HOME /NEWS /IPL / 'ധോണിയുടെ തിരിച്ചുവരവ് നിങ്ങള്‍ക്ക് കാണാം'; ഐപിഎൽ രണ്ടാം പാദത്തിൽ ധോണി തിളങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദീപക് ചഹാര്‍

'ധോണിയുടെ തിരിച്ചുവരവ് നിങ്ങള്‍ക്ക് കാണാം'; ഐപിഎൽ രണ്ടാം പാദത്തിൽ ധോണി തിളങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദീപക് ചഹാര്‍

എം.എസ്. ധോണി

എം.എസ്. ധോണി

ഐപിഎല്‍2021 പുനരാരംഭിച്ചാല്‍ തന്റെ ക്യാപ്റ്റനായ ധോണിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സിഎസ്‌കെയുടെ സ്റ്റാര്‍ ബൗളറായ ദീപക് ചഹാര്‍.

  • Share this:

    ഐപിഎൽ 14ാം സീസണില്‍ ഏവരും പ്രതീക്ഷയോടെ നോക്കിയിരുന്നത് ഇന്ത്യയുടെ മുൻ നായകനും തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് ക്രിക്കറ്റ് പ്രേമികളെ മുഴുവൻ ആവേശം കൊള്ളിച്ചിട്ടുള്ള സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയിലേക്കായിരുന്നു. കരിയറിൽ ഉടനീളം എടുത്തിട്ടുള്ള തീരുമാനങ്ങളിൽ എപ്പോഴും ഒരു അനിശ്ചിതാവസ്ഥ കാത്തു സൂക്ഷിക്കുന്ന താരം തന്റെ രാജ്യാന്തര കരിയറിന്റെ കാര്യത്തിലും അത്തരത്തിൽ ഒരു നീക്കമാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യക്ക് വേണ്ടി കളിക്കാതിരുന്ന താരം പൊടുന്നനെ ഒരു ദിവസമാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹത്തെ കാണാൻ ഐപിഎൽ സീസൺ തുടങ്ങുന്നത് വരെ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നു.

    കഴിഞ്ഞ വർഷം മോശം പ്രകടനം കൊണ്ട് ചെന്നൈ ഐപിഎല്ലിൽ ചരിത്രത്തിലാദ്യമായി പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ ഈ സീസണിലേക്ക് വരുമ്പോൾ ആരാധകർക്ക് അവരുടെ ടീമിന്റെയും അവർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന ധോണിയുടെയും പ്രകടനത്തിൽ വലിയ ആകാംക്ഷയാണ് ഉണ്ടായിരുന്നത്. ചെന്നൈയുടെ മഞ്ഞ ജേഴ്‌സിയണിഞ്ഞ് ധോണി കളിക്കുന്നത് കാണാൻ ആവേശത്തോടെ കാത്തിരുന്ന അവർക്ക് ടീമിന്റെ പ്രകടനത്തിൽ സന്തോഷിക്കാനുള്ള വക ലഭിച്ചെങ്കിലും അവരുടെ 'തല'യുടെ ബാറ്റിങ്ങിൽ അവർക്ക് പഴയ ധോണിയെ കാണുവാൻ കഴിഞ്ഞിരുന്നില്ല. ബാറ്റിങ്ങിൽ നിരാശ നൽകിയെങ്കിലും ആ പഴയ ക്യാപ്റ്റൻ വിക്കറ്റിന് പിന്നിൽ നിന്നും മികച്ച രീതിയിൽ തന്നെ തന്റെ ടീമിനെ നയിച്ചു കയ്യടി നേടി. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മൂലം ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ധോണിയുടെ വിരമിക്കലിനായി മുറവിളി കൂട്ടിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം ഇത്തവണ കാഴ്ചവെച്ചത്.

    സിഎസ്കെയുടെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച പക്ഷേ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിർത്തിവെക്കേണ്ടി വന്നു. ടൂർണമെന്റ് നിർത്തുമ്പോൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് സിഎസ്‌കെയായിരുന്നു. ഗംഭീര പ്രകടനം കാഴ്ചവച്ച അവർ ഈ സീസണിൽ കിരീടം നേടുമെന്ന് പലരും പ്രവചിച്ചിരുന്നു. ടീമിന്റെ മികച്ച പ്രകടനത്തിനിടയിലും ക്യാപ്റ്റൻ ധോണിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്തത് ആരാധകരെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന കാര്യമായിരുന്നു.

    ഐപിഎൽ സെപ്റ്റംബറിൽ പുനരാരംഭിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ആരാധകരെല്ലാം വീണ്ടും അവരുടെ ടീമുകളിലെ താരങ്ങളുടെ മികച്ച പ്രകടനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഐപിഎല്‍2021 പുനരാരംഭിച്ചാല്‍ തന്റെ ക്യാപ്റ്റനായ ധോണിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സിഎസ്‌കെയുടെ സ്റ്റാര്‍ ബൗളറായ ദീപക് ചഹാര്‍. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചഹാർ ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 സീസണില്‍ ടീമിന്റെ മോശം പ്രകടനത്തിന് കാരണമായ കാര്യങ്ങളെ കുറിച്ചും ചഹാർ പ്രതികരിച്ചു.

