ഡല്‍ഹി ജുമാ മസ്ജിദിന് പുതിയ ഇമാം; 29കാരനായ സയ്യിദ് ഷബാന്‍ ബുഖാരി
- Published by:Rajesh V
- trending desk
Last Updated:
നിലവിലെ ഷാഹി ഇമാമായ സയ്യിദ് അഹമ്മദ് ബുഖാരിയുടെ മകനാണ് സയ്യിദ് ഷബാന്‍ ബുഖാരി. തന്റെ പിന്‍ഗാമിയായി സയ്യിദ് ഷബാന്‍ ബുഖാരിയെ അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഡല്‍ഹി ജുമാമസ്ജിദിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമാകാൻ സയ്യിദ് ഷബാന്‍ ബുഖാരി. നിലവിലെ ഷാഹി ഇമാമായ സയ്യിദ് അഹമ്മദ് ബുഖാരിയുടെ മകനാണ് സയ്യിദ് ഷബാന്‍ ബുഖാരി. തന്റെ പിന്‍ഗാമിയായി സയ്യിദ് ഷബാന്‍ ബുഖാരിയെ അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിക്കും.
നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇസ്ലാമിക് പണ്ഡിതരുടെയും പുരോഹിതരുടെയും സാന്നിധ്യത്തില്‍ മസ്ജിദില്‍ വെച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജുമാമസ്ജിദ് അധികൃതര്‍ പറഞ്ഞു.
29 കാരനായ ഷബാന്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയ ആളുകൂടിയാണ്. നോയിഡയിലെ അമിറ്റി സര്‍വകലാശാലയിലാണ് ഇദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയത്. കൂടാതെ ഡല്‍ഹി മദ്രസയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമായിരിക്കും ഷബാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം മതപണ്ഡിതന്‍മാര്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയാണ് ഞായറാഴ്ച സംഘടിപ്പിക്കുന്നതെന്ന് അഹമ്മദ് ബുഖാരി പറഞ്ഞു. കൂടാതെ ഡല്‍ഹിയിലെ സര്‍ക്കാരുദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ഫെബ്രുവരി 27ന് നടക്കുന്ന വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
'' രണ്ട് വര്‍ഷം മുമ്പാണ് അടുത്ത ഇമാമിനെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. പേരുകള്‍ നിര്‍ദ്ദേശിക്കുന്നതിനും മറ്റുമായി ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആദ്യം കുടുംബത്തില്‍ ഇതേപ്പറ്റി ചര്‍ച്ച ചെയ്യുന്നു. ശേഷം മതപണ്ഡിതന്‍ ഇക്കാര്യത്തില്‍ ഇടപെടുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് കമ്മിറ്റി പേര് ചര്‍ച്ച ചെയ്യുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്യുന്നു. ഷബാന്റെ പേര് ആറ് മാസം മുമ്പാണ് അംഗീകരിച്ചത്. പിന്നീട് ചടങ്ങിനുള്ള തീയതി ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു,'' എന്ന് അഹമ്മദ് ബുഖാരി പറഞ്ഞു.
മസ്ജിദിന്റെ ഷാഹി ഇമാം പദവിയാണ് അഹമ്മദ് ബുഖാരി വഹിക്കുന്നത്. മസ്ജിദിന്റെ 13ാമത് ഷാഹി ഇമാം കൂടിയാണ് ഇദ്ദേഹം. 2000, ഒക്ടോബറിലാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. ചുമതലയേല്‍ക്കാന്‍ ഷബാന്‍ പ്രാപ്തനാകുന്നത് വരെ മസ്ജിദിന്റെ പ്രധാന പുരോഹിതനായി ഇദ്ദേഹം തുടരുന്നാണ്.
advertisement
മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തി 1650കളില്‍ പണികഴിപ്പിച്ച പള്ളിയാണ് ജുമാ മസ്ജിദ്. 1656ല്‍ മസ്ജിദിന്റെ ആദ്യ ഇമാമായി ഷാജഹാന്‍ ചക്രവര്‍ത്തി അബ്ദുള്‍ ഗഫൂര്‍ ഷാ ബുഖാരിയെ നിയമിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്വദേശിയായിരുന്നു ഇദ്ദേഹം.
2014 നവംബറില്‍ ഷബാനെ ഡെപ്യൂട്ടി ഷാഹി ഇമാമായി നിയമിച്ചിരുന്നു. ഈ ചടങ്ങിലേക്ക് അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് വാര്‍ത്തയാകുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 24, 2024 10:39 AM IST