'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന് അടിയന്തര നയപരമായ തിരുത്തലുകൾ വേണമെന്ന് സദ്ഗുരു ആവശ്യപ്പെട്ടു
കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണമെന്നും ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്യാനും കേന്ദ്ര കൃഷിമന്ത്രിയോട് ആവശ്യപ്പെട്ട് സദ്ഗുരു. വൃക്ഷാധിഷ്ഠിത കൃഷിയിലൂടെ സുസ്ഥിര വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഹൊസൂരിൽ സംഘടിപ്പിച്ച 'കാവേരി കോളിംഗ്' സെമിനാറിൽ പതിനായിരത്തിലധികം കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന് അടിയന്തര നയപരമായ തിരുത്തലുകൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കൃഷിയെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം, എന്ന് പറഞ്ഞ സദ്ഗുരു, കൃഷിഭൂമിയിൽ വളർത്തുന്ന ഉൽപ്പന്നങ്ങളും വനങ്ങളിൽ വളരുന്നവയും തമ്മിൽ വ്യക്തമായ വ്യത്യാസം വേണമെന്ന് ആവശ്യപ്പെട്ടു. “കർഷകൻ തന്റെ ഭൂമിയിൽ വളർത്തുന്നതെന്തും കർഷകന്റേതായിരിക്കണം,” എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, സ്വന്തം ഭൂമിയിൽ വളർത്തുന്ന മരങ്ങൾ വിൽക്കുന്നതിൽ നിന്ന് കർഷകരെ തടയുന്ന പ്രതിബന്ധങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര കൃഷിമന്ത്രിയോട് അഭ്യർത്ഥിച്ചു.
സ്വന്തം ഭൂമിയിൽ വളർത്തുന്ന മരങ്ങൾ മുറിക്കുന്നതിനോ വിൽക്കുന്നതിനോ ഒരു കർഷകന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും ഇത് ഒരു സർക്കാർ നയമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മണ്ണിന് എട്ടടി താഴെ കാണപ്പെടുന്നതെല്ലാം സർക്കാരിന്റേതാണ് എന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷ് കാലത്തെ നിയമം ഭേദഗതി ചെയ്യണം' എന്ന് സദ്ഗുരു ഊന്നിപ്പറഞ്ഞു.
advertisement
“എല്ലാ നിയമങ്ങളിൽ നിന്നും കർഷകർ സ്വതന്ത്രരാക്കപ്പെടണം. കമ്പോള നിയമങ്ങളാണ് ഏറ്റവും നല്ല നിയമങ്ങൾ. അവർക്ക് ഏറ്റവും അനുയോജ്യമായതും ലാഭകരമായതും എന്താണോ അത് വിളയിക്കാനും, ലോകത്തെവിടെയും അത് വിൽക്കാനും കർഷകരെ അനുവദിക്കണം,” അദ്ദേഹം കുറിച്ചു.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ അതിയമാൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 'കാവേരി കോളിംഗ്' സംഘടിപ്പിച്ച കാർഷിക സെമിനാറിൽ തമിഴ്‌നാട്ടിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ഒത്തുകൂടിയ കർഷകരെ സദ്ഗുരു അഭിസംബോധന ചെയ്തു. പാർലമെന്റ് അംഗങ്ങളായ തമ്പിദുരൈ, ഗോപിനാഥ്, എം.എൽ.എ പ്രകാശ്, ഹൊസൂർ മേയർ സത്യ, മുൻ എം.എൽ.എ മനോഹരൻ എന്നിവരും മറ്റ് നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
advertisement
രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായ ഐക്യത്തെ എടുത്തുപറഞ്ഞുകൊണ്ട്, എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരാണെന്ന് സദ്ഗുരു പറഞ്ഞു. ഓരോ വ്യക്തിയും മരങ്ങൾ നടാൻ പ്രതിജ്ഞാബദ്ധരായാൽ ഈ കൂട്ടായ ലക്ഷ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യം ജനങ്ങളെ സേവിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ആധാരമായ കാര്യങ്ങളിൽ നാമെല്ലാവരും വ്യത്യസ്ത അഭിപ്രായക്കാരാകരുത്. ഇപ്പോൾ നാമെല്ലാവരും ഒരേ വേദിയിലാണ്, ഒരേ ചിന്താഗതിക്കാരാണ്, അത് വളരെ ഭാഗ്യകരമാണ്.
