'കത്തി ഒരു മില്ലിമീറ്റര്‍ കൂടി ഇറങ്ങിയിരുന്നെങ്കില്‍ സെയ്ഫ് അലിഖാൻ്റെ ജീവന്‍ അപകടത്തിലാകുമായിരുന്നു'; ഡോക്ടര്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ അപകടനില തരണം ചെയ്തു
കത്തി ഒരു മില്ലിമീറ്റര്‍ കൂടി ആഴത്തില്‍ ഇറങ്ങിയിരുന്നെങ്കില്‍ നടന്‍ സെയ്ഫ് അലിഖാന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്ന് ലീലാവതി ആശുപത്രിയിലെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍. വ്യാഴാഴ്ച പുലര്‍ച്ചെ ബാന്ദ്രയിലെ നടന്റെ വസതിയില്‍ മോഷ്ടിക്കാനെത്തിയയാള്‍ നടത്തിയ കത്തിയാക്രമണത്തില്‍ നടന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറ് മുറിവുകളാണ് നടന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം മാരക മുറിവുകളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പരിക്കുകളിലൊന്ന് നട്ടെല്ലിനോട് ചേര്‍ന്നാണ്.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷം നടന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കരീന കപൂര്‍ ഖാന്‍ സോഷ്യൽ മീഡിയയിലൂടെ അപകടത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആരാധകരുടെയും അഭ്യദയകാംക്ഷികളുടെയും സ്‌നേഹത്തിനും കരുതലിനും അവര്‍ നന്ദി പറഞ്ഞു. എങ്കിലും കുടുംബത്തിന്റെ സ്വകാര്യ എല്ലാവരും മാനിക്കണമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അവര്‍ അഭ്യര്‍ത്ഥിച്ചു.
ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ അപകടനില തരണം ചെയ്തു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം.
നടന്‍ താമസിച്ചിരുന്ന വീടിന്റെ ടെറസില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന രണ്ട് തൊഴിലാളികളെ മുംബൈ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കണ്ടെത്താന്‍ പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷ. നടന്‍ താമസിച്ചിരുന്ന കെട്ടിടത്തെക്കുറിച്ച് അക്രമിക്ക് നല്ല അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
advertisement
13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള നാല് നിലകളിലായാണ് നടന്റെ വസതി. കെട്ടിടത്തിന്റെ ആറാം നിലയില്‍ താമസിക്കുന്നയാള്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പിന്‍വാതിലിലൂടെയാണ് അക്രമി രക്ഷപ്പെട്ടതെന്നും അതിനാല്‍ സിസിടിവിയില്‍ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ അപലപിച്ചു. നടന് കുത്തേറ്റ സംഭവത്തെ മനുഷ്യത്വരഹിതമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അശോക് പണ്ഡിറ്റ് വിശേഷിപ്പിച്ചു. സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തെ അസോസിയേഷന്‍ ചോദ്യം ചെയ്തു.
advertisement
സംഭവത്തില്‍ ബാന്ദ്ര പൊലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് താരങ്ങള്‍. സെലിബ്രിറ്റികളും വിഐപികളും താമസിക്കുന്ന ബാന്ദ്രയിലെ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നതും ചര്‍ച്ചയാവുന്നുണ്ട്.
കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണ് താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.
Location :
Mumbai,Maharashtra
First Published :
January 17, 2025 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Photos/
'കത്തി ഒരു മില്ലിമീറ്റര്‍ കൂടി ഇറങ്ങിയിരുന്നെങ്കില്‍ സെയ്ഫ് അലിഖാൻ്റെ ജീവന്‍ അപകടത്തിലാകുമായിരുന്നു'; ഡോക്ടര്‍