HOME » NEWS » IPL » POLLARD BECAME ONLY THE 6TH BATTER TO HIT 200 SIXES IN THE IPL JK INT

IPL 2021 | കത്തിക്കയറി പൊള്ളാര്‍ഡ്; ഐ പി എല്ലില്‍ 200 സിക്‌സറുകള്‍; മാക്‌സ്‌വെല്ലിനെ മറികടന്ന് ദൈര്‍ഘ്യമേറിയ സിക്‌സില്‍ ഒന്നാമന്‍

സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സറിന്റെ പട്ടികയില്‍ പൊള്ളാര്‍ഡാണ് ഇപ്പോള്‍ ഒന്നാമത്. 105 മീറ്ററായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നലത്തെ ഒരു സിക്സറിന്റെ ദൂരം

News18 Malayalam | news18-malayalam
Updated: April 18, 2021, 5:34 PM IST
IPL 2021 | കത്തിക്കയറി പൊള്ളാര്‍ഡ്; ഐ പി എല്ലില്‍ 200 സിക്‌സറുകള്‍; മാക്‌സ്‌വെല്ലിനെ മറികടന്ന് ദൈര്‍ഘ്യമേറിയ സിക്‌സില്‍ ഒന്നാമന്‍
കീറോണ്‍ പൊള്ളാര്‍ഡ്
  • Share this:
സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ച മുംബൈ രണ്ടാം വിജയം സ്വന്തമാക്കി. ചെറിയ സ്‌കോറില്‍ പ്രതിരോധിച്ചാണ് മുംബൈ ഈ വിജയം നേടിയത്. മുംബൈ ടീമിന്റെ നെടുംതൂണായ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡിന്റെ അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈ ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്നലത്തെ കളിയില്‍ വഴിത്തിരിവായതും താരത്തിന്റെ ഈ ഇന്നിങ്ങ്‌സ് തന്നെയായിരുന്നു. അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ രണ്ട് സിക്സര്‍ പറത്തി 16 റണ്‍സാണ് അദ്ദേഹം നേടിയെടുത്തത്. 22 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 35 റണ്‍സാണ് താരം ആകെ നേടിയത്.

മത്സരശേഷം പ്രതികരിക്കവേ ചെന്നൈയിലെ പിച്ചില്‍ ബാറ്റിംഗ് കടുപ്പമാണെന്നാണ് താരം പറഞ്ഞത്. ചെന്നൈയിലെ പിച്ചുമായി പൊരുത്തപ്പെടാന്‍ പാടാണെന്നും അവസാന ഓവറുകളില്‍ നേടാന്‍ സാധിച്ച അധിക റണ്‍സാണ് ടീമിന് വിജയം നേടാന്‍ സഹായിച്ചതെന്നും പൊള്ളാര്‍ഡ് പറഞ്ഞു. 'നമ്മള്‍ തന്നെ ഒരു മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. അവസാന ഓവറുകളില്‍ നേടാന്‍ സാധിച്ച അധിക റണ്‍സുകളാണ് ടീമിന് വിജയം നേടാന്‍ സഹായിച്ചത്. കുറച്ച് ബോളുകള്‍ മാത്രമുള്ളപ്പോള്‍ പിച്ചുമായി പൊരുത്തപ്പെടുക വളരെ പ്രയാസമാണ്. എന്നാല്‍ അതാണ് ഞങ്ങള്‍ പരിശീലിച്ചത്. നിങ്ങളുടെ കരുത്തുള്ള മേഖല തിരിച്ചറിഞ്ഞ് നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് കാണുക. വിജയം നേടുമ്പോള്‍ അത് നമ്മുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നു' പൊള്ളാര്‍ഡ് വിശദമാക്കി.

സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സറിന്റെ പട്ടികയില്‍ പൊള്ളാര്‍ഡാണ് ഇപ്പോള്‍ ഒന്നാമത്. 105 മീറ്ററായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നലത്തെ ഒരു സിക്സറിന്റെ ദൂരം. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലായിരുന്നു 100 മീ ദൂരത്തില്‍ സിക്സറടിച്ച് നേരത്തേ ഈ പട്ടികയില്‍ തലപ്പത്ത്. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്‌മാന്‍ എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തിലായിരുന്നു പൊള്ളാര്‍ഡിന്റെ സിക്‌സര്‍ പിറന്നത്. മിഡ് വിക്കറ്റിന് മുകളിലൂടെ പൊള്ളാര്‍ഡ് പായിച്ച സിക്സര്‍ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് ചെന്ന് വീണത്.

മറ്റൊരു നേട്ടം കൂടി പൊള്ളാര്‍ഡ് ഈ ഇന്നിങ്സില്‍ തന്റെ പേരിലാക്കി. ഐ പി എല്ലില്‍ 200 സിക്സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. ഈ നേട്ടം കരസ്ഥമാക്കിയ ആറാമത്തെ താരമാണ് പൊള്ളാര്‍ഡ്. ഗെയ്ല്‍ 351 സിക്സറുകളുമായി മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ എ ബി ഡി, രോഹിത് ശര്‍മ്മ, എം എസ് ധോണി, വിരാട് കോഹ്ലി എന്നിവരും പട്ടികയിലുണ്ട്. ഫോറുകളെക്കാള്‍ കൂടുതല്‍ സിക്‌സറാണ് ഐ പി എല്ലില്‍ പൊള്ളാര്‍ഡ് നേടിയിരിക്കുന്നത്. ഇതുവരെ 199 ഫോറുകളും 201 സിക്‌സറുകളുമാണ് താരം ഐ പി എല്ലില്‍ അടിച്ചു കൂട്ടിയത്.
Published by: Jayesh Krishnan
First published: April 18, 2021, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories