'ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം സ്വകാര്യം; വിവാഹ മോചന കേസാണെങ്കിൽ അതൊരു തെളിവ്'; സുപ്രീം കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഭാഷണങ്ങൾ ഒരു കക്ഷി രഹസ്യമായി റെക്കോർഡ് ചെയ്തതിനാൽ തെളിവായി അത്തരം റെക്കോർഡിംഗുകൾ അനുവദിക്കുന്നത് നീതീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
പങ്കാളിയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ഭാര്യയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കുടുംബകോടതികളില്‍ ഇത്തരം റെക്കോര്‍ഡിംഗുകള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
പങ്കാളിയുടെ രഹസ്യമായി റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണം വിവാഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ തെളിവായി സ്വീകരിക്കാമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവടങ്ങിയ ബെഞ്ച് വിധിച്ചു.
''ഇത്തരത്തിലുള്ള തെളിവുകള്‍ അനുവദിക്കുന്നത് കുടുംബ ഐക്യത്തെയും ദാമ്പത്യ ബന്ധങ്ങളെയും അപകടത്തിലാക്കുമെന്നും അത് പങ്കാളികളെ രഹസ്യമായി നിരീക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അതിനാല്‍ എവിഡന്‍സ് നിയമത്തിലെ സെക്ഷന്‍ 122ന്റെ ലക്ഷ്യം ലംഘിക്കപ്പെടുമെന്ന വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത്തരമൊരു വാദം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. പങ്കാളികള്‍ പരസ്പരം സജീവമായി നിരീക്ഷിക്കുന്ന ഒരു ഘട്ടത്തില്‍ തങ്ങളുടെ വിവാഹജീവിതം എത്തിയിട്ടുണ്ടെങ്കില്‍ അത് തന്നെ തകര്‍ന്ന ബന്ധത്തിന്റെ ലക്ഷണമാണെന്നും ഇരുവരും തമ്മിലുള്ള വിശ്വാസക്കുറവിനെയാണ് അത് സൂചിപ്പിക്കുന്നതെന്നും'' വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി പറഞ്ഞു.
advertisement
പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഭർത്താവ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷനിലാണ്(SLP) സുപ്രീം കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. തെളിവ് നിയമത്തിന്റെ 122–ാം വകുപ്പ് അനുസരിച്ച് ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണെന്നും എന്നാൽ വിവാഹ മോചന കേസിലാണെങ്കിൽ അതൊരു തെളിവായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി
പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്യുന്നതിനെതിരേ ഹൈക്കോടതി വിധി
ദമ്പതികളുടെ വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടു ചെയ്തു. ഭാര്യയുടെ റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഒരു കോംപാക്ട് ഡിസ്‌ക് ഉപയോഗിച്ച് ക്രൂരത ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാന്‍ ഭട്ടിന്‍ഡയിലെ കുടുംബ കോടതി ഭര്‍ത്താവിന് അനുമതി നല്‍കി.
advertisement
ഇതിനെ ചോദ്യം ചെയ്ത് തന്റെ സമ്മതമില്ലാതെയാണ് റെക്കോഡിംഗ് നടത്തിയതെന്നും അത് സ്വീകരിക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും വാദിച്ച് ഭാര്യ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയുടെ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. സംഭാഷണങ്ങൾ ഒരു കക്ഷി രഹസ്യമായി റെക്കോർഡ് ചെയ്തതിനാൽ തെളിവായി അത്തരം റെക്കോർഡിംഗുകൾ അനുവദിക്കുന്നത് നീതീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ക്രോസ് വിസ്താരം നടത്തിയാലും അത്തരം സന്ദര്‍ഭങ്ങള്‍ വിലയിരുത്താല്‍ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചു.
advertisement
ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശം പൂര്‍ണമല്ലെന്നും അത് മറ്റ് അവകാശങ്ങളും മൂല്യങ്ങളുമായും സന്തുലിതമാകണമെന്നും ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
1872ലെ ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിലെ സെക്ഷന്റെ 122നെക്കുറിച്ച് പരാമര്‍ശിച്ച അഭിഭാഷകന്‍ വിവാഹമോചനം തേടുന്ന സന്ദര്‍ഭങ്ങളില്‍ വിവാഹിതര്‍ തമ്മിലുള്ള ആശയവിനിമയം വെളിപ്പെടുത്താമെന്നും വാദിച്ചു.
1984ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷന്‍ 14, 12 എന്നിവ പരാമര്‍ശിച്ച ഹര്‍ജിക്കാരന്‍ ന്യായമായ വിചാരണ ഉറപ്പാക്കുന്നതിനും ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കങ്ങളിൽ സത്യം കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുമാണ് ഈ വ്യവസ്ഥകള്‍ നടപ്പിലാക്കിയതെന്നും സുപ്രീം കോടതിയില്‍ വാദിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
July 16, 2025 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം സ്വകാര്യം; വിവാഹ മോചന കേസാണെങ്കിൽ അതൊരു തെളിവ്'; സുപ്രീം കോടതി