ലൈഫില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു; സമാനതകളില്ലാത്ത അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

Last Updated:

പത്തു ലക്ഷത്തിലേറെ പേര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരളത്തില്‍ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. - മുഖ്യമന്ത്രി

തിരുവനന്തപുരം: സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലര വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാരിന് അങ്ങേയറ്റം അഭിമാനം പകരുന്ന പ്രഖ്യാപനമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2,50,547 വീടുകളാണ് പൂര്‍ത്തിയായത്. ഇതു വഴി പത്തു ലക്ഷത്തിലേറെ പേര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരളത്തില്‍ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇനിയും അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ധാരാളം പേരുണ്ട്. അവരില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവര്‍ക്കും വീട് നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് ലൈഫ് മിഷന്‍. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നാലു മിഷനുകളാണ് രൂപീകരിച്ചത്. എന്തിനാണ് മിഷനുകള്‍ എന്ന് ചോദിച്ചവരുണ്ട്. എന്നാല്‍, കാര്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ ഇതുവഴി കഴിഞ്ഞുവെന്ന് ഇപ്പോള്‍ വ്യക്തമായി.
advertisement
പാര്‍പ്പിട രംഗത്ത് ഇതിനുമുമ്പും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായില്ല. ഇത് കണക്കിലെടുത്താണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നവകേരള കര്‍മ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാകാതെ പോയ വീടുകളുടെ നിര്‍മാണമാണ് ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്. 52,607 വീടുകള്‍ ഈ ഘട്ടത്തില്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ കാര്യമാണ് ഏറ്റെടുത്തത്. ഇതില്‍ 87,697 വീടുകള്‍ പൂര്‍ത്തിയാക്കി. ആകെ ഗുണഭോക്താക്കള്‍ 98,326. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 108 ഗ്രാമപഞ്ചായത്തുകള്‍ ലക്ഷ്യം പൂര്‍ണമായും നിറവേറ്റി.
advertisement
പി എം എ വൈ അര്‍ബന്‍ പ്രകാരം 63,449 വീടുകളും റൂറല്‍ പ്രകാരം 17,149 വീടുകളും ഇതിനൊപ്പം പൂര്‍ത്തിയാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ലൈഫുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. രണ്ടു വ്യത്യസ്ത പദ്ധതികളുടെ ഗുണഫലം ഇതുവഴി ഭവനരഹിതര്‍ക്ക് ലഭിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും നാലുലക്ഷം രൂപയുടെ സഹായം സര്‍ക്കാര്‍ ഉറപ്പാക്കി. മൂന്നാംഘട്ടത്തില്‍ ഭൂമിയില്ലാത്തവരുടെ ഭവന നിര്‍മാണമാണ് ഏറ്റെടുത്തത്. ഇതില്‍ 52 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. അഞ്ച് സമുച്ചയങ്ങള്‍ രണ്ടു മാസത്തിനകവും 32 സമുച്ചയങ്ങള്‍ മെയ് മാസവും പൂര്‍ത്തിയാകും. സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍പെടുത്തിയാണ് 14 സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്.
advertisement
വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്‌ളാറ്റുകളാണ് നിര്‍മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിര്‍മിക്കുന്നുണ്ട്. എന്നാല്‍, അവിടെ ഇതൊന്നും നടക്കാന്‍ പാടില്ല എന്നാഗ്രഹിക്കുന്ന ചിലര്‍ ഉണ്ടെന്നാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയതിലൂടെ തെളിയുന്നത്. നാടിനുണ്ടാകുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്ത്താനും ജനങ്ങള്‍ക്കു ലഭ്യമാകുന്ന സൗകര്യങ്ങളെ അപഹസിക്കാനുമാണ് ഒരു കൂട്ടര്‍ അപവാദ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിര്‍മാണമാണ് സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്. ലക്ഷ്യമിട്ട എല്ലാ വികസനപദ്ധതികളും കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസവും ഒരുമിച്ചുകൊണ്ടുപോകുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. പരിമിതികള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്. സമൂഹത്തിന്റെ പിന്തുണയോടെയാണ് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും മറികടക്കാനാകുമെന്ന വിശ്വാസം സര്‍ക്കാരിനുണ്ട്.
advertisement
Also Read- 'എട്ടാം വയസിൽ തുടങ്ങിയ പാലംപണി; ഇപ്പോൾ എനിക്ക് 48'; മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റ് വൈറൽ
ലൈഫ് പദ്ധതി വിജയിപ്പിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. പുതുതായി ഭരണമേറ്റ ഭരണാധികാരികള്‍ ഈ കാഴ്ചപ്പാടോടെ മുന്നോട്ടുപോകണം. വലിയ ഉത്തരവാദിത്വമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളത്. കോവിഡ് ഭീഷണി ഗൗരവമായി കാണണം. കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികള്‍ പുനരുജീവിപ്പിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്നുറപ്പുവരുത്താന്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രധാനമാണ്.
advertisement
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും ലൈഫ്മിഷന്‍ സിഇഒ യു വി ജോസും ചടങ്ങില്‍ പങ്കെടുത്തു. രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഗുണഭോക്താക്കളുടെ സംഗമം വിവിധ മേഖലകളില്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വട്ടിയൂര്‍ക്കാവിലെ വാഴോട്ടുകോണം പാപ്പാട്ട് ലൈഫ്മിഷനില്‍ നിര്‍മിച്ച വീട് രാവിലെ മുഖ്യമന്ത്രിയും മന്ത്രി എ സി മൊയ്തീനും സന്ദര്‍ശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു; സമാനതകളില്ലാത്ത അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement