മൺമറഞ്ഞ് ഒന്നരനൂറ്റാണ്ടിനു ശേഷം കായംകുളം കൊച്ചുണ്ണിക്ക് ജന്മനാട്ടിൽ സ്മാരകം
- Published by:Nandu Krishnan
- news18-malayalam
Last Updated:
കായംകുളം കായൽതീരത്തെ ഓഡിറ്റോറിയത്തിന് 'കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു
കേരളത്തിലെ ഐതിഹ്യപെരുമയുള്ള തസ്‌ക്കരവീരൻ കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞ് ഒന്നരനൂറ്റാണ്ടിനു ശേഷം ജന്മനാട്ടിൽ സ്മാരകം.ആലപ്പുഴ ജില്ലയിലെ കായംകുളം കായൽക്കരയിലെ ഓഡിറ്റോറിയത്തിന് 'കായംകുളം കൊച്ചുണ്ണി മെമ്മോറിയൽ ഓഡിറ്റോറിയം' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു.
സമ്പന്നരെ കൊള്ളയടിക്കുന്നതിനും ദരിദ്രരെ സഹായിക്കുന്നതിനും പേരുകേട്ട കൊച്ചുണ്ണിയെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠയായി ആരാധിക്കപ്പെടുന്നുണ്ടെങ്കിലും ആദ്യമായാണ് സർക്കാർ സംവിധാനത്തിൽ ഔദ്യോഗികമായി അംഗീകരിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ ധനികരായ ഭൂവുടമകൾക്കെതിരായ നടത്തിയ സാഹസികമായ പ്രവർത്തികളുടെ പേരിൽ ഒട്ടേറെ നാടോടിക്കഥകളിലെ വീരനായകനായ കൊച്ചുണ്ണി സിനിമയും നാടകവും വീരഗാഥകളും നാടോടിക്കഥകളും ഉൾപ്പെടെയുള്ള ജനപ്രിയ സംസ്കാരത്തിൽ ഐതിഹാസികസ്ഥാനം നേടിയിട്ടും ഇതുവരെ സ്മാരകം ഉണ്ടായിരുന്നില്ല.
കായലോര ടൂറിസംപദ്ധതികളുടെ അനുബന്ധമായി കായൽത്തീരത്തു നിർമിച്ച ഓഡിറ്റോറിയത്തിൽ 1500 ഓളം പേർക്ക് ഇരിക്കാം. 36 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള കെട്ടിടത്തിന്റെ മേൽക്കൂര ശബ്ദത്തെ പ്രതിരോധിക്കുന്ന ആധുനികരീതിയിലുള്ള പഫ് ഷീറ്റ് കൊണ്ടാണ് നിർമിച്ചിട്ടുള്ളത് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനായിരുന്നു നിർമാണച്ചുമതല.
advertisement
കായംകുളം എംഎൽഎ യു പ്രതിഭയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 65 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയത്തിന്റെ നവീകരണം നടത്തിയത്. ഡിടിപിസി അമിനിറ്റി സെന്ററിന് സമീപം നടന്ന പരിപാടിയില്‍ യു പ്രതിഭ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ശശികല അധ്യക്ഷത വഹിച്ചു.
"പുതുക്കിയ സ്ഥലത്തിന് കൊച്ചുണ്ണിയുടെ പേര് നൽകാനുള്ള തീരുമാനത്തിന് വ്യാപകമായ പൊതുജന അംഗീകാരം ലഭിച്ചു. കഥകൾക്കും കെട്ടുകഥകൾക്കും അതീതമായി അദ്ദേഹം അംഗീകാരം അർഹിക്കുന്നു," പ്രതിഭ ന്യൂ ഇന്ത്യൻ എക്സ് പ്രസ്സിനോട് പറഞ്ഞു.
advertisement
എം.എൽ.എ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ ഈ ആശയം മുന്നോട്ടുവച്ചതോടെ സ്മാരകത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂടി.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കേരള ചരിത്രത്തിന്റെ ഭാഗമായാണ് കൊച്ചുണ്ണിയുടെ ജീവചരിത്രം അവതരിപ്പിക്കുന്നത്. കൊല്ലവർഷം 993-ാംആണ്ട് കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രി തിരുവിതാംകൂറിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കായംകുളത്തിന് അടുത്ത് കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന വീട്ടിലാണ് കൊച്ചുണ്ണി ജനിച്ചത് എന്നാണ് പറയുന്നത്.ജന്മിമാര്‍ക്ക് വേണ്ടി ചതിയിലൂടെ പിടികൂടിയ കൊച്ചുണ്ണി 1859ല്‍ ജയിലില്‍ വച്ച് മരിച്ചു.
ആൾമാറാട്ടം, കൺകെട്ട്, മായാജാലം,ആയോധനകലകൾ എന്നിവയിലെ പ്രാവീണ്യത്താൽ കൊച്ചുണ്ണിയെ നിയന്ത്രിക്കാൻ പ്രയാസമായിരുന്നു, ഒടുവിൽ ചതിയിലൂടെയാണ് പിടിക്കപ്പെട്ടത്. 1859-ൽ 41-ാം വയസ്സിൽ അദ്ദേഹം ജയിലിൽ വച്ച് മരിച്ചു. തിരുവനന്തപുരത്തെ പേട്ട ജുമാ മസ്ജിദിലെ കബറിസ്ഥാനിൽ സംസ്‌കരിച്ചതായാണ് ഐതിഹ്യം.
advertisement
മോഷണ മുതൽ തിരികെ ലഭിക്കാൻ കായംകുളം കൊച്ചുണ്ണിക്ക് കാണിക്ക
കായംകുളത്തു നിന്നും 40 കിലോമീറ്ററിലേറെ അകലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കാരംവേലിയിലാണ് കായംകുളം കൊച്ചുണ്ണിയെ ആരാധിക്കുന്നത്. ഇടപ്പാറ മലദേവർ നടയിൽ ഉപപ്രതിഷ്‌ഠയായാണ് കൊച്ചുണ്ണിയെ കുടിയിരുത്തിയിട്ടുള്ളത്. മോഷണ മുതൽ തിരികെ ലഭിക്കാനാണ് മോഷ്ടാവായ കൊച്ചുണ്ണിക്ക് കാണിക്ക വെക്കുന്നത്.
