കടുവയിൽ നിന്ന് രക്ഷപെടാൻ യുവാവ് മരത്തിന് മുകളില്‍; താഴെ ഒരു രാത്രി മുഴുവന്‍ കണ്ണിമയ്ക്കാതെ കാവൽ നിന്ന് കടുവ
- Published by:Vishnupriya S
- news18-malayalam
Last Updated:
താഴെയിറങ്ങിയാല്‍ കടുവ പിടികൂടാൻ സാധ്യതയുള്ളതിനാല്‍ രാത്രി മുഴുവന്‍ യുവാവ് മരത്തില്‍ തന്നെ തുടര്‍ന്നു
ഭോപ്പാല്‍: കടുവയിൽ നിന്ന് രക്ഷപെടാൻ ഒരു രാത്രി മുഴുവന്‍ മരത്തിന് മുകളില്‍ കഴിഞ്ഞ് യുവാവ്. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ധാമോഖര്‍ ബഫര്‍ സോണ്‍ മേഖലയിലാണ് സംഭവം. ഉമാരിയയിലെ ധാവഡ കോളനിയില്‍ നിന്നുള്ള കമലേഷ് സിങ് ആണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഉമാരിയയിലേക്കുള്ള യാത്രക്കിടെ കാടിനു നടുവില്‍വെച്ചാണ് കമലേഷ് കടുവയെ കണ്ടത്. സമയം ഏകദേശം സന്ധ്യയോട് അടുത്തിരുന്നു.
അപ്പോഴാണ് കാട്ടുപന്നികളെ പിന്തുടരുന്ന ഒരു കടുവയെ ഇയാള്‍ അപ്രതീക്ഷിതമായി കണ്ടത്. തുടര്‍ന്ന് കടുവ കമലേഷിന്റെ പിന്നാലെ പാഞ്ഞു. ഇതിനിടെ പ്രാണരക്ഷാര്‍ഥം ഓടിയൊളിക്കാന്‍ ശ്രമിച്ച കമലേഷിനെ കടുവ പിന്തുടർന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ കടുവയുടെ നഖം കൊണ്ട് കമലേഷിന് ചെറിയ പരിക്കുകള്‍ പറ്റിയിരുന്നെങ്കിലും അടുത്തു കണ്ട മരത്തില്‍ കയറി ഇരിക്കുകയായിരുന്നു യുവാവ്.
advertisement
താഴെയിറങ്ങിയാല്‍ കടുവ വീണ്ടും പിടികൂടാൻ സാധ്യതയുള്ളതിനാല്‍ രാത്രി മുഴുവന്‍ യുവാവ് മരത്തില്‍ തന്നെ തുടര്‍ന്നു. കുറെയേറെ സമയം കടുവ മരത്തിനു ചുവട്ടില്‍ കാവൽ നിന്നിരുന്നു. രാത്രിയായതോടെ കാടിനുള്ളിലൂടെ ആരും പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ സഹായം ലഭിക്കുകയും ബുദ്ധിമുട്ടായിരുന്നു. നേരം പുലര്‍ന്നതിനുശേഷവും മരത്തിനു മുകളിലിരുന്ന് സഹായത്തിനായി കമലേഷ് ഏറെ ഒച്ചവെച്ചെങ്കിലും ആരും അത് അറിഞ്ഞില്ല.
രാവിലെ ഗ്രാമവാസികള്‍ നടത്തിയ തെരച്ചിലിലാണ് കമലേഷിനെ കണ്ടെത്തിയത്. കമലേഷിനെ ഉടന്‍ തന്നെ മരത്തിനു മുകളില്‍ നിന്ന് ഇറക്കി വേഗം വൈദ്യസഹായം ഉറപ്പാക്കി. ഇയാളുടെ കാലിന്റെ തുടയില്‍ കടുവയുടെ നഖം കൊണ്ട് മുറിവ് ഉണ്ടായിട്ടുണ്ട്. കമലേഷിന്റെ ഗ്രാമമായ ഘാഘദര്‍, ധാമോകര്‍ ബഫര്‍ സോണിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ മിക്കപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ടു ചെയ്യാറുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
November 29, 2023 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കടുവയിൽ നിന്ന് രക്ഷപെടാൻ യുവാവ് മരത്തിന് മുകളില്‍; താഴെ ഒരു രാത്രി മുഴുവന്‍ കണ്ണിമയ്ക്കാതെ കാവൽ നിന്ന് കടുവ