അകാലിദൾ എൻഡിഎ വിട്ടു ; 25 വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചത് കർഷക ബിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു
പാർലമെന്‍റിൽ പാസാക്കിയ കർഷക ബില്ലിന്‍റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് അറിയിച്ചാണ് 25 വർഷം നീണ്ട ബന്ധം അവസാനിപ്പിക്കാൻ അകാലിദൾ തീരുമാനിച്ചത്. ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദലാണ് മുന്നണി വിടുന്നുവെന്ന കാര്യം അറിയിച്ചത്. . ഇതേ വിഷയം ചൂണ്ടിക്കാട്ടിയാണ് ഹർസിമ്രത് കൌർ നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. ജനസംഘമായിരുന്ന കാലം മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. 1997 മുതൽ ഇരു പാർട്ടികളും സഖ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടുവന്നത്.
കർഷക ബില്ലിനെതിരെ തുടക്കം മുതൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ശിരോമണി അകാലിദൾ സ്വീകരിച്ചിരുന്നത്. തങ്ങൾ ഉൾപ്പെടുന്ന സർക്കാർ കൊണ്ടുവന്ന ബിൽ കർഷക വിരുദ്ധമാണെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്. ബിൽ കർഷകവിരുദ്ധമാണെന്നും താൻ കർഷകർക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പഞ്ചാബിൽനിന്നുള്ള ഹർസിമ്രത് കൌർ മോദി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. സെപ്റ്റംബർ 17നായിരുന്നു ഹർസിമ്രതിന്‍റെ രാജി.
If Pain & Protests of 3 cr punjabis fail to melt the rigid stance of GoI, it's no longer the #NDA envisioned by Vajpayee ji & Badal sahab. An alliance that turns a deaf ear to its oldest ally & a blind eye to pleas of those who feed the nation is no longer in the interest of Pb. https://t.co/OqU6at00Jx
— Harsimrat Kaur Badal (@HarsimratBadal_) September 26, 2020
advertisement
പാർലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കിയ കർഷക ബില്ലുകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ പ്രതിനിധി സംഘം നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. നിർബന്ധ ബുദ്ധിയോടെയാണ് കർഷക ബില്ലുകൾ പാർലമെന്‍റിൽ പാസാക്കിയതെന്നും, അതിൽ ഒപ്പ് വെക്കരുതെന്നുമാണ് സംഘം രാഷ്ട്രപതിയോട് അഭ്യർഥിച്ചത്.
കേന്ദ്രസർക്കാർ പാർലമെന്‍റിൽ കൊണ്ടുവന്ന മൂന്നു ബില്ലുകളെയും എതിർത്താണ് ശിരോമണി അകാലിദൾ വോട്ട് ചെയ്തത്. എന്നാൽ ബില്ലുകൾ ശബ്ദ വോട്ടോടെ പാർലമെന്‍റിലെ ഇരു സഭകളിലും പാസാക്കുകയായിരുന്നു. ശിരോമണി അകാലിദളിനൊപ്പം എൻഡിഎ ഘടകകക്ഷിയായ ജനതാദൾ യു കർഷക ബില്ലിൽ ബിജെപിയുമായി ഭിന്നതയിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2020 11:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അകാലിദൾ എൻഡിഎ വിട്ടു ; 25 വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചത് കർഷക ബിൽ


