IPL 2022 | സൂര്യയുടെയും ബ്രെവിസിന്റെയും വെടിക്കെട്ട് പാഴായി; മുംബൈക്ക് അഞ്ചാം തോൽവി
- Published by:Naveen
- news18-malayalam
Last Updated:
കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ മുംബൈ മാത്രമാണ് സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്തതായിട്ടുള്ളത്.
ഇല്ല! മുംബൈ ആരാധകർ കൊതിച്ച ആ വിജയം ഇന്നും പിറന്നില്ല. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസിന് ഈ സീസണിലെ ഐപിഎല്ലിൽ തങ്ങളുടെ ഭാഗ്യജാതകം തെളിയുന്നില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും തോൽവി വഴങ്ങി മുംബൈ. സീസണിലെ തുടർച്ചയായ അഞ്ചാം തോൽവിയാണ് മുംബൈ വഴങ്ങിയത്. കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ മുംബൈ മാത്രമാണ് സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്തതായിട്ടുള്ളത്.
കളിച്ച നാല് മത്സരങ്ങളും തോറ്റ് പഞ്ചാബിനെ നേരിടാനിറങ്ങിയ മുംബൈ ജയമാണ് ലക്ഷ്യം വെച്ചതെങ്കിലും
പഞ്ചാബ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ വിജയത്തിന് 12 റൺസ് അകലെ വീഴുകയായിരുന്നു.
പഞ്ചാബ് ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമാണ് നേടാനായത്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഡെവാൾഡ് ബ്രെവിസും (25 പന്തിൽ 49), സൂര്യകുമാർ യാദവ് (30 പന്തിൽ 43), തിലക് വർമ്മ (20 പന്തിൽ 36) എന്നിവർ പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പഞ്ചാബ് ബൗളർമാർ മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. പഞ്ചാബിനായി ഒഡീൻ സ്മിത്ത് നാല് വിക്കറ്റുകൾ വീഴ്ത്തി.
advertisement
പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ ഭേദപ്പെട്ട തുടക്കമാണ് നേടിയത്. പതിവുശൈലി വിട്ട് തുടക്കം മുതൽ ആക്രമിച്ചു കളിച്ച രോഹിത് ശർമ്മ ആദ്യ മൂന്ന് ഓവറുകളിൽ തന്നെ മുംബൈയുടെ സ്കോർ 30 കടത്തി. ആക്രമിച്ചു കളിച്ച രോഹിത്തിന് പക്ഷെ നാലാം ഓവറിലെ നാലാം പന്തിൽ മടങ്ങേണ്ടി വന്നു. 17 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റൺസ് നേടി മികച്ച രീതിയിൽ പോവുകയായിരുന്ന രോഹിത് ശർമ്മയെ കാഗിസോ റബാഡ വൈഭവ് അറോറയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. രോഹിത് മടങ്ങിയതിന് പിന്നാലെ തന്നെ ഇഷാൻ കിഷനും പുറത്തായത് മുംബൈയെ പ്രതിരോധത്തിലാക്കി.
advertisement
എന്നാൽ മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന ബ്രെവിസും തിലക് വർമ്മയും ചേർന്ന് മത്സരത്തിന്റെ ഗതി മാറ്റിമറിക്കുകയായിരുന്നു. തകർത്തടിച്ച് മുന്നേറിയ സഖ്യം 10 ഓവറുകൾക്കുള്ളിൽ തന്നെ മുംബൈയെ 100 കടത്തിയതോടെ ആരാധകർ വിജയപ്രതീക്ഷയിലായി. ബ്രെവിസ് ആയിരുന്നു സഖ്യത്തിൽ കൂടുതൽ അപകടകാരി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത താരം ഒടുവിൽ ഒഡീൻ സ്‌മിത്തിന്റെ പന്തിൽ അർഷദീപ് സിങ്ങിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. അർഹിച്ച അർധസെഞ്ചുറിക്ക് ഒരു റൺ അകലെ 49 ലാണ് താരം പുറത്തായത്. 25 പന്തിൽ നിന്നും അഞ്ച് സിക്‌സും നാല് ഫോറും പായിച്ചാണ് ബ്രെവിസ് 49 റൺസ് എടുത്തത്. തിലക് വർമ്മയ്‌ക്കൊപ്പം 84 റൺസാണ് ബ്രെവിസ് മൂന്നാം വിക്കറ്റിൽ ചേർത്തത്.
advertisement
പിന്നാലെ തിലക് വർമ്മ സൂര്യകുമാർ യാദവുമായുള്ള ആശയക്കുഴപ്പത്തിൽ റൺഔട്ട് ആയത് മുംബൈക്ക് തിരിച്ചടിയായി. എങ്കിലും സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിങ് മുംബൈക്ക് വിജയപ്രതീക്ഷ നൽകി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത താരം 19-ാം ഓവറില്‍ പുറത്തായതോടെ മുംബൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. കീറണ്‍ പൊള്ളാര്‍ഡിന് (10) അവസരത്തിനൊത്ത് ഉയരാൻ കഴിയാഞ്ഞതും മുംബൈക്ക് തിരിച്ചടി നൽകി.
അവസാന ഓവറിലെ ആദ്യ പന്ത് സിക്സറടിച്ച് ഉനദ്കട് മുംബൈക്ക് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും പിന്നീടുള്ള പന്തിൽ താരം പുറത്തായതോടെ മുംബൈ തോൽവി ഉറപ്പിക്കുകയായിരുന്നു.
advertisement
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണെടുത്തത്. ഓപ്പണർമാരായ ശിഖർ ധവാന്റെയും (50 പന്തിൽ 70), മായങ്ക് അഗർവാളിന്റെയും (32 പന്തിൽ 52) പിന്നീട് അവസാന ഓവറുകളിൽ മിന്നലടികളുമായി കളം നിറഞ്ഞ ജിതേഷ് ശർമയുടെയും (15 പന്തിൽ 30*), ഷാരൂഖ് ഖാന്റെയും (6 പന്തിൽ 15) പ്രകടനങ്ങളാണ് പഞ്ചാബിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
തുടക്കവും ഒടുക്കവും പഞ്ചാബ് ബാറ്റർമാർ അഴിഞ്ഞാടിയപ്പോൾ മധ്യ ഓവറുകളിൽ മാത്രമാണ് മുംബൈക്ക് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മുംബൈക്കായി ബൗളിങ്ങിൽ ജസ്പ്രീത് ബുംറയൊഴികെ എല്ലാവരും കൈനിറയെ തല്ലുവാങ്ങി. നാലോവർ എറിഞ്ഞ ബുംറ 28 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബേസിൽ തമ്പി നാലോവറിൽ 47 റൺസ് വഴങ്ങി.
Location :
First Published :
April 13, 2022 11:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | സൂര്യയുടെയും ബ്രെവിസിന്റെയും വെടിക്കെട്ട് പാഴായി; മുംബൈക്ക് അഞ്ചാം തോൽവി


