ഇളയ മകന്റെ മുറിയിൽ നിന്ന് ശബ്ദം; സെയ്ഫ് അലിഖാനെത്തിയത് പരിക്കേറ്റ മലയാളി ആയയുടെ കരച്ചിൽ കേട്ട്; കരീനയെയും ഉപദ്രവിക്കാൻ ശ്രമം
- Published by:Rajesh V
- news18-malayalam
Last Updated:
സെയ്ഫും കരീനയും ഓടിയെത്താൻ വേണ്ടിയാണ് അക്രമിയെ കണ്ടയുടൻ താൻ ഉറക്കെ കരഞ്ഞതെന്ന് ഇളയ മകൻ ജേയെ പരിപാലിക്കുന്ന മലയാളിയായ ആയ ഏലിയാമ്മ ഫിലിപ്പ് പൊലീസിന് മൊഴി നൽകി
മുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിലുള്ള സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്ക് വീട്ടിൽ കയറിയ യുവാവ് കത്തികൊണ്ട് 6 തവണയാണ് സെയ്ഫിനെ കുത്തിയത്. നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയതായി ഡോക്ടർമാർ അറിയിച്ചു. ഭാര്യയും നടിയുമായ കരീന കപൂറും മക്കളും ജോലിക്കാരും സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി ആയയുടെ മൊഴി പുറത്തുവന്നു.
സെയ്ഫും കരീനയും ഓടിയെത്താൻ വേണ്ടിയാണ് അക്രമിയെ കണ്ടയുടൻ താൻ ഉറക്കെ കരഞ്ഞതെന്ന് ഇളയ മകൻ ജേയെ പരിപാലിക്കുന്ന മലയാളിയായ ആയ ഏലിയാമ്മ ഫിലിപ്പ് പൊലീസിന് മൊഴി നൽകി. ഏലിയാമ്മ 4 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. 'ജേയുടെ മുറിയിൽ നിന്നു ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. അപരിചിതനെ കണ്ട് ഞെട്ടി. ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള യുവാവ്. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളും തലയിൽ തൊപ്പിയും ധരിച്ചിരുന്നു. മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തിയ അയാൾ ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. വടിയും കത്തിയും കൈയിലുണ്ടായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഞാൻ ഉറക്കെ കരയുന്നതു കേട്ടാണ് സെയ്ഫ് അലി ഖാനെത്തിയത്. ആരാണെന്നും എന്താണ് വേണ്ടതെന്നും സെയ്ഫ് ചോദിച്ചപ്പോൾ ആക്രമിക്കുകയായിരുന്നു. കരീനയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന ജീവനക്കാരായ രമേഷ്, ഹരി, രാമു, പാസ്വാൻ എന്നിവർ സഹായത്തിനെത്തിയപ്പോഴേക്കും വാതിൽ തുറന്ന് അക്രമി രക്ഷപ്പെട്ടു. സെയ്ഫ് അലി ഖാന്റെ മുറിവുകളിൽ നിന്നു രക്തം ഒലിക്കുന്നുണ്ടായിരുന്നു- ഏലിയാമ്മ പറഞ്ഞു.
advertisement
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരുടെയും സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ചാണ് അക്രമി 11-ാം നിലയിലാണ് കടന്നുകയറിയത്. മോഷണത്തിനാണ് യുവാവ് എത്തിയതെന്നും തടയാനുള്ള ശ്രമത്തിനിടെയാണ് നടനു കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു. ഡ്രൈവർ ഇല്ലാത്തതിനാൽ വീട്ടുജോലിക്കാർ ഓട്ടോ വിളിച്ചാണ് പുലർച്ചെ മൂന്നിന് സെയ്ഫിനെ സമീപത്തെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്.
advertisement
പൊലീസ് സെയ്ഫ് അലി ഖാന്റെയും ജോലിക്കാരുടെയും മൊഴിയെടുത്തു. വീട്ടിലെ ഒരു ജോലിക്കാരിക്ക് അക്രമിയെ പരിചയമുണ്ടെന്നും അവരുടെ അറിവോടെയാണ് ഇയാൾ വീട്ടിലെത്തിയതെന്നും സംശയമുണ്ട്. ക്രിക്കറ്റ് താരം പരേതനായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും നടി ഷർമിള ടഗോറിന്റെയും മകനാണ് സെയ്ഫ് അലി ഖാൻ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 17, 2025 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇളയ മകന്റെ മുറിയിൽ നിന്ന് ശബ്ദം; സെയ്ഫ് അലിഖാനെത്തിയത് പരിക്കേറ്റ മലയാളി ആയയുടെ കരച്ചിൽ കേട്ട്; കരീനയെയും ഉപദ്രവിക്കാൻ ശ്രമം