കണ്ണൂരിൽ ട്രെയിനിനുനേരെ കല്ലേറ്; പന്ത്രണ്ടുകാരിയുടെ തലയ്ക്ക് പരിക്കേറ്റു
- Published by:Anuraj GR
- news18-malayalam
Last Updated:
അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് സംഭവം
കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കല്ലേറിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന 12 വയസുള്ള വിദ്യാർഥിനിക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 5.15ഓടെ കണ്ണൂർ സൗത്തിനും എടക്കാടിനും ഇടയിലാണ് കല്ലേറുണ്ടായത്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കീർത്തന രാജേഷിനാണ് പരിക്കേറ്റത്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകളാണ് കീർത്തന.
അമ്മക്കും മുത്തശ്ശിക്കുമൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് സംഭവം. കല്ലേറിൽ കീർത്തനയുടെ തലക്ക് പരിക്കേറ്റു. തുടർന്ന് തലശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കുടുംബം ആശുപത്രിയിൽ ചികിത്സ തേടി. കല്ലെറിഞ്ഞവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുത്തശ്ശി വിജയകുമാരിക്കൊപ്പം എസ് 10 കോച്ചിലെ വിൻഡോ സീറ്റിൽ ഇരുന്ന് പുറംകാഴ്ചകൾ കണ്ടിരിക്കുന്നതിനിടെയാണ് കീർത്തനയ്ക്കു കല്ലേറുകൊണ്ടത്. തലയുടെ ഇടതുവശത്ത് പരിക്കേറ്റു. ബഹളംകേട്ട് ടിടിഇയും റെയിൽവേ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യാത്രക്കാരിൽ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രെയിനിൽ യാത്ര ചെയ്തിരുന്ന മെഡിക്കൽ വിദ്യാർഥിനി കീർത്തനയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
advertisement
ട്രെയിൻ തലശ്ശേരിയിൽ എത്തിയ ഉടൻ ആർപിഎഫും റെയിൽവേ ജീവനക്കാരും ചേർന്ന് കീർത്തനയെ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് രാത്രി 9.15നു മലബാർ എക്സ്പ്രസിൽ മാതാപിതാക്കൾക്കൊപ്പം കീർത്തന കോട്ടയത്തേക്കു യാത്ര തുടർന്നു.
കല്ലേറുണ്ടായ പ്രദേശത്ത് ആർപിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തി. മംഗളൂരുവിനും കണ്ണൂരിനും ഇടയിൽ ട്രെയിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ല് നിരത്തുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് 30ന് ഉള്ളാൾ സ്റ്റേഷനു സമീപം ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ സ്കൂൾ വിദ്യാർഥികൾ പിടിയിലായിരുന്നു. ട്രാക്കിൽ കല്ലു നിരത്തിയ സംഭവങ്ങളിൽ നാലാഴ്ചയ്ക്കിടെ റെയിൽവേ പൊലീസ് അഞ്ച് കേസെടുത്തു. റെയിൽവേ ഉപേക്ഷിച്ച പാളത്തിന്റെ ഭാഗം മുറിഞ്ഞു കിട്ടുന്നതിനായി ട്രാക്കിൽ നിരത്തിയ ആക്രി പെറുക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതും കഴിഞ്ഞയാഴ്ചയാണ്.
advertisement
അതേസമയം ട്രെയിനിനുനേരെയുള്ള കല്ലേറിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ അറിയിച്ചു. ട്രെയിനിന് നേരെയുള്ള കല്ലേറ് ഇപ്പോൾ വളരെ വ്യാപകമാണ്. പലപ്പോഴും പ്രതികളെ പിടിക്കാൻ കഴിയാതെ വരുന്നത് ട്രെയിൻ കടന്നു പോകുമ്പോൾ കൃത്യമായ സ്ഥലം അറിയാൻ സാധിക്കാതെ വരുന്നതു മൂലമാണ്. യാത്രക്കാർ ജാഗ്രത പാലിച്ചാൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന സാമൂഹൃ വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കല്ലേറ് / കുപ്പിയേറ്/ ട്രാക്കിൽ കല്ലുവയ്ക്കൽ തുടങ്ങിയ പ്രവർത്തികൾ ഇല്ലാതാക്കാനും കഴിയും. യാത്ര ചെയ്യുന്ന ട്രെയിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. അതോടൊപ്പം മറ്റ് അസാധാരണ സംഭവങ്ങൾ എന്തു തന്നെയായാലും പോലീസിന്റെ ഈ നമ്പരുകളിലും 9995040000 9846200100/139 വിളിച്ചറിയിക്കുക. ട്രാക്കിനടുത്ത് താമസിക്കുന്നവർ അപരിചിതരായവരെ ശ്രദ്ധിക്കുകയും അവർ വരുന്ന വണ്ടിയുടെ നമ്പർ നോട്ട് ചെയ്ത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുകയും ചെയ്യണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2022 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ട്രെയിനിനുനേരെ കല്ലേറ്; പന്ത്രണ്ടുകാരിയുടെ തലയ്ക്ക് പരിക്കേറ്റു