IPL 2022 | 'രാജസ്ഥാന്റെ കളി കണ്ട് വോൺ പുഞ്ചിരിക്കുന്നുണ്ടാകും'; ആരാധക ഹൃദയങ്ങൾ കീഴടക്കി ബാംഗ്ലൂരിന്റെ ട്വീറ്റ്
- Published by:Naveen
- news18-malayalam
Last Updated:
ഈ സീസൺ ഐപിഎൽ തുടങ്ങും മുൻപേ മരിച്ച ഷെയ്ൻ വോണിന് ആദര സൂചകമെന്നോണം രാജസ്ഥാന്റെ മത്സരങ്ങൾക്കെല്ലാം താരത്തിന്റെ പോസ്റ്ററുകളും മറ്റുമായാണ് ആരാധകർ എത്തിയിരുന്നത്.
ഐപിഎല്‍ 15-ാ൦ സീസണില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ടൂർണമെന്റിലെ പ്രഥമ സീസണിലെ കിരീടനേട്ടത്തിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാൻ ഫൈനലിലേക്ക് കടന്നിരിക്കുന്നത്. ആദ്യ സീസണിൽ ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ (Shane Warne) നേതൃത്വത്തിൽ കിരീടം നേടിയ ടീം 14 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരിക്കൽ കൂടി ഐപിഎൽ കിരീടം നേടുന്നതിന് അരികിൽ നിൽക്കുമ്പോൾ അടുത്തിടെ അന്തരിച്ച ഇതിഹാസ താരത്തിനുള്ള ആദരമായാണ് രാജസ്ഥാൻ ടീമും ആരാധകരും ഈ ഫൈനൽ പ്രവേശനത്തെ കാണുന്നത്. രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) കീഴടക്കിയായിരുന്നു രാജസ്ഥാന്റെ ഫൈനൽ പ്രവേശം. രാജസ്ഥാൻ ജയിച്ച് ഫൈനലിലേക്ക് കടന്നപ്പോൾ ഐപിഎല്ലിൽ ഒരു കിരീടം നേടുകയെന്ന ബാംഗ്ലൂരിന്റെ കാത്തിരിപ്പ് വീണ്ടും നീണ്ടു. മത്സരം തോറ്റെങ്കിലും രാജസ്ഥാന്റെ കളി മികവിനെ അഭിനന്ദിക്കാനും ഒപ്പം അവരുടെ ഇതിഹാസ ക്യാപ്റ്റനെ ഓര്‍ക്കാനും ബാംഗ്ലൂർ മറന്നില്ല. മത്സരശേഷം ട്വിറ്ററിൽ ബാംഗ്ലൂർ ഇത് സംബന്ധിച്ച് പങ്കുവെച്ച ട്വീറ്റ് ആരാധക ഹൃദയങ്ങൾ കീഴടക്കുകയാണ് ഉണ്ടായത്.
The Great late Shane Warne is smiling on you. Well played tonight, @rajasthanroyals and good luck for the final. 👍🏻#PlayBold #IPL2022 #RRvRCB
— Royal Challengers Bangalore (@RCBTweets) May 27, 2022
രണ്ടാം ക്വാളിഫയറില്‍ തങ്ങളെ തോൽപ്പിച്ച് രാജസ്ഥാന്‍ ഫൈനലിലെത്തിയപ്പോള്‍ വോണിനെ അനുസ്മരിച്ച് കൊണ്ട് #ForWarnie എന്ന ഹാഷ്‌ടാഗിലാണ് ബാംഗ്ലൂർ ട്വീറ്റ് ചെയ്തത്. 'രാജസ്ഥാന്‍ റോയല്‍സ് നന്നായി കളിച്ചു. മഹാനായ ഷെയ്‌ന്‍ വോണ്‍ ഇത് കണ്ട് പുഞ്ചിരിക്കുന്നുണ്ടാകും, ഫൈനൽ മത്സരത്തിന് എല്ലാ ആശംസകളും' എന്നായിരുന്നു തോല്‍വിക്കിടയിലും ബാംഗ്ലൂർ ട്വീറ്റ് ചെയ്തത്. രാജസ്ഥാൻ ഇത് റീ-ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ആരാധകർക്കിടയിൽ ഇത് വൈറലായി മാറുകയായിരുന്നു.
advertisement
Also read- 'രാജസ്ഥാന്‍ ആദ്യ IPL നേടുമ്പോള്‍ കേരളത്തില്‍ എവിടെയോ ക്രിക്കറ്റ് കളിക്കുകയാണു ഞാന്‍'; സഞ്ജു സാംസണ്‍
ഈ സീസൺ ഐപിഎൽ തുടങ്ങും മുൻപേ മരിച്ച ഷെയ്ൻ വോണിന് ആദര സൂചകമെന്നോണം രാജസ്ഥാൻ ആരാധകർ അവരുടെ ടീമിന്റെ മത്സരങ്ങൾക്കെല്ലാം വോണിനെ കുറിച്ചുള്ള പോസ്റ്ററുകളും മറ്റുമായാണ് എത്തിയിരുന്നത്. വോണിന് വേണ്ടി ഈ സീസണിൽ രാജസ്ഥാൻ കിരീടം നേടണം എന്നത് ക്രിക്കറ്റ് ആരാധകർ പരക്കെ പങ്കുവെച്ചിരുന്ന ആഗ്രഹമായിരുന്നു. സീസണിൽ മികച്ച പ്രകടനം നടത്തി ഓരോ മത്സരങ്ങൾ കഴിയുംതോറും ആരാധകർക്ക് പ്രതീക്ഷ നൽകിയ അവർ ഇപ്പോൾ കിരീടത്തിന് തൊട്ടടുത്തായാണ് നിൽക്കുന്നത്. ക്വാളിഫയർ ഒന്നിൽ തങ്ങളെ പരാജയപ്പെടുത്തിയ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി അവർ കിരീടം നേടിയാൽ അതവർക്ക് വോണിനുള്ള ആദര സമർപ്പണം എന്നതിന് പുറമെ ഒരു മധുര പ്രതികാരം കൂടിയാകും.
Location :
First Published :
May 28, 2022 7:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | 'രാജസ്ഥാന്റെ കളി കണ്ട് വോൺ പുഞ്ചിരിക്കുന്നുണ്ടാകും'; ആരാധക ഹൃദയങ്ങൾ കീഴടക്കി ബാംഗ്ലൂരിന്റെ ട്വീറ്റ്