ലോക്‌സഭാ സീറ്റ് 'നഷ്ടം'; തമിഴ്‌നാടിന് 5,600 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത് എന്തിന്?
- Published by:user_57
- news18-malayalam
Last Updated:
1960 കളിൽ രണ്ട് ലോക്സഭാ സീറ്റുകൾ നഷ്ടപ്പെട്ടതിന് തമിഴ്നാടിന് നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
1960 കളിൽ രണ്ട് ലോക്സഭാ സീറ്റുകൾ നഷ്ടപ്പെട്ടതിന് തമിഴ്നാടിന് നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. കുടുംബാസൂത്രണത്തിൽ സംസ്ഥാനം വിജയം കണ്ടപ്പോൾ ലോക്സഭയിൽ രണ്ട് സീറ്റുകൾ നഷ്ടമായി. ഇതോടെ 5,600 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പാർലമെന്റിലെ രണ്ട് അംഗങ്ങളുടെ നഷ്ടം നികത്താൻ തമിഴ്നാടിന് രാജ്യസഭയിൽ അധിക സീറ്റുകൾ നൽകണമെന്നും കോടതി പറഞ്ഞു. കോടതി എങ്ങനെയാണ് നഷ്ടം കണക്കാക്കുന്നതെന്നും ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നതെങ്ങനെയെന്നും നോക്കാം.
മദ്രാസ് ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ
"കുടുംബാസൂത്രണ പരിപാടികൾ വിജയകരമായി നടപ്പിലാക്കിയതിനാലാണോ പാർലമെന്റിലെ രാഷ്ട്രീയ പ്രാതിനിധ്യം എടുത്തുകളഞ്ഞതെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇത് വളരെ അന്യായവും യുക്തിരഹിതവുമാണെന്നും കോടതി നിരീക്ഷിച്ചു. 1967 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ലോക്സഭയിൽ തമിഴ്നാടിന് രണ്ട് സീറ്റുകൾ നഷ്ടപ്പെട്ടു. സീറ്റുകളുടെ എണ്ണം 41 ൽ നിന്ന് 39 ആയി കുറഞ്ഞു.
"സാധാരണഗതിയിൽ, കേന്ദ്ര സർക്കാരിന്റെ നയങ്ങളും പദ്ധതികളും വിജയകരമായി നടപ്പിലാക്കിയതിന് സംസ്ഥാന സർക്കാരിനെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും വേണം. എന്നാൽ ഇവിടെ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും," ലോക്സഭയിലെ അംഗങ്ങളുടെ നഷ്ടത്തിന് തമിഴ്നാടിന് നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
advertisement
സംസ്ഥാനത്തെ തെങ്കാശി ലോക്‌സഭാ മണ്ഡലം പട്ടികജാതി സമുദായങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. “ജനന നിയന്ത്രണ പരിപാടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ രാഷ്ട്രീയ പ്രതിനിധികളെ ലഭിച്ചു. ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രത്യേകിച്ച് തമിഴ്നാടും ആന്ധ്രയും, ജനന നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പിലാക്കി. ഇതോടെ സംസ്ഥാനങ്ങൾക്ക് രണ്ട് സീറ്റുകൾ നഷ്ടപ്പെട്ടു.
നഷ്ടപരിഹാരം
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള രാഷ്ട്രീയ പ്രതിനിധികളെ കുറയ്ക്കുന്ന രീതി നടപ്പിലാക്കുമ്പോൾ സീറ്റുകളുടെ വെട്ടിക്കുറയ്ക്കലിന് നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഒരു വോട്ട് കൊണ്ട് 1999ൽ അടൽ ബിഹാരി വാജ്‌പേയ് സർക്കാർ അട്ടിമറിക്കപ്പെട്ടു. "ഒരു സർക്കാരിനെ അട്ടിമറിക്കാൻ ഒരാൾക്ക് സാധിച്ചപ്പോൾ, സംസ്ഥാനത്ത് ജനന നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയതിനാൽ തമിഴ്‌നാടിന് 2 എംപിമാരെ നഷ്ടപ്പെട്ടത് വളരെ ഞെട്ടിക്കുന്നതാണെന്നും " ഹൈക്കോടതി പറഞ്ഞു.
advertisement
സീറ്റ് നഷ്ടപ്പെട്ടതിന് തമിഴ്നാടിന് 5,600 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ രാജ്യസഭയിൽ അധിക പ്രാതിനിധ്യം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
1967 മുതൽ 14 ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടന്നിട്ടുള്ളതിനാൽ, "ഓരോ തിരഞ്ഞെടുപ്പിനും രണ്ട് എംപി സീറ്റുകൾ കുറയ്ക്കുന്നതിന് തമിഴ്നാടിന് 400 കോടി രൂപ നഷ്ടപരിഹാരം നൽകണം. അങ്ങനെ കണക്കുകൂട്ടുമ്പോൾ ഇതുവരെ 5,600 കോടി രൂപ" എന്ന നിലയിലാണ് ഹൈക്കോടതി കണക്കുകൂട്ടിയത്.
എങ്ങനെയാണ് ഓരോ സംസ്ഥാനത്തിനും സീറ്റുകളുടെ എണ്ണം നിശ്ചയിച്ചിക്കുന്നത്?