    '2020 സീസണിന് മുമ്പുള്ള ഞങ്ങളുടെ ടീമിന്റെ സാഹചര്യം വളരെ മോശമായിരുന്നു. ടീമിലെ താരങ്ങൾക്ക് ഒപ്പം കളിച്ചുള്ള മത്സര പരിചയം വളരെ കുറവായിരുന്നു. കൂടാതെ മതിയായ പരിശീലനത്തിനും അവസരം ലഭിച്ചില്ല. ദുബായിലേക്ക് നേരത്തെ പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുവാദം ലഭിച്ചില്ല. ഇതുകൊണ്ട് ചെന്നൈയിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഇതുകൂടാതെ എനിക്ക് കോവിഡ് ബാധിച്ചതിനാൽ 16-17 ദിവസം ക്വറന്റീനില്‍ ഇരിക്കേണ്ടി വന്നു. ഋതുരാജ് ഗെയ്ക്വാദും കോവിഡ് പോസിറ്റീവായി 28 ദിവസത്തോളം ക്വറന്റീനില്‍ ആയിരുന്നു. ഒരു ബൗളറെന്ന നിലയില്‍ കോവിഡ് ബാധിതനായ ശേഷം മികച്ച പ്രകടനത്തിലേക്കെത്താന്‍ സമയം ആവിശ്യമായിരുന്നു. ആ സീസണില്‍ എനിക്ക് അതിനുള്ള വേണ്ടത്ര സമയം ലഭിച്ചില്ല. അത് എന്റെ പ്രകടനത്തെ ബാധിച്ചു'- ചഹാർ പറഞ്ഞു.

    Also Read- ഫോട്ടോയിൽ ഭാര്യയുടെ മുഖം മറച്ചു; ഇർഫാൻ പഠാനെതിരെ വിദ്വേഷ പ്രചാരണം; മറുപടിയുമായി താരം

    'ഇതുകൂടാതെ റെയ്‌നയുടെ അഭാവവും ടീമിനെ പ്രകടനത്തെ ബാധിച്ചു. ടീമിന്റെ സന്തുലിതാവസ്ഥ തന്നെ നഷ്ടമായ ഒരു അവസ്ഥയായിരുന്നു. എന്നാല്‍ 2021ല്‍ ഇതെല്ലാം ഞങ്ങള്‍ക്ക് തിരികെ ലഭിച്ചു. സിഎസ്‌കെയ്‌ക്കൊപ്പമുള്ള എന്റെ നാലാമത്തെ വര്‍ഷമാണിത്. ടീമിലെ പ്രധാന ബൗളറെന്ന നിലയില്‍ മഹി ഭായ് എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഈ വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഞങ്ങളെപ്പോലുള്ള യുവതാരങ്ങളുടെ വലിയ പ്രചോദനമാണ് അദ്ദേഹം.'

    'ഓരോ താരങ്ങളെയും എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാം എന്നതാണ് നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ വിജയങ്ങൾക്കുള്ള കാരണം. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനാല്‍ അദ്ദേഹത്തിന് കൂടുതൽ മത്സരങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ട് കളത്തിലേക്ക് വരുമ്പോൾ പെട്ടെന്ന് ഒരു മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് എളുപ്പമല്ല. എന്നാല്‍ ഈ സീസണില്‍ ചില മത്സരങ്ങളിൽ അദ്ദേഹത്തിൽ നമുക്ക് ആ പഴയ ഷോട്ടുകള്‍ കാണാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ടൂര്‍ണമെന്റ് വീണ്ടും ആരംഭിക്കുമ്പോൾ ധോണിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചേക്കും.' ദീപക് ചഹാര്‍ വ്യക്തമാക്കി.

    നിലവിൽ ബിസിസിഐയുടെ പദ്ധതി അനുസരിച്ച് സെപ്റ്റംബർ - ഒകടോബർ മാസങ്ങളിൽ യുഎഇയിൽ ഐപിഎൽ നടത്താൻ ആണ് തീരുമാനം. ഒക്ടോബറിൽ ടി20 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ പെട്ടെന്ന് തന്നെ മത്സരങ്ങൾ തീർക്കാനാകും ബോർഡ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ കളിക്കുന്ന വിദേശ താരങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കാൻ അന്താരാഷ്ട്ര മത്സരങ്ങൾ കുറവുള്ള സമയം നോക്കിയാണ് ബിസിസിഐ വീണ്ടും ഐപിഎൽ നടത്താനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ലോകകപ്പും ചില ടീമുകളുടെ പരമ്പരകളും ഈ സമയത്ത് ഉള്ളതിനാൽ ആ ടീമുകളുടെ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യവും ഇനിയും ഉറപ്പായില്ല. ഐപിഎൽ വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്നുമുള്ള ഔദ്യോഗിക അറിയിപ്പ് വൈകാതെ ഉണ്ടാകും.

    First published:

    Tags: Deepak Chahar, Dhoni, IPL 2021, MS Dhoni