IPL 2021 | കളിയോടുള്ള മനോഭാവ മാറ്റമാണ് ചെന്നൈയുടെ തിരിച്ചുവരവില്‍ നിര്‍ണായകമായത്; ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ്

Last Updated:

ടീമിന്റെ ബാറ്റിങ് നിരയുടെ പ്രകടനം അതിന്റെ പെരുമയ്‌ക്കൊത്ത് ഉയര്‍ന്നതോടെ പ്രശംസയുമായി എത്തിയിരിക്കുകയാണ് ചെന്നൈയുടെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗ്

ഐപിഎല്ലിന്റെ 14ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് കരുത്തിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ടീമിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പ്രകടനം. തുടക്കം മുതല്‍ തന്നെ കൊല്‍ക്കത്തയുടെ ബൗളര്‍മാരെ അക്രമിച്ചു കളിച്ച ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന വമ്പന്‍ സ്‌കോറാണ് അടിച്ചെടുത്തത്. എംഎസ് ധോണിയടക്കം (8 പന്തില്‍ 17) ടീമിന്റെ ബാറ്റിങ് വെടിക്കെട്ടിലേക്ക് പങ്ക് നല്‍കി. ഫാഫ് ഡുപ്ലെസിസ് (60 പന്തില്‍ 95*) ടോപ് സ്‌കോററായപ്പോള്‍ മോശം ഫോമിലായിരുന്ന ഋതുരാജ് ഗെയ്ക്വാദ് (42 പന്തില്‍ 64) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി തിരിച്ചുവരവ് അറിയിച്ചു.
ടീമിന്റെ ബാറ്റിങ് നിരയുടെ പ്രകടനം അതിന്റെ പെരുമയ്‌ക്കൊത്ത് ഉയര്‍ന്നതോടെ പ്രശംസയുമായി എത്തിയിരിക്കുകയാണ് ചെന്നൈയുടെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗ്. 'മനോഭാവവും വ്യക്തിപരമായി മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായതുമാണ് മികച്ച ബാറ്റിങ് പ്രകടനത്തിന് കാരണമായത്. മികച്ച ബാറ്റിങ് കരുത്ത് ഞങ്ങള്‍ക്കുണ്ടെന്നും ഏത് സാഹസികമായ മത്സരവും കളിക്കാന്‍ സാധിക്കുമെന്നും ഞങ്ങള്‍ക്കറിയാം. അതാണ് ആത്മവിശ്വാസം നല്‍കുന്നത്. ഈ പ്രകടനം താരങ്ങളുടെ ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്'- ഫ്‌ലെമിംഗ് പറഞ്ഞു.
ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ കടക്കാതെ പുറത്തായ ചെന്നൈ ഇത്തവണയും സീനിയര്‍ താരങ്ങളില്‍ത്തന്നെയായിരുന്നു പ്രതീക്ഷ വെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളുടെ നീണ്ട ബാറ്റിങ് നിരയുമായുള്ള ചെന്നൈക്ക് ഇത്തവണയും ആശങ്കകളേറെയായിരുന്നെങ്കിലും തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ചെന്നൈ ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടിരിക്കുകയാണ്.
advertisement
'കഴിഞ്ഞ സീസണേക്കാള്‍ അല്‍പ്പം സാഹസികമായ മത്സരം കളിക്കാന്‍ ഇപ്പോഴത്തെ ടീമിനാവും. മനോഭാവമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഇത്തവണ ടീമിലെത്തിയ താരങ്ങള്‍ ടീം ഘടനയില്‍ വലിയ വ്യത്യാസം കൊണ്ടുവന്നു. എന്നാല്‍ കളിയോടുള്ള മനോഭാവമാണ് ഏറ്റവും പ്രധാന കാര്യം. കളിക്കാന്‍ ഇറങ്ങുന്നതിനു മുന്നേ മനസ്സിനെ പാകപ്പെടുത്തുന്നതിലാണ് കാര്യമെന്നും ഫ്‌ലെമിംഗ് പറഞ്ഞു.
മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുള്ള ചെന്നൈ ഇത്തവണ നാലാം കിരീടത്തിനായുള്ള തേരോട്ടത്തിലാണ്. ബൗളിങ് നിരയുടെ പ്രകടനവും ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രത്യേകിച്ചും ദീപക് ചഹര്‍ തുടക്കം കുറിക്കുന്ന ബൗളിംഗ് അക്രമണത്തില്‍. ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന താരം ബാറ്റ്സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. പന്തിനെ ഇരുഭാഗങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് താരത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
advertisement
കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചഹര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ടീമിലേക്ക് തിരിച്ചെത്തിയ ലൂങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റുമായി തിരിച്ചുവരവ് അറിയിക്കുകയും ചെയ്തു. ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കം കാണിക്കുന്നത് വരും മത്സരങ്ങളിലും ചെന്നൈക്ക് കരുത്താവും. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ധോണിയുടെയും സംഘത്തിന്റെയും അടുത്ത എതിരാളികള്‍. നിലവില്‍ ആറ് പോയിന്റുമായി ചെന്നൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | കളിയോടുള്ള മനോഭാവ മാറ്റമാണ് ചെന്നൈയുടെ തിരിച്ചുവരവില്‍ നിര്‍ണായകമായത്; ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement