ഐപിഎല്‍ 15ആം സീസണിന് മുന്നോടിയായി നടന്ന മെഗാ താരാലേലത്തിലൂടെ (IPL Mega Auction) ഒരു തിരിച്ചുവരവ് കാത്തിരുന്ന മലയാളി താരം എസ് ശ്രീശാന്തിനും (S Sreesanth) ആരാധകര്‍ക്കും നിരാശ. ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറാകാതിരുന്നതോടെ താരം അണ്‍സോള്‍ഡ് ആയിരിക്കുകയാണ്.
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം കളത്തിന് പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. തനിക്ക് എല്ലാം നഷ്ടമായ വേദിയില്‍ തിരിച്ചെത്താന്‍ ശ്രീശാന്ത് അതിയായി ആഗ്രഹിച്ചിരുന്നു. ഇത്തവണ താരം ഒരുപാട് പ്രതീക്ഷവെക്കുകയും ചെയ്തെങ്കിലും ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല.
2013ല്‍ രാജസ്ഥാന് റോയല്‍സ് ടീമില്‍ കളിക്കുമ്പോഴാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് താരം അന്വേഷണം നേരിടുകയും ജയില്‍ വാസം അനുഭവിക്കേണ്ടി വരികയും അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു. ശ്രീശാന്തിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞത് ഐപിഎല്ലിലൂടെയാണ്. ശ്രീശാന്ത് കളി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായി ശ്രീ ഇപ്പോഴും ഇന്ത്യന്‍ ടീമിലുണ്ടാവുമായിരുന്നു.
മലയാളി താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്
മെഗാ ലേലത്തില്‍ ആദ്യദിനം നിരാശപ്പെടേണ്ടി വന്നെങ്കിലും രണ്ടാം ദിനം മലയാളി താരം വിഷ്ണു വിനോദിന്റെ സമയം തെളിഞ്ഞു. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍ ഇടം നേടിയ വിഷ്ണുവിന്റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.
20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.