IPL 2021 | ധോണിയുടെ ബാറ്റിംഗ് ഫോം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ബാധ്യതയോ? പ്രതികരിച്ച് ടീം സിഇഒ കാശി വിശ്വനാഥന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ടീം മികച്ച രീതിയില്‍ മുന്നേറുമ്പോഴും ബാറ്റിങില്‍ അവരുടെ നായകന്‍ ധോണിയുടെ ഫോമില്ലായ്മ ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവാണ് ചെന്നൈ നടത്തിയത്. പിന്നീട് നടന്ന രണ്ട് കളികളിലും ആധികാരിക വിജയങ്ങള്‍ നേടിയ ചെന്നൈ നിലവില്‍ പോയിന്റ് ടേബിളില്‍ റോയല്‍ ചലഞ്ചഴ്‌സ് ബാംഗ്ലൂരിന് പുറകില്‍ രണ്ടമതാണ്. ഒപ്പമുള്ള മുംബൈക്കും ഡല്‍ഹിക്കും നാല് പോയിന്റാണ് ഉള്ളതെങ്കിലും മികച്ച റണ്‍ റേറ്റ് സ്വന്തമായുള്ളതിനാലാണ് ചെന്നൈ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
മികച്ച രീതിയില്‍ മുന്നേറുമ്പോഴും ബാറ്റിങില്‍ അവരുടെ നായകന്‍ ധോണിയുടെ ഫോമില്ലായ്മ ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. ബാറ്റ് ചെയ്ത രണ്ടിന്നിങ്സുകളിലും അദ്ദേഹത്തിന് തന്റെ ടീമിന് കാര്യമായ സംഭാവന നല്‍കാനായില്ല. ആദ്യ കളിയില്‍ പൂജ്യത്തിന് പുറത്തായ ധോണി ഇന്നലെ നടന്ന മല്‍സരത്തില്‍ 18 റണ്‍സിനാണ് പുറത്തായത്. ഈ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ബാറ്റിംഗ് ചര്‍ച്ചയാവുകയും ചെയ്തു. ചെന്നൈ മത്സരം ജയിച്ചതിനാല്‍ അധികമാരും അതേറ്റെടുത്തില്ല എന്ന് മാത്രം. ഇപ്പോഴിതാ ധോണിയുടെ മോശം ഫോം ടീമിനു ബാധ്യതയായി മാറിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീം സിഇഒ ആയ കാശി വിശ്വനാഥന്‍. ധോണി എല്ലായ്പ്പോഴും ടീമിനു മുതല്‍ക്കൂട്ടാണെന്നും ഒരിക്കലും ബാധ്യതയല്ലെന്നും വിശ്വനാഥന്‍ വ്യക്തമാക്കി.
advertisement
'ചെന്നൈ ട്രാക്കില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഞങ്ങളിപ്പോള്‍ ലീഗില്‍ രണ്ടാംസ്ഥാനത്തുണ്ട്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിക്കു അവകാശപ്പെട്ടതാണ്. അത്രയും മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. ധോണിയുടെ മാസ്മരിക പ്രഭാവം കൊണ്ടു തന്നെ ടീം മത്സരത്തിന്റെ പകുതി ജയിക്കും. അദ്ദേഹം തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാണ്. സിഎസ്‌കെയെ ധോണി പ്ലേഓഫിലെത്തിക്കുമെന്നും മറ്റൊരു കിരീടം കൂടി നേടിത്തരും.' - വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.
ബാറ്റിങിലെ ആത്മവിശ്വാസക്കുറവ് കൊണ്ടാണോ ധോണി സിഎസ്‌കെയ്ക്കായി ഏഴാം നമ്പറില്‍ ഇറങ്ങുന്നത് എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞത് ധോണി ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും ടീം മാനേജ്മെന്റുമായി ആലോചിച്ച ശേഷമാണ് അദ്ദേഹം ബാറ്റിങ് പൊസിഷന്‍ തീരുമാനിച്ചതുമെന്നാണ്.
