എൻസിപിയെ നയിക്കാൻ ശരത് പവാറിന്റെ മകൾ; സുപ്രിയ സുലെയുടെ രാഷ്ട്രീയ ജീവിതം
- Published by:Vishnupriya S
- news18-malayalam
Last Updated:
പാർട്ടിയുടെ 25-ാം വാര്‍ഷികാഘോഷ പരിപാടികൾ ഡല്‍ഹിയില്‍ നടക്കുന്നതിനിടെ ശരത് പവാറാണ് പ്രഖ്യാപനം നടത്തിയത്
എൻസിപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ, പ്രഫുല്‍ പട്ടേലൽ എന്നിവരെ നിയമിച്ചു. പാർട്ടിയുടെ 25-ാം വാര്‍ഷികാഘോഷ പരിപാടികൾ ഡല്‍ഹിയില്‍ നടക്കുന്നതിനിടെ ശരത് പവാറാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം ശരത് പവാറിന്‍റെ പിന്‍ഗാമിയായി സുപ്രിയ സുലെ എന്‍സിപിയെ നയിച്ചേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
അച്ഛനെപ്പോലെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച മകൾ സുപ്രിയ സുലെ ബാരാമതി എംപിയാണ്. 2006 ലാണ് സുപ്രിയ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും പിന്നീട് സുലെ 2009-ൽ മഹാരാഷ്ട്രയിലെ ബാരാമതി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2009ലെ തന്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയ സുലെ പരാജയപ്പെടുത്തിയത്. കാന്ത നലവ്‌ഡെ ആയിരുന്നു അന്നത്തെ ബിജെപി സ്ഥാനാർഥി.
advertisement
2014ൽ ബിജെപി മോദി തരംഗം സൃഷ്ടിച്ചതിനിടയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതിലും സുപ്രിയ പ്രശസ്തി നേടിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിലെ മുൻ ക്യാബിനറ്റ് മന്ത്രിയും ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയുമായ മഹാദേവ് ജങ്കറിനെ ആയിരുന്നു ഇവർ പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പിൽ 69,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയ വിജയിച്ചത്. കൂടാതെ കോർപ്പറേറ്റ് കാര്യങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റികളും ഉൾപ്പെടെ നിരവധി പാർലമെന്ററി കമ്മിറ്റികളുടെ ഭാഗമായും സുപ്രിയ പ്രവർത്തിച്ചിട്ടുണ്ട്.
ശേഷം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുലെ ബിജെപിയുടെ കാഞ്ചൻ കുലിനെ പരാജയപ്പെടുത്തിയത്. പാർലമെന്റിലെ ഒരു ജനപ്രതിനിധി എന്ന നിലയിൽ, സാധാരണ പൗരന്മാരുടെ നിരവധി പ്രശ്നങ്ങൾ സുളെ ചൂണ്ടി കാണിച്ചിട്ടുണ്ട്. സ്ത്രീകൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ, കർഷകർ എന്നിവർക്ക് വേണ്ടി പലപ്പോഴും ശബ്ദമുയർത്തിയിട്ടുള്ള ഒരാൾ കൂടിയാണ് സുപ്രിയ സുലെ. തന്റെ പ്രകടനത്തിന് ‘മികച്ച പാർലമെന്റേറിയൻ’ അവാർഡും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
advertisement
അതേസമയം 2011-ൽ, പെൺഭ്രൂണഹത്യയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി കാമ്പയിൻ ആരംഭിച്ചതോടെയാണ് സുലെ ആദ്യമായി ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അന്ന് സംസ്ഥാനത്തുടനീളം പദയാത്രകളും കലാലയ പരിപാടികളും ഉൾപ്പെടുത്തിയാണ് ഇവർ പ്രചാരണം നടത്തിയത്. ഇതിനിടയിൽ അവർ മഹാരാഷ്ട്രയിലുടനീളം സഞ്ചരിക്കുകയും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെ സന്ദർശിക്കുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ ബോധവത്കരിക്കാനും മുൻകൈയെടുത്ത് പ്രവർത്തിച്ചു .
തുടർന്ന് 2012ൽ സുലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കായി ഒരു വിഭാഗം രൂപീകരിച്ചു. രാഷ്ട്രവാദി യുവതി കോൺഗ്രസ് എന്നായിരുന്നു അതിന്റെ പേര്. പെൺ ഭ്രൂണഹത്യ, സ്ത്രീധന സമ്പ്രദായം, സ്ത്രീ ശാക്തീകരണം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബോധവത്കരിക്കുന്നതിനായി ഈ വിഭാഗത്തിന് കീഴിൽ ഒരു പരിപാടിയും സുലെ സംഘടിപ്പിച്ചിരുന്നു.
advertisement
അതേസമയം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മുന്നില്‍ കണ്ടാണ് സുപ്രധാന ചുമതലയായ വർക്കിങ് പ്രസിഡന്റ് സ്ഥാനം സുപ്രിയ സുലെക്കും പ്രഫുല്‍ പട്ടേലിനും നൽകിയതെന്ന് എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബല്‍ മാധ്യമങ്ങളോട് പറഞ്ഞു. എൻസിപിയുടെ വനിത യുവജന വിഭാഗത്തിന്‍റെ ചുമതലയും സുപ്രിയ സുലെയ്ക്കാണ് നൽകിയിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Jun 10, 2023 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എൻസിപിയെ നയിക്കാൻ ശരത് പവാറിന്റെ മകൾ; സുപ്രിയ സുലെയുടെ രാഷ്ട്രീയ ജീവിതം








