• HOME
  • »
  • NEWS
  • »
  • kerala
  • »
  • Agnipath Protest| അഗ്നിപഥ് പ്രതിഷേധം; കേരളത്തിലൂടെ ഓടുന്ന രണ്ടു ട്രെയിനുകൾ റദ്ദാക്കി

Agnipath Protest| അഗ്നിപഥ് പ്രതിഷേധം; കേരളത്തിലൂടെ ഓടുന്ന രണ്ടു ട്രെയിനുകൾ റദ്ദാക്കി

വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയേക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

  • Share this:
    തിരുവനന്തപുരം: അഗ്​നിപഥ് സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലൂ​ടെ ഓടുന്ന രണ്ട്​ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി. രണ്ട് ട്രെയിനുകളുടെ സര്‍വിസ്​ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പട്​നയില്‍നിന്ന്​ യാത്ര തുടങ്ങേണ്ട പട്​ന ജങ്ഷന്‍-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22644), സെക്കന്തരാബാദില്‍നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് ജങ്ഷന്‍-തിരുവനന്തപുരം ശബരി എക്‌സ്​പ്രസ്​ (17230) ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

    എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട എറണാകുളം-ബറൂണി ജങ്ഷന്‍ രപ്തിസാഗര്‍ എക്‌സ്​പ്രസ് (12522) ഈറോഡ് ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്​പ്രസ് ഹൈദരാബാദിന് സമീപത്തെ ചാര്‍ലപ്പള്ളി സ്റ്റേഷനിലും സര്‍വിസ് അവസാനിപ്പിച്ചു.

    അതിനിടെ അഗ്നിപഥ് പ്രതിഷേധം കേരളത്തിലും ആരംഭിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ആര്‍മി റിക്രൂട്ട്മെന്റിന് കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പ്രതിഷേധ പ്രകടനം നടന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്‌. ജസ്റ്റിസ് ഫോര്‍ ആര്‍മി സ്റ്റുഡന്‍സ് എന്ന ബാനറിന് കീഴില്‍ അണിനിരന്നാണ് സമരം. ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ മാറ്റിവെച്ചതിനെതിരെയാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ഒന്നര വര്‍ഷത്തിലേറെയായി ആര്‍മി റിക്രൂട്ട്മെന്റിന് വേണ്ടി കാത്തിരിക്കുന്നവരാണ് തങ്ങളെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു. പരീക്ഷ എഴുതുക എന്നത് തങ്ങളുടെ അവകാശമാണെന്നും അവര്‍ വ്യക്തമാക്കുന്നു. കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് മുന്നിലാണ് ആര്‍മി പരീക്ഷാര്‍ഥികളുടെ പ്രതിഷേധം അരങ്ങേറിയത്.

    അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം; ബീഹാറിൽ റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു

    പുതിയ സൈനികരെ റിക്രൂട്ട് (Army Recruitmet) ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിൻെറ അഗ്നിപഥ് (Agnipath) പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം. ബീഹാറിൽ പ്രതിഷേധക്കാർ തീവണ്ടിയുടെ ബോഗി കത്തിച്ചു. ഉത്തർപ്രദേശിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ജമ്മുവിൽ ആർമി റിക്രൂട്ട്മെൻറ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യുവാക്കളെയും പോലീസ് ലാത്തി വീശിയാണ് മാറ്റിയത്.

    ബീഹാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷവുമുണ്ടായി. യുപിയിലെ ബുലന്ദ്സഹറിലും വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബീഹാറിലെ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജ്ജിന് പുറമെ, പ്രതിഷേധക്കാരെ ഓടിക്കാൻ പോലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

    Also Read- അഗ്നിപഥ് പദ്ധതിയേക്കുറിച്ച് കേട്ടതൊക്കെ ശരിയാണോ? കേന്ദ്ര സർക്കാർ പറയുന്നതിങ്ങനെ

    17.5 വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരെ നാല് വർഷത്തേക്ക് ആർമിയിൽ എടുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. നാല് വർഷത്തേക്ക് താൽക്കാലികമായാണ് ജോലി നൽകുന്നത്. ഇതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളിൽ വലിയൊരു വിഭാഗം പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ എത്തിയിരിക്കുകയാണ്.
    Published by:Anuraj GR
    First published: