MI Full Players List on Day 1: ഐപിഎല്ലിൽ (IPL) അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians) ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി നാല് കളിക്കാരെ നിലനിർത്തിയിരുന്നു. രോഹിത് ശർമ്മ (Rohit Sharma), ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെയാണ് കഴിഞ്ഞ വർഷം അവർ നിലനിർത്തിയത്. വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന ബാക്കിയുള്ള കളിക്കാരെ ഐപിഎൽ ചട്ടങ്ങൾക്കനുസരിച്ച് ഒഴിവാക്കുകയും ചെയ്തു.
ഇത്തവണ മുംബൈ ഇന്ത്യൻസിന് പുതിയ കളിക്കാരെ സ്വന്തമാക്കാനായി ചെലവഴിക്കാവുന്ന തുക 90 കോടി രൂപയാണ്. ഇതിൽനിന്ന് 42 കോടി രൂപ നേരത്തെ നിലനിർത്തിയ നാല് കളിക്കാരുടെ പ്രതിഫലമായാണ് ചെലവഴിച്ചത്. ബാക്കിയുള്ള 48 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസിന് ഐപിഎൽ മെഗാ ലേലത്തിൽ താരങ്ങളെ വാങ്ങാനാകുക. പരമാവധി 25 കളിക്കാരെയാണ് ഓരോ ടീമും തങ്ങളുടെ സംഘത്തിൽ ഉൾപ്പെടുത്തുക. അങ്ങനെ വരുമ്പോൾ ഇനിയുള്ള 48 കോടി രൂപയ്ക്ക് 21 കളിക്കാരെയാണ് മുംബൈയ്ക്ക് വാങ്ങാനാകുക. ഇതിൽ ഏഴു പേർ വരെ വിദേശ താരങ്ങളാകാം.
ആദ്യ ദിനം പ്രധാനമായും നാല് കളിക്കാരെയാണ് മുംബൈ ഇന്ത്യൻസ് വാങ്ങിയത്. ഇതിൽ ആദ്യ ദിനത്തിലെ റെക്കോർഡ് തുകയ്ക്ക് വാങ്ങിയ ഇഷാൻ കിഷൻ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് വിസ്മയം ഡെവാൾഡ് ബ്രെവിസ്, മലയാളി താരം ബേസിൽ തമ്പി, മുരുകൻ അശ്വിൻ എന്നിവരെയാണ് മുംബൈ വാങ്ങിയത്.
IPL 2022 മെഗാ ലേലത്തിന്റെ ഒന്നാം ദിവസം മുംബൈ ഇന്ത്യൻസ് അവരുടെ പണം ചിലവഴിച്ചതെങ്ങനെയെന്ന് നോക്കാം...
നിലനിർത്തിയ കളിക്കാരും അവരുടെ പ്രതിഫലവും
രോഹിത് ശർമ്മ (16 കോടി)
ജസ്പ്രീത് ബുംറ (12 കോടി)
സൂര്യകുമാർ യാദവ് (8 കോടി)
കീറോൺ പൊള്ളാർഡ് (6 കോടി).
മെഗാ ലേലത്തിന്റെ ഒന്നാം ദിവസം വാങ്ങിയ കളിക്കാർ:
ഇഷാൻ കിഷൻ - 15.25 കോടി
ഡെവാൾഡ് ബ്രെവിസ് - 3 കോടി
ബേസിൽ തമ്പി - 30 ലക്ഷം
മുരുകൻ അശ്വിൻ - 1.6 കോടി
ഇഷാൻ കിഷൻ ഐപിഎൽ ലേല ചരിത്രത്തിൽ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ഇന്ത്യൻ താരം
ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന മെഗാ ലേലത്തിൽ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യൻ താരം ഇഷാൻ കിഷൻ. മെഗാലേലത്തിന്‍റെ ഒന്നാം ദിനത്തിൽ റെക്കോർഡ് തുകയ്ക്കാണ് ഇഷാൻ കിഷനെ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് വാങ്ങിയത്. ഇതോടെ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ഇഷാൻ കിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനായി. ഐപിഎൽ ലേലത്തിൽ ഇതിഹാസതാരം യുവരാജ് സിംഗിന് ശേഷം ഏറ്റവും വിലകൂടിയ രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് ഇഷാൻ കിഷൻ കൈവരിച്ചത്. 15.25 കോടി രൂപയ്ക്കാണ് കിഷനെ മുംബൈ വാങ്ങിയത്.
Also Read-
IPL Auction 2022 Live |ഇഷാന് കിഷന് വേണ്ടി വാശിയേറിയ ലേലംവിളി; ഒടുവില്‍ മുംബൈയില്‍ തന്നെ
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിർത്താൻ തീരുമാനിച്ചതിനാൽ കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ഇലവൻ, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾ രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 2 കോടിയിൽ നിന്ന് 15.25 കോടി രൂപയായി ഉയർന്നതോടെ കടുത്ത പോരാട്ടം തന്നെ നടന്നു.
2020 ഐപിഎല്ലിൽ 23-കാരനായ ഇഷാൻ കിഷൻ 30 സിക്‌സറുകൾ അടിച്ച് തന്റെ ബിഗ ഹിറ്റിംഗ് ശേഷി തെളിയിച്ചു. ഭാവിയിൽ മികച്ച ക്യാപ്റ്റനാകാനുള്ള ശേഷിയും ഇഷാൻ കിഷന്‍റെ മൂല്യം കൂട്ടി. 61 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഒമ്പത് അർധസെഞ്ചുറികൾ ഉൾപ്പെടെ 1452 റൺസ് നേടിയിട്ടുണ്ട്, കൂടാതെ 136.34 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഇഷാൻ കിഷനുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതുവരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.