advertisement
'സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്നയാളാണ് ധോണി. ധോണിയുടെ സേവനം ടീമിന് എവിടെയാണോ ആവശ്യം അവിടെ അദ്ദേഹം കളിക്കും. മുന്‍നിരയില്‍ ആണ് അത് വരുന്നതെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും മുന്‍നിരയില്‍ കളിക്കും. പക്ഷെ ഇക്കാര്യമെല്ലാം ധോണിയും ടീം മാനേജ്മെന്റും തീരുമാനിക്കുന്ന കാര്യങ്ങളാണ്. ഈ സീസണില്‍ രണ്ടിന്നിങ്സുകളില്‍ മാത്രമേ ധോണി ബാറ്റ് ചെയ്തിട്ടുള്ളൂ. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ വലിയ ഇന്നിങ്സ് അദ്ദേഹം കളിക്കുമെന്നു എനിക്കുറപ്പുണ്ട്. മുമ്പത്തേക്കാള്‍ കൂടുതല്‍ ചെന്നൈക്ക് ഇപ്പോള്‍ അവരുടെ ക്യാപ്റ്റനെ ആവശ്യമുണ്ട്.' - സിഇഒ വിശദമാക്കി.
advertisement
ധോണിയുടെ ഇപ്പോഴത്തെ പ്രകടനത്തിന്റെ പേരില്‍ അദ്ദേഹത്തെ എഴുതിത്തള്ളരുതെന്നും ശക്തമായി തിരിച്ചുവരാന്‍ അദ്ദേഹത്തിനു കഴിയുമെന്നും മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടു. ധോണി ഇപ്പോള്‍ അധികം മല്‍സരങ്ങളില്‍ കളിക്കുന്നില്ല എന്നത് കൊണ്ട് അദ്ദേഹത്തെ ബാധ്യതയെന്നു പറയാന്‍ കഴിയില്ലെന്നു മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ അരുണ്‍ ലാല്‍ പറഞ്ഞു.
'നിങ്ങളൊരു താരത്തെ വിലയിരുത്തേണ്ടത് അവരുടെ നല്ല കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്, മോശം കാലത്തേത് പരിഗണിച്ചാവരുത്. എംഎസ് ഇപ്പോഴും മാച്ച് വിന്നറാണ്. കുറച്ചു മല്‍സരങ്ങള്‍ കാത്തിരിക്കൂ, തന്നെ സംശയിച്ചവര്‍ക്കു തെറ്റിപ്പോയെന്നുള്ളത് അദ്ദേഹം തെളിയിക്കുന്നത് എങ്ങനെയാണ് നമുക്ക് കാണാനാവും.' ലാല്‍ കൂട്ടിച്ചേര്‍ത്തു.
advertisement
പക്ഷെ, ഐപിഎല്ലില്‍ അവസാനമായി കളിച്ച 20 ഇന്നിങ്സുകളെടുത്താല്‍ ധോണിക്കു ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.മാത്രമല്ല 11 ഇന്നിങ്സുകളില്‍ ഒരേയൊരു തവണ മാത്രമേ അദ്ദേഹം 30ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുമുള്ളൂ. യുഇഎയില്‍ നടന്ന കഴിഞ്ഞ സീസണിലും ധോണി ബാറ്റിങില്‍ പരാജയമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 25 റണ്‍സ് ശരാശരിയില്‍ 200 റണ്‍സ് മാത്രമാണ് ധോണിക്കു നേടാനായത്. 47 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ചെന്നൈയുടെ കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങള്‍ക്കുള്ള ഒരു കാരണം അവരുടെ നായകന്റെ ഫോമില്ലായ്മ കൂടിയായിരുന്നു. ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ പഴയ ടൈമിങ് നഷ്ടമായ അദ്ദേഹം റണ്ണെടുക്കാന്‍ നന്നായി പാടുപെടുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷെ ധോണിയെ പോലൊരു താരത്തിന് ഒരൊറ്റ ഇന്നിംഗ്‌സ് മതി ഫോമിലേക്ക് തിരിച്ച് വരാന്‍ എന്നതാണ് ആരാധകരുടെയും പ്രതീക്ഷ. അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന തങ്ങളുടെ തല ഈ വര്‍ഷം അവര്‍ക്ക് കിരീടം നേടിക്കൊടുക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.
Location :
First Published :
April 20, 2021 6:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ധോണിയുടെ ബാറ്റിംഗ് ഫോം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ബാധ്യതയോ? പ്രതികരിച്ച് ടീം സിഇഒ കാശി വിശ്വനാഥന്‍


