പത്ത് ദിവസമായി ഇഷ്ടഭക്ഷണം ഉപേക്ഷിച്ചു; ഭീമന്‍ ആമ ചാണക്യ 125-ാം വയസ്സില്‍ വിടവാങ്ങി
- Published by:Arun krishna
- news18-malayalam
Last Updated:
മൃഗശാലയിലെ വെറ്ററിനറി തലവന്‍ ഡോ. എംഎ ഹക്കീമിന്റെ നേതൃത്വത്തില്‍ ചാണക്യയെ നിരീക്ഷിച്ചു വരികയായിരുന്നു.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ ഗാര്‍ഡനിലെ താരമായിരുന്ന ഭീമന്‍ ആമ ചാണക്യ വിടപറഞ്ഞു. 125 വയസ്സ് പ്രായം കണക്കാക്കുന്ന ആമ മൃഗശാലയിലെത്തുന്ന കാഴ്ചക്കാരുടെ മനംകവര്‍ന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാണക്യ ഭക്ഷണം കഴിച്ചിരുന്നില്ല. മൃഗശാലയിലെ വെറ്ററിനറി തലവന്‍ ഡോ. എംഎ ഹക്കീമിന്റെ നേതൃത്വത്തില്‍ ചാണക്യയെ നിരീക്ഷിച്ചു വരികയായിരുന്നു. ചീരയും മധുരക്കിഴങ്ങുമായിരുന്നു ആമയുടെ ഇഷ്ടഭക്ഷണം. ഇവ നല്‍കിയിട്ടും കഴിഞ്ഞ പത്ത് ദിവസമായി ചാണക്യ ഒന്നും കഴിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ ആമയുടെ കൂട് വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരനാണ് ചാണക്യയുടെ മരണവിവരം അറിയുന്നത്.
95 വയസ്സുള്ള മറ്റൊരു ആമയും ഈ മൃഗശാലയിലുണ്ട്. മൃഗശാലയുടെ ഉദ്ഘാടനം മുതല്‍ ഇവര്‍ രണ്ടുപേരും ഇവിടുത്തെ മുഖ്യ ആകര്‍ഷണമായിരുന്നു. 1963-ല്‍ നാംപള്ളിയിലെ പബ്ലിക് ഗാര്‍ഡനില്‍ നിന്നാണ് ചാണക്യയെ മൃഗശാലയില്‍ എത്തിച്ചത്. പിന്നീട് ഇക്കാലമത്രയും ഹൈദരാബാദ് മൃഗശാലയിലായിരുന്നു ചാണക്യയുടെ വാസം. മൃഗശാല സ്ഥാപിക്കുന്നതിന് മുമ്പ് പബ്ലിക് ഗാര്‍ഡനിലായിരുന്നു മൃഗങ്ങളെ പാര്‍പ്പിച്ചിരുന്നത്. ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന പാര്‍ക്കായ പബ്ലിക് ഗാര്‍ഡന്‍ ഏഴാമത്തെ നിസാമാണ് സ്ഥാപിച്ചത്.
ചാണക്യയുടെ ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ രാജേന്ദ്രനഗറിലെ വെറ്ററിനറി ബയോളജിക്കല്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ആമ ഇനങ്ങളില്‍ ഏറ്റവും വലിപ്പമേറിയതാണ് ഗാലപ്പഗോസ് ഭീമന്‍ ആമ. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍ (Evolution of Species' theory) അവയ്ക്ക് നിര്‍ണായകസ്ഥാനമുണ്ട്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള സുപ്രധാന നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ചാള്‍സ് ഡാര്‍വിന്‍ ഈ ഭീമന്‍ ആമ ഇനത്തെ വര്‍ഷങ്ങളോളം പഠനവിധേയമാക്കിയിരുന്നു.
advertisement
പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍ എന്നിവ ഉള്‍പ്പടെ 193 ജന്തുവര്‍ഗങ്ങളാണ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ഉള്ളത്. വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വ ഇനത്തില്‍പ്പെട്ടതുമായ ഒട്ടേറെ ജീവജാലങ്ങള്‍ ഇവിടെയുണ്ട്. കാണ്ടാമൃഗം, ആന, നീലഗിരി ലാംഗൂര്‍, സിംഹവാലന്‍ കുരങ്ങ്, ഗ്രേ പെലിക്കണ്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കറുത്ത തലയുള്ള ഞാറപക്ഷി (Black-headed ibis), യൂറേഷ്യന്‍ സ്പൂണ്‍ബില്‍, ഇന്ത്യന്‍ മലമ്പാമ്പ്, ഇന്ത്യന്‍ നക്ഷത്ര ആമ, ഇന്ത്യന്‍ ഓന്ത് എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ, ഒറാങ്ങുട്ടാന്‍, ഹിപ്പോപൊട്ടാമസ്, ആഫ്രിക്കന്‍ സിംഹം, ഒട്ടകപക്ഷി, ഗ്രീന്‍ ഇഗ്വാന എന്നിവയുടെ പ്രജനനം ഇവിടെ വിജയകരമായി നടത്തിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
March 18, 2024 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പത്ത് ദിവസമായി ഇഷ്ടഭക്ഷണം ഉപേക്ഷിച്ചു; ഭീമന്‍ ആമ ചാണക്യ 125-ാം വയസ്സില്‍ വിടവാങ്ങി