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരു സംസ്ഥാനത്തിന് എത്ര എംപിമാർ വേണമെന്ന് നിശ്ചയിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ജനസംഖ്യയിലെ മാറ്റത്തെ അടിസ്ഥാനമാക്കി കാലാനുസൃതമായി സീറ്റുകളുടെ എണ്ണം മാറിക്കൊണ്ടിരിക്കുമെന്നതിനാൽ 1976 മുതൽ ലോക്സഭയിലെ എംപിമാരുടെ എണ്ണം മരവിപ്പിച്ചു. അതിന് മുമ്പ് എംപിമാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. 1976ൽ അടിയന്തരാവസ്ഥക്കാലത്താണ് എംപിമാരുടെ എണ്ണം മരവിപ്പിച്ചത്.
advertisement
കൂടാതെ അനിയന്ത്രിതമായ ജനസംഖ്യാ വളർച്ച ഇന്ത്യക്ക് ഒരു വലിയ വെല്ലുവിളിയായി കാണുകയും കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിന് അടിയന്തിര നടപടികൾ ആവിഷ്കരിക്കപ്പെടുകയും ചെയ്തു. എന്നാൽ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ വിജയിക്കാത്ത സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ അധിക സീറ്റുകൾ ലഭിക്കുകയും ചെയ്തു.
എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 82ൽ പറയുന്നത് അനുസരിച്ച് ഓരോ 10 വർഷത്തിലൊരിക്കൽ നടക്കുന്ന സെൻസസ് പൂർത്തിയാകുമ്പോൾ, "ലോക്സഭാ സീറ്റുകൾ സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ഓരോ സംസ്ഥാനത്തെയും പ്രാദേശിക മണ്ഡലങ്ങളായി വിഭജിക്കുകയും ചെയ്യും" എന്നാൽ 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയല്ല നിലവിലുള്ളത്. മറിച്ച് 1971 ലെ സെൻസസ് അനുസരിച്ചാണ് ലോക്സഭയിൽ ഇപ്പോൾ 543 സീറ്റുകളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്.
advertisement
ആ വർഷം വരെ നിലവിലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പുതിയ സംസ്ഥാനങ്ങൾ വേർതിരിച്ചെടുക്കുന്നതിന് അനുസരിച്ച് പാർലമെന്റിലെ സീറ്റുകൾ മാറിക്കൊണ്ടിരുന്നു. 1976 ലെ ഭേദഗതി അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 2001 ൽ മറ്റൊരു ഭേദഗതി പാസ്സാക്കി ഇത് വീണ്ടും 25 വർഷത്തേക്ക് മരവിപ്പിച്ചു. അതായത് 2026 വരെ നീട്ടി. അത്തരമൊരു നടപടി സ്വീകരിച്ചില്ലെങ്കിൽ, യുപി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ജനസംഖ്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയും ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കാൻ സഹായിച്ച കേരളം, ആന്ധ്രപ്രദേശ് മുതലായവയേക്കാൾ കൂടുതൽ എംപിമാർ ഇവിടെ ഉണ്ടാകുകയും ചെയ്യുമെന്നായിരുന്നു വാദം.
advertisement
ആർട്ടിക്കിൾ 81 (2) (എ) യിൽ പറയുന്നത് ഓരോ സംസ്ഥാനത്തിനും നൽകുന്ന സീറ്റുകൾ ആ സംഖ്യയും സംസ്ഥാനത്തെ ജനസംഖ്യയും തമ്മിലുള്ള അനുപാതം "ഉറപ്പുവരുത്തുന്നു" എന്നാണ്. എന്നാൽ 1976 ലെ മരവിപ്പ് ഇതിൽ കാര്യമായ വ്യതിചലനത്തിന് ഇടയാക്കി.
ഒരു സംസ്ഥാനം ലോക്‌സഭയിലേക്ക് അയക്കുന്ന ഓരോ എംപിയുടെയും ശരാശരി വോട്ടർമാരുടെയും എണ്ണത്തിൽ ഇപ്പോൾ വലിയ പൊരുത്തക്കേട് നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില സംസ്ഥാനങ്ങളിൽ ഒരു സീറ്റിൽ ശരാശരി 30 ലക്ഷം വോട്ടർമാരുണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ ഇത് 20 ലക്ഷത്തിൽ താഴെയാണ്.
advertisement
1976 മുതലുള്ള വർഷങ്ങളിൽ, വിവിധ സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ കാര്യത്തിൽ സമ്മിശ്രമായ മാറ്റങ്ങൾ നടന്നിട്ടുണ്ട്. മൊത്തത്തിൽ ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞെങ്കിലും ജനസംഖ്യാ വളർച്ചയിലെ കുറവ് രാജ്യത്തുടനീളം ഒരുപോലെയായിരുന്നില്ല. 2026ന് ശേഷമുള്ള ആദ്യ സെൻസസ് വരെ ലോക്സഭയിലെ സീറ്റുകളുടെ മാറ്റം പുന:പരിശോധിക്കാൻ പാർലമെന്റ് തീരുമാനിച്ചതിന്റെ കാരണം ഇതാണ്.
അതേസമയം, ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ എണ്ണം രാജ്യത്തുടനീളം തുല്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി, പാർലമെന്റ് ഡീലിമിറ്റേഷൻ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2021 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്‌സഭാ സീറ്റ് 'നഷ്ടം'; തമിഴ്‌നാടിന് 5,600 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത് എന്തിന്?


