IPL 2020: RR vs KXIP | സഞ്ജുവിന്‍റെ പോരാട്ടം വെറുതെയായില്ല; ആവേശപ്പോരിൽ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം
- Published by:Anuraj GR
- news18-malayalam
Last Updated:
85 റൺസെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ. നായകൻ സ്റ്റീവൻ സ്മിത്ത് 50 റൺസെടുത്തു.
ഷാർജ: അവസാന ഓവർ വരെ ആവേശം മുറ്റിനിന്ന പോരാട്ടത്തിൽ പഞ്ചാബ് കിങ്സ് ഇലവനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ആദ്യം പന്തുകൾ കളഞ്ഞതിന് പഴി കേട്ട ഹരിയാനക്കാരൻ രാഹുൽ തെവാതിയയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 85 റൺസെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ. നായകൻ സ്റ്റീവൻ സ്മിത്ത് 50 റൺസെടുത്തു.
വമ്പൻ ലക്ഷ്യത്തിന് മുന്നിൽ പതറാതെയാണ് രാജസ്ഥാൻ തുടങ്ങിയത്. ജോസ് ബട്ട്ലറെ തുടക്കത്തിലേ നഷ്ടമായെങ്കിലും സ്മിത്തും സഞ്ജുവും ചേർന്ന് അവരെ മുന്നോട്ടു നയിച്ചു. 27 പന്തിൽ 50 തികച്ച് സ്മിത്ത് മടങ്ങിയെങ്കിലും സഞ്ജുവിന്‍റെ വെടിക്കെട്ട് രാജസ്ഥാന് പ്രതീക്ഷയേകി. 24 പന്തിൽ 85 റൺസെടുത്ത സഞ്ജു ഏഴ് സിക്സറും നാലു ബൌണ്ടറിയും പറത്തി. സഞ്ജുവിനൊപ്പം തുടക്കത്തിൽ നിറം മങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച രാഹുൽ തവാതിയയും(53) ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചറും ചേർന്നാണ് രാജസ്ഥാന്‍റെ ജയം എളുപ്പമാക്കിയത്. 31 പന്ത് നേരിട്ട രാഹുൽ തെവാതിയ ഏഴു സിക്സറുകളും അടിച്ചുകൂട്ടി.
advertisement
നേരത്തെ മായങ്ക് അഗർവാളിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് മികച്ച സ്കോർ നേടിയത്. രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്നെങ്കിലും പഞ്ചാബ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് അടിച്ചുകൂട്ടി. 50 പന്തിൽ 106 റൺസെടുത്ത മായങ്ക് അഗർവാളും 54 പന്തിൽ 69 റൺസെടുത്ത നായകൻ കെ.എൽ രാഹുലിന്‍റെയും തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനെ വമ്പൻ സ്കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബിനുവേണ്ടി മികച്ച തുടക്കമാണ് മായങ്കും രാഹുലും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യം വിക്കറ്റിൽ 183 റൺസാണ് അടിച്ചുകൂട്ടിയത്. രാഹുൽ കരുതലോടെ ബാറ്റുവീശിയപ്പോൾ രാജസ്ഥാൻ ബൌളർമാരെ നിർദയം പ്രഹരിച്ചുകൊണ്ടായിരുന്നു മായങ്കിന്‍റെ ബാറ്റിങ്. ഏഴു സിക്സറും 10 ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു മായങ്കിന്‍റെ സെഞ്ച്വറി. പതിനഞ്ചാമത്തെ ഓവറിലെ അവസാന പന്തിൽ ശ്രേയസ് ഗോപാലിനെ ബൌണ്ടറി കടത്തിയാണ് ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി മായങ്ക് പൂർത്തിയാക്കിയത്.
Location :
First Published :
September 27, 2020 11:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020: RR vs KXIP | സഞ്ജുവിന്‍റെ പോരാട്ടം വെറുതെയായില്ല; ആവേശപ്പോരിൽ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം