ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. പുറത്താകാതെ 68 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.
37 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. ബാംഗ്ലൂരിനായി വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന് കിഷനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സടിച്ചിരുന്നു. മുംബൈക്ക് പവര്‍ പ്ലേക്ക് പിന്നാലെ രോഹിത്തിനെ നഷ്ടമായി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി രോഹിത്(15 പന്തില്‍ 26) മടങ്ങുമ്പോള്‍ മുംബൈ സ്കോര്‍ ബോര്‍ഡില്‍ 50 റണ്‍സുണ്ടായിരുന്നു.
പിന്നീട് മുംബൈ സ്കോറിംഗ് മന്ദഗതിയിലായി. പിന്നാലെ ഡെവാള്‍ഡ് ബ്രെവിസിനെ(8) ഹസരംഗ മടക്കി. ഇഷാന് കിഷനെ(28 പന്തില്‍ 26) ആകാഷ്ദീപ് മടക്കുകയും തിലക് വര്‍മ(0) റണ്ണൗട്ടാവുകയും ചെയ്തു. പകരമെത്തിയ കീറോണ്‍ പൊള്ളാര്‍ഡ് ഹസരംഗയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തതോടെ മുംബൈ 62-5ലേക്ക് തകര്‍ന്നടിഞ്ഞു.
രമണ്‍ദീപ് സിംഗിനെ(6) ഹര്‍ഷല്‍ പട്ടേല്‍ മടക്കിയതോടെ മുംബൈ 79-6 എന്ന നിലയിലായി. എന്നാല്‍ ജയദേവ് ഉനദ്ഘട്ടിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ പിന്നീട് നടത്തിയ രക്ഷാപ്രവര്‍ത്തനം മുംബൈയെ മാന്യമായ സ്കോറിലേക്ക് നയിച്ചു. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് ഉനദ്ഘട്ടുമൊത്ത് ഏഴാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ മുംബൈ സ്കോര്‍ 150 കടന്നു.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ഇരു ടീമും ഇറങ്ങിയത്. ബാംഗ്ലൂര്‍ ടീമില്‍ റൂഥര്‍ഫോര്‍ഡിന് പകരം ഗ്ലെന്‍ മാക്സ്വെല് തിരിച്ചെത്തി. മാക്സ്വെല്ലിന്റെ സീസണിലെ ആദ്യ മത്സരമാണിത്. മുംബൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ടൈമല്‍ മില്‍സിന് പകരം ജയദേവ് ഉനദ്ഘട്ടും ഡാനിയേല്‍ സാംസിന് പകരം രമണ്‍ദീപ് സീംഗും മുംബൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി താരം ബേസില്‍ തമ്പിയും മുംബൈയുടെ അന്തിമ ഇലവനിലുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.