ചെന്നൈ: ഇടുക്കിയിലെ കുമളിക്ക് സമീപം തമിഴ് നാട്ടിലുണ്ടായ വാഹന അപകടത്തില്‍ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം സഹായധനം നല്കി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രാജ മകന് ഏഴു വയസ്സുകാരന് ഹരിഹരന് എന്നിവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്കി.
കേരള തമിഴ്നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. മരിച്ച അയ്യപ്പഭക്തരുടെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും വീടുകളിലെത്തി ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി തുക കൈമാറി.
ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞായിരുന്നു അപകടം. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശികളായ മുനിയാണ്ടി (55) കന്നിസ്വാമി (60), ആണ്ടിപ്പെട്ടി ഷണ്‍മുഖസുന്ദരപുരം എസ്.വിനോദ് കുമാര്‍ (43), ഗോപാലകൃഷ്ണന് (42), കലൈശെല്വന് എന്നിവരാണ് മരിച്ചത്.
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടിച്ചപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരന് ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന് പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.