന്ദ്രയാന്‍-3യുടെ ചെറിയ പതിപ്പുമായി തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. ദൗത്യം വിജയിക്കുന്നതിന് അനുഗ്രഹം തേടുന്നതിന്റെ ഭാഗമായായിരുന്നു ക്ഷേത്ര ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വേളയില്‍ ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചില പ്രധാന വ്യക്തികളെ പരിചയപ്പെടാം. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ആ വ്യക്തിത്വങ്ങൾ ആരൊക്കെയെന്ന് നോക്കാം.
എസ് സോമനാഥ്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രമെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. മുമ്പ് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ എന്നിവയുടെ ഡയറക്ടറായി ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളാണിവ. അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആയി സ്ഥാനമേറ്റതിന് പിന്നാലെയാണ് ചന്ദ്രയാന്‍-3, സൗരദൗത്യമായ ആദിത്യ-എല്‍1, ഗഗന്‍യാന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ശക്തി പ്രാപിച്ചത്.
advertisement
പി വീരമുത്തുവേല്‍, ചന്ദ്രയാന്‍-3 പ്രോജക്ട് ഡയറക്ടര്‍
2019ലാണ് ചന്ദ്രയാന്‍ പ്രോജക്ട് ഡയറക്ടറായി പി. വീരമുത്തുവേല്‍ സ്ഥാനമേല്‍ക്കുന്നത്. അതിന് മുമ്പ് അദ്ദേഹം ഐഎസ്ആര്‍ഒ ആസ്ഥാനത്തെ സ്‌പേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം ഓഫീസില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ചന്ദ്രയാന്‍-2 വിക്ഷേപണത്തിലും പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം.
ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍.
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-ത്രീ എന്ന് ഇന്ന് അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക്-ത്രീ നിര്‍മ്മിച്ചത് തിരുവനന്തപുരം ജില്ലയിലെ തുമ്പ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായി സ്‌പേസ് സെന്ററിലാണ് (VSSC) . വിഎസ്എസ്‌സിയുടെ തലവന്‍ എന്ന നിലയില്‍ ഈ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് എസ്. ഉണ്ണികൃഷ്ണന്‍ നായര്‍.
advertisement
എ രാജരാജന്‍, ചെയര്‍മാന്‍, ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ്
പ്രമുഖ ശാസ്ത്രജ്ഞനായ എ.രാജരാജന്‍ നിലവില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ഡയറക്ടര്‍ കൂടിയാണ്. ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് ഈ വിക്ഷേപണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
എം ശങ്കരന്‍, യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍
2021ലാണ് യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടറായി എം. ശങ്കരന്‍ ചുമതലയേറ്റത്. ഐഎസ്ആര്‍ഒയ്ക്കായി ഉപഗ്രഹങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും, അവയുടെ വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന കേന്ദ്രം കൂടിയാണിത്. മിഷൻ ഡയറക്ടർ മോഹന കുമാറും വെഹിക്കിൾ ഡയറക്ടർ ബിജു സി തോമസും ചന്ദ്രയാൻ 3 ദൌത്യത്തിൽ പ്രധാന പങ്കു വഹിക്കുന്ന മറ്റ് രണ്ടുപേരാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 14, 2023 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എസ് സോമനാഥ് മുതല്‍ എം ശങ്കരന്‍ വരെ; ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നിലെ പ്രധാന വ്യക്തികള്‍