വർഗീയതയും ഉരുളകിഴങ്ങും തമ്മിൽ എന്താണ് ബന്ധം?

Last Updated:

സി പി എം സെക്രട്ടറിക്ക് നാക്ക് പിഴച്ചതാണെങ്കിലും അദ്ദേഹം മനപ്പൂർവ്വം പറഞ്ഞതാണെങ്കിലും ആ വിവാദം ഈ പറഞ്ഞ പ്രതിസന്ധിയാണ് ബി ജെ പിക്ക് ഉണ്ടാക്കിയിരിക്കുന്നത്

ചോദ്യത്തിൽ അപാകത തോന്നുന്നത് സ്വാഭാവികം. രാഷ്ട്രീയ പാർട്ടികൾ വോട്ട് മാത്രം ലക്ഷ്യമിട്ട് തരം പോലെ എടുത്തു പ്രയോഗിക്കുന്ന വർഗീയതയ്ക്കും സാധാരണക്കാരന്റെ പ്രധാന ഭക്ഷണമായ ഉരുളകിഴങ്ങിനും എങ്ങനെയാണ് ബന്ധം. ഇങ്ങനെയൊരു സംശയം ഉയർന്നതിൽ തെറ്റില്ല. പക്ഷെ ചില ബന്ധങ്ങളുണ്ട്. അത് രണ്ടിന്റെയും പ്രയോഗത്തിലാണെന്നതാണ് കാര്യം. തരം പോലെ രണ്ടും ഉപയോഗിക്കാം. ഏതു കൂട്ടിലും ചേരും. കൊഴുപ്പും രുചിയുമുണ്ടാകും. സ്റ്റ്യൂവിലും കൂട്ടുകറിയിലും ഇറച്ചികറിയിലും ഉരുളകിഴങ്ങ് ചേർക്കും. മൂന്നിനും മൂന്ന് രുചിയുമാണ്. ബംഗാളിൽ മീൻ കറിയിൽ വരെ ഉരുളകിഴങ്ങ് ചേർക്കും.
വർഗീയത
വർഗീയതയുടെ പ്രയോഗവും ഏതാണ്ട് ഇത് പോലെ തന്നെയാണ്. ആര് ഇതെടുത്തു പ്രയോഗിക്കുന്നുവെന്ന് മാത്രമല്ല എങ്ങനെ പ്രയോഗിക്കുന്നു എന്നത് പോലും വർഗീയതയുടെ കാര്യത്തിൽ പ്രധാനമാണ്. വർഗീയതയെ രണ്ടായി പകുത്ത് ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും എതിരെ പ്രയോഗിക്കുക എന്നതാണ് ഏങ്ങനെ പ്രയോഗിക്കുന്നു എന്നതിലെ പ്രധാന ചേരുവ. പിന്നെ പ്രധാനം ഇത് ആര് പ്രയോഗിക്കുന്നു എന്നത്. ഇത് എപ്പോൾ പ്രയോഗിക്കുന്നു എന്നതാണ് ഇതിനെയൊക്കെക്കാൾ പരമ പ്രധാനം. മുമ്പ് ന്യൂനപക്ഷ വർഗീയത എടുത്ത് ബി ജെ പി പ്രയോഗിക്കുമ്പോൾ അത് വേട്ടയാടലും കോൺഗ്രസും സി പി എമ്മും അടക്കമുള്ള മറ്റ് പാർട്ടികൾ പ്രയോഗിക്കുമ്പോൾ അത് ചേർത്തു പിടിക്കലുമായിരുന്നു.
advertisement
കാലം മാറി
2014ൽ ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഈ കഥയിലും ചില മാറ്റങ്ങൾ വന്നു. 2019തിൽ വീണ്ടും വർധിച്ച ഭൂരിപക്ഷത്തോടെ ബി ജെ പി വീണ്ടും കേന്ദ്രം ഭരിക്കാനെത്തിയപ്പോൾ കഥയിൽ വീണ്ടും മാറ്റം വന്നു. ഇന്ന് ന്യൂനപക്ഷ വർഗിയത വേട്ടയാടലാകുന്നത് ആരു പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല. എപ്പോൾ പറയുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ്. അതാണ് ഏറ്റവും ഒടുവിലത്തെ വർഗീയ വിവാദം സൂചിപ്പിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിക്കാണ് ഏറ്റവും ഒടുവിൽ ഈ വിവാദത്തിൽ നട്ടം തിരിയേണ്ടി വന്നത്. ആവർത്തിച്ച് വിശദീകരണം നടത്തി താൻ അങ്ങനെ പറയില്ലെന്ന് വിളിച്ചു പറയേണ്ടി വന്നത്. ന്യൂനപക്ഷ വർഗീയതയാണ് ഇന്നത്തെ ഏറ്റവും വലിയ വിപത്തെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗമാണ് പ്രതിസന്ധിക്ക് കാരണമായത്.
