ഭാരത് രാഷ്ട്ര സമിതി എന്ന രാഷ്ട്രീയ പാർട്ടിയാണ് തെലങ്കാനയിൽ ഭരണം നടത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയും പ്രധാനനേതാക്കളും പല വിവാദങ്ങളിൽ പെട്ട് വലയുകയാണ്. ബിആർഎസിന്റെ തെലങ്കാന എംഎൽസി ആയ കെ. കവിതയെ ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടത് കൂടാതെ, ബിആർഎസ് എംഎൽഎ മാരെ വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമിച്ചു എന്ന കേസ് കോടതിയിൽ തങ്ങൾക്ക് അനുകൂലമല്ലാതായത് മുതൽ TSPSC ചോദ്യപേപ്പർ ചോർച്ച വരെയുള്ള സംഭവങ്ങളിൽ ബിആർഎസ് നേതാക്കൾ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
തിങ്കളാഴ്ച നടന്ന യോഗത്തിൽ ബിആർഎസ് പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പ്രതിപക്ഷത്തിന്റെ ഇത്തരത്തിലുള്ള എല്ലാ “തെറ്റായ പ്രചാരണ”ത്തിനെതിരെയും പോരാടാൻ പാർട്ടി അണികളോട് ആഹ്വാനം ചെയ്തു.
ഒട്ടേറെ കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ടെങ്കിലും ബിആർഎസിനെ അസ്വസ്ഥമാക്കുന്ന പ്രധാനപെട്ട നാല് വിവാദ വിഷയങ്ങൾ ഇവയാണ്.
Also read: കോവിഡ് കേസുകളിൽ വർധന: ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി
കവിതയും ഇഡിയും: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കവിതയെ ചോദ്യം ചെയ്തത് രാജ്യത്താകെ ചർച്ച ചെയ്യപ്പെട്ടു. ഒരു സ്ത്രീയെന്ന നിലയിൽ അവരെ ഡൽഹിയിലല്ല, ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ചോദ്യം ചെയ്യേണ്ടതെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ഇഡി ആ അപേക്ഷ ചെവികൊണ്ടില്ല. ചോദ്യം ചെയ്യലിനായി ഒരു സ്ത്രീയെ ഇഡി ഓഫീസിലേക്ക് വിളിപ്പിക്കാൻ കഴിയില്ലെന്ന കവിതയുടെ ഹർജി സുപ്രീം കോടതി മാർച്ച് 24 ന് പരിഗണിക്കാനിരിക്കുകയാണ്. ഒന്നുകിൽ വീഡിയോ കോൺഫറൻസിംഗിലൂടെയോ അല്ലെങ്കിൽ സ്വന്തം വസതിയിൽ മുഖാമുഖമോ ചോദ്യം ചെയ്യാമെന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ കോടതി വാദം കേൾക്കുന്നത് വരെ കവിത സമൻസുകൾക്ക് ഹാജരാകണം.
എംഎൽസി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം: അടുത്തിടെ നടന്ന മഹ്ബൂബ്നഗർ-രംഗറെഡ്ഡി-ഹൈദരാബാദ് എംഎൽസി തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി എ വെങ്കിട്ട നാരായണ റെഡ്ഡി വിജയിച്ചു. ബിആർഎസ് പരോക്ഷമായി പിന്തുണച്ച പിആർടിയു സ്ഥാനാർത്ഥി ചെന്ന കേശവ റെഡ്ഡി ഇരുപതാം റൗണ്ട് വോട്ടെണ്ണലിന് ശേഷം പരാജയപെട്ടു. വിജയിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റും ചെയ്തിരുന്നു. തെലങ്കാനയിലെ ജനങ്ങൾ അഴിമതിയിൽ മടുത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുതാര്യമായ ഭരണം വേണമെന്നാണ് ഈ വിജയം തെളിയിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
എംഎൽഎയെ വിലയ്‌ക്കെടുക്കാൻ ശ്രമിച്ച കേസ്: ബിആർഎസ് എംഎൽഎയെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ചുള്ള കേസ് അന്വേഷിക്കേണ്ടെന്ന് സുപ്രീംകോടതി തെലങ്കാന പോലീസിനോട് അടുത്തിടെ നിർദേശിച്ചിരുന്നു. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന പൊലീസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സംഭവം നടന്നത് ഹൈദരാബാദിലായതിനാലും സംസ്ഥാന നേതാക്കൾ ഉൾപ്പെട്ടതിനാലും സംസ്ഥാന ഏജൻസികൾക്ക് അന്വേഷണം നടത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. വിഷയം സുപ്രീംകോടതിയിൽ എത്തിയപ്പോൾ ഇപ്പോൾ ഈ വിഷയം സബ് ജുഡീഷ്യൽ ആയതിനാൽ അന്വേഷണം തുടരരുതെന്ന് സിബിഐയോടും തെലങ്കാന പോലീസിനോടും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ ബിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയെ 100 കോടി രൂപ കോഴ നൽകി ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമിച്ചുവെന്ന വിവാദപരമായ അവകാശവാദം അദ്ദേഹം ഉന്നയിച്ചിരുന്നു. ആരോപണവിധേയമായ ഇടപാടിന്റെ ഓഡിയോ, വീഡിയോ റെക്കോർഡിംഗുകൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.
TSPSC പേപ്പർ ചോർച്ച: ഒരു റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ചോദ്യ പേപ്പർ ചോർച്ച ഒരു വലിയ വിവാദത്തിനാണ് വഴിവച്ചത്. സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഡിക്ക് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. ഐടി മന്ത്രി കെ.ടി. രാമറാവുവിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന് ചോർച്ചയിൽ പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ ഉടനടി എസ്‌ഐടിയുമായി വിവരങ്ങൾ പങ്കിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് എസ്‌ഐടി നോട്ടീസ് അയച്ചു. പരീക്ഷകൾ റദ്ദാക്കിയതിന് പിന്നാലെ എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.