HOME /NEWS /IPL / IPL 2022 | തെവാട്ടിയ-റാഷിദ് വെടിക്കെട്ട്; ഹൈദരാബാദിൽ നിന്നും ജയം പിടിച്ചെടുത്ത് ഗുജറാത്ത്; ഒന്നാമത്

IPL 2022 | തെവാട്ടിയ-റാഷിദ് വെടിക്കെട്ട്; ഹൈദരാബാദിൽ നിന്നും ജയം പിടിച്ചെടുത്ത് ഗുജറാത്ത്; ഒന്നാമത്

Image: Twitter

Image: Twitter

മത്സരം ജയിക്കാൻ അവസാന ഓവറിൽ 22 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്

  • Share this:

    ഐപിഎല്ലിൽ (IPL 2022) സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ (Sunrisers Hyderabad) അവിശ്വസനീയ വിജയം നേടിയെടുത്ത് ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans). തോൽവിയുടെ വക്കിലേക്ക് വീണ അവർ പൊരുതിക്കയറി തിരിച്ചുവന്നപ്പോൾ അതുവരെ വിജയം കൈപ്പിടിയിൽ വെച്ചിരുന്ന ഹൈദരാബാദിന് മത്സരത്തിലെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഹൈദരാബാദ് മുന്നോട്ടുവെച്ച 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയത്തിലെത്തിയത്. ഉമ്രാൻ മാലിക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ പതറി നിൽക്കുകയായിരുന്ന ഗുജറാത്തിനെ അവസാന ഓവറുകളിലെ വെടിക്കെട്ടുകളിലൂടെ രാഹുൽ തെവാട്ടിയയും (21 പന്തിൽ 40*), റാഷിദ് ഖാനും (11 പന്തിൽ 31*) ചേർന്നാണ് വിജയത്തിലേക്ക് എത്തിച്ചത്.

    ജയത്തോടെ ഗുജറാത്ത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തായി. ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇതോടെ തുടരെ അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള അവരുടെ കുതിപ്പിനും അവസാനമായി.

    16-ാ൦ ഓവർ വരെ ഹൈദരാബാദ് നിയന്ത്രിച്ചിരുന്ന മത്സരം കേവലം നാല് ഓവറുകൾക്കുള്ളിലാണ് ഇരുവരും ചേർന്ന് ഗുജറാത്തിന്റെ കൈകളിലാക്കി കൊടുത്തത്. അവസാന നാലോവറിൽ നിന്നും 56 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഇതിൽ അവസാന രണ്ടോവറുകളിൽ നിന്നായി 35 റൺസാണ് ഇവർ നേടിയത്. അവസാന ഓവറിൽ 22 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി തെവാട്ടിയ ഗുജറാത്തിന്റെ പ്രതീക്ഷ നിലനിർത്തി. രണ്ടാം പന്തില്‍ സിംഗിള്‍ എടുത്ത തെവാട്ടിയ സ്ട്രൈക്ക് റാഷിദിന് നൽകി. മൂന്നാം പന്തില്‍ റാഷിദ് ഖാന്‍റെ സിക്സർ, നാലാം പന്ത് റൺ നൽകാതെ ജാൻസെൻ പ്രതിരോധിച്ചെങ്കിലും അഞ്ചാം പന്തില്‍ സിക്സ് അടിച്ച് റാഷിദ് മത്സരം അവസാന പന്തിലേക്ക് നീട്ടിയെടുത്തു. ഒരു പന്തില്‍ മൂന്ന് റൺസ് എന്ന നിലയിലേക്ക് ചുരുങ്ങിയ മത്സരത്തിൽ ജാൻസെൻ എറിഞ്ഞ അവസാന പന്ത് ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ റാഷിദ് സിക്സിന് പറത്തിയതോടെ ഗുജറാത്തിന് സ്വന്തമായത് അവിശ്വസനീയ വിജയം. നാലോവറിൽ 63 റൺസാണ് ജാൻസെൻ വഴങ്ങിയത്.

    സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 195-6, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 199-5.

    ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നാലോവറില്‍ 25 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

    നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും (42 പന്തില്‍ 65), ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും(40 പന്തില്‍ 56) അര്‍ധസെഞ്ചുറികളുടെയും ശശാങ്ക് സിംഗിന്‍റെ (6 പന്തില്‍ 25*) അവസാന ഓവർ വെടിക്കെട്ടിന്റെയും മികവിലാണ് 195 റണ്‍സിലെത്തിയത്.

    First published:

    Tags: Gujarat Titans, IPL 2022, Sunrisers Hyderabad