ചെന്നൈ: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് മോട്ടോർ വാഹനനിയമം (Motor Vehicle Act) പുതുക്കി തമിഴ്നാട് (Tamil Nadu) സർക്കാർ. ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി മുതൽ കേസെടുക്കാം. പരാതിയിൻമേൽ അറസ്റ്റ് ചെയ്യാനും സാധിക്കും. അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം പുതുക്കിയ നിയമം പ്രകാരം ഗുരുതരമായ കുറ്റങ്ങളായി കണക്കാക്കും.
ബസിലെ കണ്ടക്ടർക്കാണ് ഇത്തരം വിഷയങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകിയിരിക്കുന്നത്. യാത്ര ചെയ്യുന്നതിനിടയിൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാൽ യാത്രക്കാരനെ ബസ്സിൽ നിന്ന് പുറത്താക്കി പൊലീസ് സ്റ്റേഷനിൽ എത്തിക്കേണ്ടത് കണ്ടക്ടറുടെ ചുമതലയാണ്. സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച് നോക്കൽ, ലൈംഗികമായി സ്പർശിക്കൽ, മൊബൈലിൽ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കൽ എന്നിവയെല്ലാം കുറ്റകരമായ പ്രവൃത്തികളാണ്. ഇതിനെല്ലാം ശിക്ഷ ഉറപ്പാക്കുന്നവയാണ് തമിഴ്നാട്ടിലെ പുതിയ നിയമം.
Also Read- ഡൽഹി സർക്കാരിന്‍റെ മദ്യനയം: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പടെ 15 പേർക്കെതിരെ സിബിഐ കേസെടുത്തു
സ്ത്രീകളോട് മോശമായി പെരുമാറിയാൽ കണ്ടക്ടർക്കെതിരെയും നടപടിയുണ്ടാവും. പുതിയ നിയമം പ്രകാരം കർശന ശിക്ഷകളാണ് കണ്ടക്ടർക്കെതിരെ ഉണ്ടാവുക. സഹായിക്കുകയെന്ന നാട്യത്തിൽ ബസ്സിൽ നിന്ന് ഇറങ്ങുമ്പോഴോ കയറുമ്പോഴോ സ്ത്രീയെ മോശമായി സ്പർശിച്ചാൽ കണ്ടക്ടർക്കെതിരെ നടപടി ഉണ്ടാവുമെന്നും പുതുക്കിയ മോട്ടോർ വാഹനനിയമം പറയുന്നു. കണ്ടക്ടർമാർ സ്ത്രീകളെക്കുറിച്ച് മോശമായ കമന്റുകളോ, ലൈംഗികച്ചുവയോടെ ഉള്ള പരാമർശങ്ങളോ, തമാശകളോ പറഞ്ഞാലും ശിക്ഷ ലഭിക്കും.
സ്ത്രീകൾക്കെതിരെ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ഏതൊരു പുരുഷ യാത്രക്കാരനെയും സീറ്റിൽ നിന്ന് എണീപ്പിച്ച് പുറത്താക്കേണ്ട ബാധ്യത കണ്ടക്ടർക്കുണ്ട്. സഹയാത്രികരോട് കൂടി സംസാരിച്ച് കുറ്റത്തിൻെറ ഗൗരവം കണക്കിലെടുത്ത് യാത്രക്കാരനെ പോലീസിനെ കൈമാറാവുന്നതാണ്. സ്ത്രീയുടെ പരാതിയും യാത്രക്കാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്ത് നിജസ്ഥിതി എന്തെന്ന് ആദ്യം മനസ്സിലാക്കണം.
സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ ബസ് നിർത്തി പരാതിയെക്കുറിച്ച് അന്വേഷിക്കണം. യാത്രക്കാരൻ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ ഇയാളെയും കൊണ്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തണം. അവിടെ വെച്ച് പരാതിക്കാരിക്ക് പരാതി എഴുതി നൽകാവുന്നതാണ്. പിന്നീടുള്ള ഉത്തരവാദിത്വം പൊലീസിന്റേതാണ്.
ഇത് കൂടാതെ ബസ്സിൽ പരാതികൾ എഴുതി വെക്കുന്നതിന് വേണ്ടി ഒരു പുസ്തകം വെക്കേണ്ടതും കണ്ടക്ടറുടെ ഉത്തരവാദിത്വമാണ്. ഏതൊരു യാത്രക്കാരനും ഈ പുസ്തകത്തിൽ പരാതി എഴുതി വെക്കാവുന്നതാണ്. ബസ് കണ്ടക്ടർ മോശമായി പെരുമാറിയാലും ബസ് ജീവനക്കാരുടെ ഇടപെടൽ ശരിയല്ലെന്ന് ബോധ്യപ്പെട്ടാലും ഈ പുസ്തകത്തിൽ രേഖപ്പെടുത്തി വെക്കാൻ സാധിക്കും. കണ്ടക്ടർക്കെതിരായ പരാതികൾ ഈ പുസ്തകത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പിനും മനസ്സിലാക്കാൻ സാധിക്കും.
Also Read- Super Vasuki | മൂന്നര കിലോമീറ്റർ നീളം; ഇന്ത്യയിലെ ഏറ്റവും വലിയ ചരക്ക് തീവണ്ടി 'സൂപ്പർ വാസുകി'
യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രഖ്യാപിച്ചിട്ടുള്ളത്. 1989ലെ നിയമമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പുതുക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti women scene in lucifer, Motor vehicle act, Tamil nadu, Women