advertisement
കഥയും മാറി
പത്തുവർഷം മുമ്പായിരുന്നുവെങ്കിൽ ഒരുപക്ഷെ സി പി എമ്മിന് ഇങ്ങനെയൊരു ഏറ്റുപറച്ചിൽ വേണ്ടി വരില്ലായിരുന്നു. മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന ഒറ്റവരിയിൽ അവസാനിപ്പിക്കാമായിരുന്നു എല്ലാ വിവാദവും. ഇന്ന് അത് പറ്റാതായിരിക്കുന്നു. നാക്ക് പിഴച്ചതിന് സി പി എം സംസ്ഥാന സെക്രട്ടറി ഇത്തവണയും ആദ്യം പഴി പറഞ്ഞത് മാധ്യമങ്ങളെ തന്നെയായിരുന്നു. മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന സ്ഥിരം പല്ലവിക്കൊപ്പം നിൽക്കാൻ പക്ഷെ സ്വന്തം പാർട്ടി പോലുമുണ്ടായില്ല. അതു കൊണ്ടാണ് ഭൂരിപക്ഷ വർഗീയത തന്നെയാണ് പ്രധാന വെല്ലുവിളിയെന്നും അവർക്കിന്ന് രാജ്യത്ത് അധികാരത്തിന്റെ ബലം കൂടിയുണ്ടെന്ന് എ.വിജയരാഘവന് തിരുത്തി പറയേണ്ടി വന്നത്.
advertisement
അതിനും മുമ്പ് മാറിയ കഥ
സി പി എമ്മിന് കുറച്ച് നാൾ മുമ്പ് വരെയുണ്ടായിരുന്ന അർഹത കോൺഗ്രസ് പാർട്ടിക്ക് അതിനും മുമ്പേ നഷ്ടപ്പെട്ടിരുന്നു. ബാബറി പള്ളി തകർത്തതോടെ ആ വിശ്വാസവും നഷ്ടമായി. അത് ഇങ്ങ് കേരളത്തിൽ പോലും തെളിയിക്കപ്പെടുകയും ചെയ്തു. എ കെ ആന്റണിയെ പോലെയൊരു നേതാവിനെ പോലും തള്ളാനുള്ള കാരണം അതു തന്നെ. ന്യൂനപക്ഷ സമ്മർദ്ദത്തെ കുറിച്ച് 2003ൽ എ കെ ആന്റണി നടത്തിയ പ്രസ്താവന ഇന്നും ഇടത് പാർട്ടികൾ എടുത്ത് പ്രയോഗിക്കുന്നതിന് കാരണം ആ പറഞ്ഞതിന്റെ ചൂട് ആറിയിട്ടില്ലാത്തത് കൊണ്ട് തന്നെ. കോൺഗ്രസിനെ നയിക്കുന്നത് ലീഗാണെന്ന രാഷ്ട്രീയ ആരോപണം കേൾക്കേണ്ടി വരുന്നതും ഈ വിശ്വാസകുറവ് പരിഹരിക്കാനുള്ള ശ്രമം തുടരുന്നത് കൊണ്ടാണ്.
advertisement
അജീർണം
ഉരുളകിഴങ്ങ് ചിലപ്പോഴുണ്ടാക്കുന്ന ഈ പ്രതിസന്ധി ഇത്തവണത്തെ വർഗീയത വിവാദത്തിലും ഉണ്ടാക്കിയിട്ടുണ്ട്. സി പി എം സെക്രട്ടറിക്ക് നാക്ക് പിഴച്ചതാണെങ്കിലും അദ്ദേഹം മനപ്പൂർവ്വം പറഞ്ഞതാണെങ്കിലും ആ വിവാദം ഈ പറഞ്ഞ പ്രതിസന്ധിയാണ് ബി ജെ പിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിലും പാർട്ടിക്ക് ഉശിരു പകരാൻ എടുത്തു പ്രയോഗിച്ച ശബരിമല വിഷയം കോൺഗ്രസ് കൊണ്ടു പോയി. തുടക്കത്തിലെ കോൺഗ്രസ് എടുത്തിട്ടതോടെ ശബരിമലയുടെ വോട്ടാഗിരണ ശക്തി ഒന്ന് കുറയും ചെയ്തു. രണ്ടാമത്തെ തുറുപ്പ് ചീട്ടാണ് സി പി എം സെക്രട്ടറിയുടെ പ്രയോഗത്തിലൂടെ തുടക്കത്തിലെ എരിഞ്ഞ് തുടങ്ങിയിരിക്കുന്നത്. അത് അണയാതെ നിറുത്തിയാൽ മാത്രം പോര സ്വന്തമാക്കുക കൂടി വേണം. പ്രതിസന്ധി അത്ര ചെറുതല്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
വർഗീയതയും ഉരുളകിഴങ്ങും തമ്മിൽ എന്താണ് ബന്ധം?
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement