പരിക്ക് മൂലം ഐപിഎല്‍ 15ആം സീസണില്‍ നിന്നും പുറത്തായ ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെയ്ക്ക് പകരക്കാരനായി ശ്രീലങ്കന്‍ യുവ പേസര്‍ മതീഷ പതിരനയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തിനിടെയാണ് മില്‍നെയുടെ കാല്‍മുട്ടിന് പരിക്കേറ്റത്.
അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ശ്രീലങ്കന്‍ പേസര്‍ പതിരനയെ സി എസ് കെ ടീമില്‍ എത്തിച്ചിരിക്കുന്നത്. ഇതിഹാസ താരം ലസിത് മലിംഗയുടെ ബൗളിംഗ് ആക്ഷനുമായി സാമ്യമുള്ളതിനെ തുടര്‍ന്നാണ് പതിരന ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2020, 2022 വര്‍ഷങ്ങളില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിനായി കളത്തിലിറങ്ങിയ താരം കൂടിയാണ് പതിരന.
ആദം മില്‍നെ ടൂര്‍ണമെന്റിലെ അവസാന ഘട്ടങ്ങളില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒടുവില്‍ താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ നാല് സീസണുകളിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിരുന്ന താരത്തെ ലേലത്തില്‍ 1.90 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെത്തിച്ചത്.
ദീപക് ചഹാറിന് പുറകെ ആദം മില്‍നെയും പുറത്തായത് ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടിയാകും. ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി, തുഷാര്‍ ദേഷ്പാണ്ഡെ, ബ്രാവോ, പ്രിട്ടോറിയസ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മോശം പ്രകടനമാണ് പേസര്‍മാര്‍ കാഴ്ച്ചവെച്ചത്.
ഈ സീസണില്‍ മോശം അവസ്ഥയിലൂടെയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കടന്നുപോകുന്നത്. ആറില്‍ അഞ്ച് മത്സരങ്ങളും തോറ്റ അവര്‍ ഇന്ന് ആറില്‍ ആറും തോറ്റ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടാനിറങ്ങുകയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.