1500ലേറെ വർഷത്തെ പഴക്കമുള്ള ക്ഷേത്രത്തിലെ ഇടപ്പാറ മലയപ്പൂപ്പൻ്റെ ഉപദേവതകളിൽ പ്രധാന സ്ഥാനത്താണ് മുസ്ലിമായ കായംകുളം കൊച്ചുണ്ണിക്കും ഇരിപ്പിടം. വിളിച്ചാൽ വിളിപ്പുറത്തുള്ള ഉഗ്ര മൂർത്തിയാണ് ഇടപ്പാറ മലദേവൻ എന്ന് ഭക്തരുടെ സാക്ഷ്യം.
advertisement
മോഷണ മുതൽ തിരികെ ലഭിക്കുന്നതിനും കാണാതായ വസ്‌തുക്കൾ കണ്ടെത്തുന്നതിനുമായി നാനാഭാഗങ്ങളിൽ നിന്നും ജാതിമതഭേദമന്യേ ഭക്തർ ഇടപ്പാറമലയിലെ കായംകുളം കൊച്ചുണ്ണിയുടെ നടയിലെത്തുന്നു. പച്ചപ്പട്ടും മെഴുകുതിരിയും ചന്ദനത്തിരിയും മറ്റും സമർപ്പിച്ച് തൊഴുതാൽ ഫലം ഉറപ്പാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
കാരംവേലി, ഇലന്തൂർ, പുന്നയ്ക്കാട്, കർത്തവ്യം, കാഞ്ഞിരവേലി, ആറന്മുള, നാരങ്ങാനം എന്നീ ഏഴുകരകളെ അറിയിച്ചു നടത്തുന്ന വിഷു ഉത്സവത്തിനെത്തുന്നവരും കായംകുളം കൊച്ചുണ്ണിയുടെ അനുഗ്രഹം തേടി പ്രാർഥിച്ചുപോരുന്നു.
കൊച്ചുണ്ണി എങ്ങനെ കാരംവേലിയിലെത്തി ?
എല്ലാ മലനടകളിലേയുംപോലെ ഇടപ്പാറ മലദേവർ നടയിലും കുറവർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പ്രധാന പൂജാരിയുടെ 'ഊരാളി' സ്ഥാനം നല്‍കുന്നത്. കൊച്ചുണ്ണി എങ്ങനെ ഈ ക്ഷേത്രപരിസരത്തെത്തി എന്നതിനു പിന്നിലും ഐതീഹ്യമുണ്ട്. ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവ് പ്രശസ്‌തനായ ഇടപ്പാറ ഊരാളിയെ കൊട്ടാരത്തിൽ വിളിപ്പിച്ച് പടയണി നടത്തി. പട്ടും വളയും ധാരാളം സമ്മാനങ്ങളും നല്‍കി പറഞ്ഞയച്ചു.
advertisement
സമ്മാനങ്ങള്‍ സ്വീകരിച്ച് തിരികെ പോകുംവഴി കായംകുളം ദേശത്ത് വച്ച് കൊച്ചുണ്ണി ഇടപ്പാറ ഊരാളിയെ തടഞ്ഞു. പണം അപഹരിക്കാനായാണ് തടഞ്ഞതെങ്കിലും അവര്‍ ചങ്ങാതിമാരായി മാറി. ആ സൗഹൃദം കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്ന കാലം വരെ തുടർന്നു.
കൊച്ചുണ്ണിയുടെ മരണശേഷം കായംകുളം ദേശത്ത് നിരവധി അനിഷ്‌ട സംഭവങ്ങൾ ഉണ്ടായി. പ്രമാണിമാരുടെ അഭ്യർഥന പ്രകാരം അന്നത്തെ ഇടപ്പാറ ഊരാളി കായംകുളത്തെത്തി. മരത്തിൽ തലകീഴായി കിടന്ന കൊച്ചുണ്ണിയുടെ ആത്മാവിനെ ആവാഹിച്ച് ഇടപ്പാറ മലദേവ സ്ഥാനത്ത് കൊണ്ടുപോയി കുരിയാലയിൽ കുടിയിരുത്തി. തുടർന്ന് മലയപ്പൂപ്പന് കിട്ടുന്നത് കായംകുളം കൊച്ചുണ്ണിക്കും ലഭിക്കും എന്ന് ഊരാളി ആശിർവദിക്കുകയും ചെയ്തെന്നാണ് ഐതീഹ്യം.
advertisement
വാർത്തകളിലൂടെയും സിനിമയിലൂടെയും നവമാധ്യമങ്ങളിലൂടെയും കായംകുളം കൊച്ചുണ്ണിയുടെ കഥ പ്രശസ്‌തമായതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ ഇടപ്പാറ മലയിൽ എത്തിച്ചേരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kayamkulam,Alappuzha,Kerala
First Published :
May 22, 2025 7:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൺമറഞ്ഞ് ഒന്നരനൂറ്റാണ്ടിനു ശേഷം കായംകുളം കൊച്ചുണ്ണിക്ക് ജന്മനാട്ടിൽ സ്മാരകം