കേന്ദ്ര കൃഷിമന്ത്രിക്ക് സേവ് സോയിലിൻ്റെ നയരൂപീകരണ ശുപാർശകൾ കൈമാറിയ സദ്ഗുരു, വൃക്ഷാധിഷ്ഠിത കൃഷി വൻതോതിൽ വ്യാപിപ്പിക്കുന്നതിനായി കർഷകർ, ലോകമെമ്പാടുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ, ഐക്യരാഷ്ട്ര സഭാ ഏജൻസികൾ, കൃഷി മന്ത്രാലയം എന്നിവരടങ്ങുന്ന ഒരു സഹകരണ വേദി രൂപീകരിക്കുന്നതിന് തന്റെ പിന്തുണ വാഗ്ദാനം ചെയ്തു.
advertisement
ചടങ്ങിൽ സംസാരിച്ച കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, 'കാവേരി കോളിംഗ്' പദ്ധതി ആരംഭിച്ചതിന് സദ്ഗുരുവിനെ അഭിനന്ദിച്ചു. ഈ പ്രസ്ഥാനത്തിന് ആഗോളതലത്തിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാവേരി കോളിംഗ് പ്രോത്സാഹിപ്പിക്കുന്ന വൃക്ഷാധിഷ്ഠിത കൃഷി രീതി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും, ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയും, കാവേരി നദിയുടെ പുനരുജ്ജീവനത്തിന് സഹായകമാവുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു.
സദ്ഗുരുവിൻ്റെ സമാനതകളില്ലാത്ത സംഭാവനകൾക്ക് ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച്, ദക്ഷിണേന്ത്യയുടെ ജീവരക്തമായ കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാൻ സദ്ഗുരു തുടക്കം കുറിച്ച ‘കാവേരി കോളിംഗ്’ പ്രസ്ഥാനം ഇന്ന് ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു,” മന്ത്രി പറഞ്ഞു.
advertisement
കാവേരി കോളിംഗ് പദ്ധതിയുടെ സ്വാധീനത്തിൽ ആകൃഷ്ടനായ കേന്ദ്ര കൃഷിമന്ത്രി, വൃക്ഷാധിഷ്ഠിത കൃഷിയിൽ ഒരു ദേശീയ നയം രൂപീകരിക്കുന്നതിന് സഹായിക്കുന്നതിനായി തങ്ങളുടെ പഠനങ്ങളും അനുഭവങ്ങളും മന്ത്രാലയവുമായി പങ്കുവെക്കാൻ കാവേരി കോളിംഗ് ടീമിനെ ക്ഷണിച്ചു.
അഞ്ച് ദേശീയ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന കാർഷിക ശാസ്ത്രജ്ഞരും നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള പുരോഗമന കർഷകരും സെമിനാറിൽ പങ്കെടുത്തു. ഉയർന്ന വരുമാനം നൽകുന്ന വൃക്ഷ-വിള സാങ്കേതിക വിദ്യകളും യഥാർത്ഥ ജീവിതത്തിലെ വിജയഗാഥകളും അവർ കർഷകരുമായി പങ്കുവെച്ചു.
അഗ്രോ-ഫോറസ്ട്രി മാതൃകയുടെ വിജയത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 'കാവേരി കോളിംഗ്' പതിവായി ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. ഈ മാതൃക സ്വീകരിച്ച് വിജയിച്ച കർഷകരുമായും വിദഗ്ധരുമായും സംവദിക്കാൻ മറ്റ് കർഷകർക്ക് ഇത് ഒരു അവസരമൊരുക്കുന്നു.
advertisement
സദ്ഗുരു വിഭാവനം ചെയ്ത 'കാവേരി കോളിംഗ്' പ്രസ്ഥാനം, 8.4 കോടി ജനങ്ങളുടെ ജീവനാഡിയായ കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനും സ്വകാര്യ കൃഷിഭൂമികളിൽ 242 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ കർഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ഇതുവരെ 12.8 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനും 2,50,000 കർഷകരെ വൃക്ഷാധിഷ്ഠിത കൃഷിയിലേക്ക് നയിക്കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 28, 2025 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു









