ഹൊസൂരിൽ പുതിയ വിമാനത്താവളം; തമിഴ്നാടിന്റെ നീക്കം ബംഗളുരുവിന് തിരിച്ചടിയാകുമോ?

Last Updated:

ഏകദേശം 2000 ഏക്കറിലെ വിമാനത്താവള പദ്ധതിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

തമിഴ്‌നാട്ടില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബെംഗളൂരുവിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഹൊസൂരിലായിരിക്കും വിമാനത്താവളം വരുന്നതെന്ന് നിയമസഭയിൽ അദ്ദേഹം അറിയിച്ചു. ഏകദേശം 2000 ഏക്കറിലെ വിമാനത്താവള പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ വ്യവസായ നഗരമായ ഹൊസൂരിൽ നിന്ന് ബംഗളുരുവിലെ ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് വെറും 23 കിലോമീറ്റർ മാത്രമാണുള്ളത്. അവിടെ നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്താന്‍ നിലവില്‍ രണ്ട് മണിക്കൂറിലേറെ സമയമെടുക്കും.
പട്ടണത്തിന് ഒരു പ്രത്യേക വിമാനത്താവളം വേണമെന്ന ഹൊസൂരിലെ വ്യവസായികളുടെ ദീര്‍ഘകാല ആവശ്യമാണ് ഇതോടെ നിറവേറ്റുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിയില്‍ മറ്റൊരു വിമാനത്താവളം 2033 വരെ നിര്‍മിക്കരുതെന്ന് ഒരു കരാര്‍ ഉണ്ട്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (Bangalore International Airport Limited – BIAL) സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച കരാറില്‍ ആണ് ഇത് ഉള്ളത്.
advertisement
അതിനാല്‍ ഇക്കാര്യം പരിഗണിച്ചായിരിക്കും പുതിയ വിമാനത്താവള പദ്ധതി കൊണ്ടുവരിക എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രതിവര്‍ഷം മൂന്ന് കോടിയോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളമാണ് നിര്‍മ്മിക്കുകയെന്നും സ്റ്റാലിന്‍ അറിയിച്ചു. ഹൊസൂരിന് അടുത്ത് കിടക്കുന്ന പ്രദേശങ്ങളായ കൃഷ്ണഗിരി, ധര്‍മപുരി എന്നീ മേഖലകളുടെ വ്യാവസായിക-സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ വിമാനത്താവളം ഗുണകരമായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.
ഹൊസൂരിലെ പുതിയ വിമാനത്താവളം വരുന്നത് തെക്കന്‍ കർണാടകത്തിലെ പല പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ക്കും വലിയ രീതിയില്‍ പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. ബെംഗളൂരുവില്‍ തുംകൂര്‍ റോഡില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ വിമാനത്താവളത്തിനായി കർണാടകം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ഈ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. എന്നാല്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
advertisement
ഹൊസൂരിലും പരിസരത്തുമുള്ള മൂന്ന് സ്ഥലങ്ങള്‍ പരിശോധിച്ച് ശരിയായ സ്ഥലം ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തിന് പുറത്തായതിനാല്‍ സ്റ്റാലിന്റെ ഈ പ്രസ്താവനയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം നടത്തുന്ന ബിഐഎഎല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരി മാരാര്‍ ഡെക്കാൻ ക്രോണിക്കിളിനോട് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന കാര്യവും വ്യക്തമല്ലെന്നും ഒരു വാണിജ്യ വിമാനത്താവളം നിര്‍മിക്കാന്‍ കുറഞ്ഞത് ആറുവര്‍ഷമെങ്കിലും സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൊസൂരിൽ പുതിയ വിമാനത്താവളം; തമിഴ്നാടിന്റെ നീക്കം ബംഗളുരുവിന് തിരിച്ചടിയാകുമോ?
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement