IPL 2022 | രാജസ്ഥാനെ വിറപ്പിച്ച് കീഴടങ്ങി ഡൽഹി; ആവേശപ്പോരാട്ടത്തിൽ വിജയം 15 റൺസിന്

Last Updated:

റോവ്മാൻ പവൽ ഉയർത്തിയ ഭീഷണി മറികടന്നായിരുന്നു രാജസ്ഥാൻ ആവേശ വിജയം സ്വന്തമാക്കിയത്.

Image: IPL,Twitter
Image: IPL,Twitter
നാടകീയ രംഗങ്ങൾക്ക് വേദിയായി മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. മൊത്തം 429 റൺസ് പിറന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 15 റൺസിന്റെ ആവേശ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഡൽഹിയുടെ വിൻഡീസ് വെടിക്കെട്ട് ബാറ്റർ റോവ്മാൻ പവൽ ഉയർത്തിയ ഭീഷണി മറികടന്നായിരുന്നു രാജസ്ഥാൻ ആവേശ വിജയം സ്വന്തമാക്കിയത്.
രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹി അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും അവരുടെ പോരാട്ടം 207 റൺസിൽ അവസാനിക്കുകയായിരുന്നു. ഡൽഹിക്കായി 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും 37 റണ്‍സ് വീതമെടുത്ത പൃഥ്വി ഷായും ലളിത് യാദവും അവസാന ഓവറിലെ വെടിക്കെട്ടിലൂടെ അത്ഭുത ജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ നല്‍കിയ റൊവ്‌മാന്‍ പവലും (35) മാത്രമെ തിളങ്ങിയുള്ളൂ. രാജസ്ഥാന് വേണ്ടി ബൗളിങ്ങിൽ പ്രസിദ്ധ് കൃഷ്ണയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
അവസാന ഓവറിൽ 36 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ഡൽഹിക്കായി പവൽ ആദ്യത്തെ മൂന്ന് പന്ത് സിക്സ് പറത്തി പ്രതീക്ഷ കൊണ്ടുവന്നെങ്കിലും പിന്നീടുള്ള മൂന്ന് പന്തുകൾ മികച്ച രീതിയിലെറിഞ്ഞ് ഒബെദ് മക്കോയ് രാജസ്ഥാന്റെ കൈയിൽ തന്നെ ജയം പിടിച്ചുനിർത്തുകയായിരുന്നു. അവസാന പന്തിൽ പവലിന്റെ വിക്കറ്റും മക്കോയ് സ്വന്തമാക്കി.
ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റോടെ ഡൽഹി ആറാം സ്ഥാനത്ത് തുടരുന്നു.
advertisement
സ്കോർ: രാജസ്ഥാൻ റോയൽസ്: 20 ഓവറിൽ 222/2; ഡൽഹി ക്യാപിറ്റൽസ്: 20 ഓവറിൽ 207/8
രാജസ്ഥാൻ കുറിച്ച ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിക്ക് ഓപ്പണർമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.3 ഓവഖില്‍ 43 റണ്‍സടിച്ചു. തകർത്തടിച്ച് മുന്നേറുകയായിരുന്ന ഡൽഹി സഖ്യത്തിൽ വാര്‍ണറെ (14 പന്തില്‍ 28) മടക്കി പ്രസിദ്ധ് കൃഷ്ണയാണ് രാജസ്ഥാന് ബ്രേക്ത്രൂ നൽകിയത്. വാർണർ മടങ്ങിയ ശേഷം ക്രീസിൽ എത്തിയ സർഫ്രാസിനെ (1) അശ്വിൻ വീഴ്ത്തിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഋഷഭ് പന്തും പൃഥ്വി ഷായും ചേർന്ന് ഡൽഹിക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഡൽഹിയുടെ സ്കോർ 99ൽ നിൽക്കെ പൃഥ്വിയെ മടക്കി അശ്വിന്‍ വീണ്ടും രാജസ്ഥാന്‍റെ പ്രതീക്ഷ കാത്തു. മറുവശത്ത് പന്ത് ഇടയ്ക്ക് ചാഹല്‍ കൈവിട്ട് സഹായിച്ച അവസരം മുതലെടുത്ത് അടിതുടർന്നെങ്കിലും ഒടുവിൽ പ്രസിദ്ധിന്റെ പന്തിൽ ദേവ്‌ദത്ത് പടിക്കലിന്റെ തകർപ്പൻ ക്യാച്ചിൽ താരം പുറത്തായതോടെ ഡൽഹിയുടെ പ്രതീക്ഷകൾ മങ്ങി.
advertisement
അവസാന മൂന്നോവറില്‍ ജയിക്കാന്‍ 51 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്കായി പവല്‍, ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ 18-ാ൦ ഓവറില്‍ 18 റണ്‍സടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും 19-ാ൦ ഓവര്‍ പ്രസിദ്ധ് വിക്കറ്റ് മെയ്ഡനാക്കിയതോടെ അവസാന ഓവറിൽ 36 റണ്‍സെന്നതായി ഡല്‍ഹിയുടെ ലക്ഷ്യം. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്സിന് പറത്തി പവല്‍ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷ നല്‍കി.
എന്നാല്‍ പവൽ സിക്സ് അടിച്ച മൂന്നാം പന്ത് അമ്പയര്‍ ഫുള്‍ടോസ് നോ ബോള്‍ വിളിക്കാത്തതിനെച്ചൊല്ലി ഡല്‍ഹി താരങ്ങള്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കളിക്കാരോട് തിരിച്ചുവരാന്‍ വരെ പന്ത് ആവശ്യപ്പെട്ടു. ഇതിന് ശേഷമുള്ള മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി ഒബെദ് മക്കോയ് രാജസ്ഥാന് ജയം സമ്മാനിച്ചു. ലളിത് യാദവിന്‍റെയും (24 പന്തില്‍ 37) പവലിന്‍റെയും(15 പന്തില്‍ 36) ഇന്നിങ്‌സുകൾ ഡല്ഹിയുടെ തോൽവിഭാരം കുറയ്ക്കുകയായിരുന്നു.
advertisement
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, ജോസ് ബട്ലറുടെ സെഞ്ചുറിക്കരുത്തിൽ (65 പന്തിൽ 116) നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് എടുത്തത്. ബട്ലർക്ക് പുറമെ ദേവ്ദത്ത് പടിക്കൽ (35 പന്തിൽ 54), ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (19 പന്തിൽ 46*) രാജസ്ഥാനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | രാജസ്ഥാനെ വിറപ്പിച്ച് കീഴടങ്ങി ഡൽഹി; ആവേശപ്പോരാട്ടത്തിൽ വിജയം 15 റൺസിന്
Next Article
advertisement
കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
  • ജ്യോതിരാജ്, 43, കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി, കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

  • 2009ൽ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതിരാജ് ചികിത്സയിലായിരുന്നു.

  • ജീവനൊടുക്കിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി; ജ്യോതിരാജ് വീട്ടിൽ തന്നെ തുടരുകയായിരുന്നു.

View All
advertisement